Latest NewsIndia

അയോധ്യ കേസ്; മധ്യസ്ഥചര്‍ച്ച ഫലം കണ്ടേക്കും, സുപ്രീംകോടതിയുടെ തീരുമാനങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി കേസില്‍ മധ്യസ്ഥതക്ക് സുപ്രീം കോടതി സമയം നീട്ടി നല്‍കി. മുദ്രവെച്ച കവറില്‍ മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കും.അടുത്ത മധ്യസ്ഥ ചര്‍ച്ച ജൂണ്‍ രണ്ടിന് നടക്കും. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ബാബരി മസ്ജിദ് ഭൂമി തര്‍ക്കം മാര്‍ച്ച് മാസം എട്ടാം തീയതിയാണ് സുപ്രീം കോടതി മധ്യസ്ഥ ചര്‍ച്ചക്ക് വിട്ടത്. സുപ്രീം കോടതി മുന്‍ ജഡ്ജി എ.എം ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതി ദിവസങ്ങള്‍ക്കകം തന്നെ ചര്‍ച്ച ആരംഭിച്ചു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് യു.പിയിലെ ഫൈസാബാദില്‍ രഹസ്യമായായിരുന്നു ചര്‍ച്ച നടന്നത് . കേസിലെ എല്ലാ പ്രധാന കക്ഷികളും സമിതിക്ക് മുമ്പാകെ ഹാജരായി. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കേസ് പരിഗണിക്കുന്നത്. മധ്യസ്ഥത സംബന്ധിച്ച് സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് കോടതി പരിഗണനക്ക് എടുത്തേക്കും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ എന്താണോ, അത് സുപ്രീം കോടതിക്ക് വിധിക്ക് തുല്യമായിരിക്കും എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

നിര്‍മോഹി അഖാഡ മാത്രമാണ് കേസില്‍ മധ്യസ്ഥ ചര്‍ച്ചയെ അനുകൂലിച്ച ഹിന്ദു പക്ഷത്തെ പ്രധാന കക്ഷി. എന്നാല്‍ ചര്‍ച്ചാ വേദി ഡല്‍ഹിക്ക് മാറ്റണം, വിശ്വഹിന്ദു പരിഷത്തിനെ മധ്യസ്ഥത ചര്‍ച്ചയില്‍ കക്ഷി യാക്കരുത്, വിരമിച്ച കൂടുതല്‍ ജഡ്ജിമാരെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ നിര്‍മ്മോഹി അഖാഡെ മുന്നോട്ട് വച്ചിരുന്നു. ചര്‍ച്ചക്ക് സുപ്രീം കോടതി നിയോഗിച്ച സമിതിയില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് തലവന്‍ ശ്രീ ശ്രീ രവിശങ്കര്‍ ഉള്‍പ്പെട്ടതിലും ഹിന്ദു പക്ഷത്ത് നിന്ന് തന്നെ എതിര്‍പ്പുകള്‍ ശക്തമാണ്. സുന്നി വഖഫ് ബോര്‍ഡ് അടക്കം മുസ്ലിം പക്ഷത്തെ പ്രധാന കക്ഷികള്‍ മധ്യസ്ഥ ചര്‍ച്ചയെ അനുകൂലിച്ചാണ് കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button