KeralaLatest News

പണം അപഹരിച്ച പോലീസുകാരെ കൊച്ചിയില്‍ പോലീസ് കുടുക്കിയത് ഇങ്ങനെ

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്നും പണം അപഹരിച്ച എസ്.ഐമാരെ കൊച്ചിയില്‍ പിടികൂടിയത് ശക്തമായ സുരക്ഷാ നിരീക്ഷണം ഒരുക്കി. പഞ്ചാബിലെ ലുധിയാനയില്‍ വാഹന പരിശോധനയ്ക്കിടെ പിടികൂടിയ കോടിക്കണക്കിനു രൂപ രേഖകളില്‍ ഉള്‍പ്പെടുത്താതെ കൈവശപ്പെടുത്തിയെന്ന കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന പഞ്ചാബ് പൊലീസിലെ ജൊഗീന്ദര്‍ സിംഗ്. രാജപ്രീത് സിംഗ് എന്നിവരെ കഴിഞ്ഞദിവസമാണ് പിടികൂടിയത്. ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ കീഴില്‍ സേവനം ചെയ്യുന്ന മലയാളി വൈദികര്‍ സഞ്ചരിച്ച വാഹനത്തില്‍നിന്നു പഞ്ചാബ് പൊലീസ് പിടിച്ചെടുത്ത തുകയില്‍ 6 കോടി രൂപ നഷ്ടപ്പെട്ടതായി വൈദികര്‍ പരാതി നല്‍കിയിരുന്നു. സമാന പരാതികളെത്തുടര്‍ന്നു പഞ്ചാബ് പൊലീസ് മേലധികാരികള്‍ നടത്തിയ അന്വേഷണത്തിലാണ് പട്യാല സ്വദേശികളായ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.

സുരക്ഷാ നിരീക്ഷണം ശക്തമാക്കിയതിന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടല്‍ ജീവനക്കാര്‍ക്കു പൊലീസ് പരിശീലനം നല്‍കിയിരുന്നു. താമസക്കാരുടെ സംശയകരമായ പെരുമാറ്റവും നീക്കങ്ങളും നിരീക്ഷിച്ചു പൊലീസിനു വിവരം കൈമാറാനുള്ളതായിരുന്നു പരിശീലനം. അസ്വാഭാവികമായ സാഹചര്യത്തില്‍ 2 പേര്‍ വ്യാജപ്പേരും രേഖകളും നല്‍കി ഹോട്ടലില്‍ തങ്ങുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് സിറ്റി പൊലീസ് ഫോര്‍ട്ട്‌കൊച്ചിയിലെ ഹോട്ടല്‍ പരിശോധിച്ച് 2 പേരെ കസ്റ്റഡിയിലെടുത്തത്. ഹോട്ടല്‍ ജീവനക്കാര്‍ക്ക്് കിട്ടിയ പരിശീലനത്തിന്റെ ഭാഗമായി ദിവസവും ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഫോര്‍ട്ട്‌കൊച്ചിയിലെ ഹോട്ടലില്‍ പരിശോധന നടത്തി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പിടികൂടിയത്. പഞ്ചാബ് പൊലീസിനു വിവരം കൈമാറിയപ്പോള്‍, അന്വേഷണത്തെ തുടര്‍ന്ന് ഇവര്‍ ഒളിവിലാണെന്ന സന്ദേശം ലഭിച്ചു. തുടര്‍ന്നു കസ്റ്റഡിയിലുള്ള ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ അയച്ചാണ് പേരും വിലാസവും സ്ഥിരീകരിച്ചത്.

വൈദികര്‍ സഞ്ചരിച്ചിരുന്ന വാഹനം പരിശോധിച്ച് 9.67 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തെന്നാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ മേലധികാരികള്‍ക്കു റിപ്പോര്‍ട്ട് ചെയ്ത്. എന്നാല്‍, പിറ്റേന്നു വൈദികര്‍ വാഹനത്തിലുണ്ടായിരുന്ന 16.65 കോടി രൂപയുടെ രേഖകള്‍ ഹാജരാക്കിയതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ക്രമക്കേട് പുറത്തു വരികയായിരുന്നു. പിന്നീട് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഇവര്‍ നടത്തിയ വാഹന പരിശോധനകള്‍ക്കിടയില്‍ പിടികൂടിയിരുന്ന യഥാര്‍ഥ കള്ളപ്പണത്തിന്റെ പകുതിപോലും രേഖകെളില്‍ കാണിക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്നു ബോധ്യപ്പെട്ട് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ തങ്ങിയതിന്റെ കാരണം വ്യക്തമായിട്ടില്ല. ഇവരെ സിറ്റി പൊലീസ് ഇന്നു വിശദമായി ചോദ്യം ചെയ്യും. പഞ്ചാബ് പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button