KeralaNews

കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പാളി; വേനല്‍ മഴയില്‍ 20 ശതമാനം കുറവ്

 

തൃശൂര്‍: ഏപ്രില്‍ പിന്നിടുമ്പോഴും സംസ്ഥാനത്ത് വേനല്‍ മഴയില്‍ ശാരശരിയേക്കാള്‍ 20 ശതമാനം കുറവ്. ഏപ്രില്‍ അവസാന മൂന്നു ദിവസം ഫോണി ചുഴലിയുടെ സ്വാധീനത്തില്‍ കനത്ത മഴ കേരളത്തില്‍ കാലാവസ്ഥാവകുപ്പ് പ്രവചിച്ചുവെങ്കിലും അതെല്ലാം പാളി. ചില ജില്ലകളില്‍ അങ്ങിങ്ങായി ഒറ്റപ്പെട്ട മഴയുണ്ടായതൊഴിച്ചാല്‍ ഫോണിയുടെ കാര്യമായ സ്വധീനമൊന്നും കേരളത്തില്‍ ഇതുവരെയുണ്ടായില്ല. ബുധനാഴ്ചവരെ ഫോണിയുടെ സ്വാധീനം ഉണ്ടാകുമെന്നതിനാല്‍ കടലില്‍ പോകുന്നതിനുള്‍പ്പെടെ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് നിലവിലുണ്ട്. എന്തായാലും ഇതുവരെയുള്ള അന്തരീക്ഷ ഘടകങ്ങള്‍ പരിശോധിച്ചാല്‍ വലിയ അത്ഭുതത്തിനൊന്നും സാധ്യത കാണുന്നില്ലെന്നാണ് ഒരു വിഭാഗം കാലവസ്ഥാ ഗവേഷകര്‍ പറയുന്നത്. എന്നാല്‍ മാര്‍ച്ച്, ഏപ്രിലിനെ അപേക്ഷിച്ച് മെയ് മാസത്തില്‍ വേനല്‍ മഴ ശക്തിപ്പെടുമെന്നതില്‍ സംശയമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് മാര്‍ച്ചില്‍ 37 മില്ലീമീറ്ററും ഏപ്രിലില്‍ 112 മില്ലീമീറ്ററും ഉള്‍പ്പെടെ ശരാശരി 149 മില്ലീമീറ്റര്‍ മഴയാണ് ചൊവ്വാഴ്ച വരെ കിട്ടേണ്ടത്. എന്നാല്‍ ഇതുവരെ കിട്ടിയത് 126 മില്ലീമീറ്റര്‍ മാത്രം. മാര്‍ച്ചില്‍ കാര്യമായ മഴയുണ്ടായില്ല. വിവിധ ജില്ലകളില്‍ രേഖപ്പെടുത്തിയ മഴ മില്ലീമീറ്ററില്‍ ഇപ്രകാരം: ആലപ്പുഴ59, കണ്ണൂര്‍ 19, എണാകുളം114, ഇടുക്കി105, കോഴിക്കോട്7, കൊല്ലം133, കോട്ടയം68, കോഴിക്കോട്43, മലപ്പുറം74, പാലക്കാട്96, പത്തനംതിട്ട258, തിരുവനന്തപുരം 57, തൃശൂര്‍96, വയനാട്138. ഇതില്‍ തൃശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതില്‍ വേനല്‍ മഴ ഇതുവരെ കിട്ടിയത്.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി 393 മില്ലീമീറ്റര്‍ വേനല്‍ മഴയാണ് ശരാശരി കിട്ടേണ്ടത്. ഇതില്‍ കൂടുതല്‍ മഴ കിട്ടേണ്ടത് മെയ് മാസത്തിലാണ്244 മില്ലീമീറ്റര്‍. നാട്ടിലെ വരള്‍ച്ച കുറയ്ക്കാനും കുടിവെള്ള ലഭ്യതയ്ക്കും കൃഷിക്കും ഏറെ സഹായകമാകുന്നത് വേനല്‍ മഴയാണ്. 2018ല്‍ കേരളത്തില്‍ ശരാശരിയേക്കാള്‍ 37 ശതമാനം കൂടുതല്‍ വേനല്‍ മഴ കിട്ടിയിരുന്നു. എന്നാല്‍ പല വര്‍ഷങ്ങളിലും വേനല്‍ മഴ ചതിക്കാറുമുണ്ട്. 1990നു ശേഷം ഇതുവരെ എട്ടു വര്‍ഷമാണ് കേരളത്തില്‍ മെച്ചപ്പെട്ട വേനല്‍ മഴ ലഭിച്ചത്. അതില്‍ റെക്കോഡ് 2004ലായിരുന്നു 796 മില്ലീമീറ്റര്‍. 2008ല്‍ 700 മില്ലീമീറ്ററും വേനല്‍ മഴ ലഭിച്ചു. അക്കാലത്ത് മാര്‍ച്ചില്‍ മാത്രം 300 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button