KeralaLatest NewsIndia

തൊടുപുഴയിലെ കൊല്ലപ്പെട്ട കുരുന്നിന്റെ അമ്മയെ രക്ഷിക്കാൻ നീക്കം,ഏഴുവയസുകാരന് നീതി തേടി ജസ്റ്റിസ് ഫോര്‍ ചൈല്‍ഡ് ജനകീയ കൂട്ടായ്മയുടെ പ്രതിഷേധജ്ജ്വാല

തൊടുപുഴയില്‍ ക്രൂരപീഡനത്തിനു ഇരയായി മരിച്ച കുട്ടിക്ക് മരണാനന്തര നീതി തേടിയുള്ള പ്രക്ഷോഭത്തിനു ഇപ്പോള്‍ കേരളത്തില്‍ അരങ്ങൊരുങ്ങുകയാണ്. കുട്ടികളുടെ അമ്മയുടെ അറസ്റ്റ് വൈകുന്നതിനെതിരെയാണ് പ്രതിഷേധം.കാമുകനായ അരുണ്‍ ആനന്ദ് അഴിക്കുള്ളിലായെങ്കിലും കുട്ടിയുടെ അമ്മയെ വെള്ള പൂശി രക്ഷിക്കാനുള്ള നീക്കം ഒരുഭാഗത്ത് നടക്കുന്നുവെന്നാണ് പൊതുവെയുള്ള ആരോപണം.കേസ് അട്ടിമറിക്കാനും ഉന്നതതലങ്ങളില്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും ആരോപണമുണ്ട്. ഇതിനെതിരെ ഏഴുവയസുകാരന് നീതി തേടി ജനകീയ കൂട്ടായ്മ തൊടുപുഴയില്‍ ചേരുന്നു. ജനകീയ കൂട്ടായ്മ തൊടുപുഴ ഗാന്ധി സ്‌ക്വായറില്‍ മെഴുകുതിരി കത്തിച്ചും വായ് മൂടിക്കെട്ടിയുമാണ് പ്രതിഷേധജ്വാല സംഘടിപ്പിക്കുന്നത്.

നാഷണല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെയും, ജസ്റ്റിസ് ഫോര്‍ ചൈല്‍ഡ് ഫേസ്‌ബുക് പേജിന്റെയും ആഭിമുഖ്യത്തില്‍ ആണ് പ്രതിഷേധപരിപാടി സംഘടിപ്പിക്കുന്നത്. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമൂഹിക-സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരും, സാംസ്‌കാരിക രംഗത്തിലെ പ്രമുഖരും ഈ സദുദ്യമം നെഞ്ചിലേറ്റുമെന്നാണ് പ്രതീക്ഷ.ഏപ്രില്‍ 28ന് രാവിലെ 10 മണിക്ക് തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ ചേരുന്ന പ്രതിഷേധ കൂട്ടായ്മയില്‍ ആയിരകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധജ്വാലയില്‍ അണിചേരും. സമാധാനപരമായ ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള സമരമാണ് സംഘാടകര്‍ സംഘടിപ്പിക്കുന്നത്.

മരണത്തിന് കീഴടങ്ങിയ പിഞ്ചു കുഞ്ഞിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് മെഴുകുതിരി കത്തിച്ചാണ് സംഗമം ആരംഭിക്കുക. കേരളം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത പ്രതിഷേധ കൊടുങ്കാറ്റ് തന്നെ ഉയര്‍ത്താനാണ് തീരുമാനം. നാഷണല്‍ ചൈള്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ അജോ കുടിക്കാന്‍, റിവ തോളൂര്‍ ഫിലിപ്പ്. ഷെറിന്‍ റാഫി, ലിന്റോ ജോസ് കൊന്നാണിക്കാട്ട്, അഖില്‍ ശശി , ശ്രീനാഥ് നായര്‍, വിദ്യ ശ്രീകാന്ത്, ശിഖ ബിനോയ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധജ്വാല സംഘടിപ്പിക്കുന്നത്.സ്വന്തം കുട്ടിയുടെ മരണത്തില്‍ മാത്രമല്ല സ്വന്തം ഭര്‍ത്താവിന്റെ മരണത്തിലും ആരോപണം യുവതിയുടെ നേര്‍ക്ക് ഉയരുകയാണ്.

മരിക്കുന്നതിന് തലേ ദിവസം കുട്ടിയുടെ അച്ഛന്‍ സ്വന്തം അമ്മയെ വിളിച്ചു പറഞ്ഞത് ഇതാണ്. ‘എന്റെ ബിസിനസ് നല്ല നിലയില്‍ പോകുന്നു. ഞങ്ങള്‍ വാടക വീട്ടിലേക്ക് താമസം മാറുകയാണ്-എന്നാണ് പറഞ്ഞത്. വാടക വീട്ടിലേക്ക് മാറുന്നു എന്ന് പറയുമ്പോള്‍ യുവതിയുടെ വീട്ടില്‍ നിന്ന് ഞങ്ങള്‍ താമസം മാറുകയാണ് എന്നാണ് പറഞ്ഞതിന്റെ പൊരുള്‍. വിവാഹം കഴിഞ്ഞശേഷം ദീര്‍ഘ വര്‍ഷങ്ങള്‍ കുട്ടികളുടെ അച്ഛന്‍ തങ്ങിയത് ഇവരുടെ തൊടുപുഴയുള്ള വീട്ടിലാണ്. ഈ വീട്ടില്‍ നിന്നും താമസം മാറുന്നു എന്ന് പറഞ്ഞതിന്റെ പിറ്റേ ദിവസമാണ് യുവാവ് മരണപ്പെടുന്നത്. ഹൃദയാഘാതം എന്നാണ് യുവതി പറഞ്ഞത്.

വീട് മാറി താമസിക്കാന്‍ തീരുമാനിക്കുന്ന പിറ്റെ ദിവസം തന്നെ യുവാവ് മരിച്ചത് അന്ന് തന്നെ സംശയങ്ങള്‍ക്കിടയാക്കിയിരുന്നു.യുവാവിന്റെ മൃതദേഹം നെയ്യാറ്റിന്‍കരയിലുള്ള കുടുംബവീട്ടില്‍ സംസ്‌ക്കരിക്കുകയാണ് ചെയ്തത്. യുവാവിന്റെ മരണത്തെ തുടര്‍ന്ന് സംശയങ്ങള്‍ ഉയര്‍ന്നതോടെ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടു ജഡ പരിശോധന പൊലീസിന് ആവശ്യമായി വന്നേക്കും. കാരണം കുട്ടികളുടെ അച്ഛന്റെ മരണത്തിനു പിന്നില്‍ സയനേഡ് എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. ഇത്തരം ആരോപണം ഉയരുമ്പോള്‍ പ്രതിസ്ഥാനത്ത് കുട്ടിയുടെ ‘അമ്മ തന്നെയാണ് നിലകൊള്ളുന്നത്. സ്വന്തം ഭര്‍ത്താവിന്റെ വേര്‍പാട് പിടിച്ചുകുലുക്കേണ്ട നാളുകളില്‍ തന്നെയാണ് ഇവര്‍ കാമുകന്‍ ആയ അരുണ്‍ ആനന്ദുമായി പുതിയ ജീവിതം ആരംഭിക്കുന്നത്.

ഈ താമസം തന്നെയാണ് ഏഴു വയസുകാരനുനേരെയുള്ള ക്രൂര പീഡനത്തിലും മരണത്തിലും കലാശിച്ചത്. ഈ പീഡനസമയത്ത് എല്ലാം ഈ രണ്ടു കുട്ടികളുടെയും കൂടെയുള്ളത് സ്വന്തം അമ്മ തന്നെയാണ്.അമ്മയുടെ കണ്മുന്നില്‍ വച്ചാണ് ഈ കുട്ടികള്‍ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കപ്പെട്ടത്. അതുകൊണ്ട് തന്നെയാണ് ക്രൂരതയുടെ ആള്‍രൂപമായ അരുണ്‍ ആനന്ദിനെതിരെ പോക്സോ കേസ് കൂടി വന്നത്. ക്രൂര പീഡനത്തിനും മരണത്തിനും ഇരയായ ഏഴു വയസുകാരന് ലഭിക്കേണ്ടത് മരണാനന്തര നീതിയാണ്.

ആ നീതി ലഭിക്കണമെങ്കില്‍ ഈ ക്രൂരതയ്ക്ക് അരുനിന്ന കുട്ടികളുടെ ‘അമ്മ കൂടി ശിക്ഷിക്കപ്പെടണം എന്ന ആവശ്യമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്.കുട്ടികളുടെ അമ്മയുടെ അറസ്റ്റ് വൈകിയാല്‍ പ്രക്ഷോഭവും ശക്തി പ്രാപിച്ചേക്കും. ക്രൂരപീഡനത്തിനു ഇരയായി കൊല്ലപ്പെട്ട ഏഴുവയസുകാര് നീതി തേടിയാണ് ജനകീയ കൂട്ടായ്മ തൊടുപുഴയില്‍ ചേരുന്നത്. ഇതിനു വിവിധ സോഷ്യല്‍മീഡിയാ ഗ്രൂപ്പുകളില്‍ നിന്ന് പിന്തുണയും കിട്ടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button