Latest NewsInternational

ലിബറലോ ലേബറോ? തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നു

സിഡ്‌നി : ഓസ്‌ട്രേലിയയില്‍ ഇന്ന് തെരഞ്ഞെടുപ്പ്. ലേബര്‍ പാര്‍ട്ടിക്കാരനായ മുന്‍ പ്രധാനമന്ത്രി ബോബ് ഹോക്കിന്റെ മരണത്തിനു തൊട്ടു പിന്നാലെയാണ് ഓസ്‌ട്രേലിയയില്‍ ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. നിരന്തരം നേതൃമാറ്റവും ആഭ്യന്തര കലഹവുമായി സഖ്യകക്ഷികളുടെ പിന്തുണയോടെ 6 വര്‍ഷം ഭരിച്ച ലിബറല്‍ പാര്‍ട്ടിയും അധികാരം തിരിച്ചുപിടിക്കാന്‍ ആഞ്ഞു ശ്രമിക്കുന്ന ലേബര്‍ പാര്‍ട്ടിയും നിര്‍ണായക ജനവിധി തേടുന്ന തിരഞ്ഞെടുപ്പില്‍, ജനപ്രിയ നേതാവായിരുന്ന ഹോക്കിന്റെ വിയോഗം ലേബറിന് അനുകൂല സാഹചര്യമൊരുക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. ഇന്നു രാത്രി വൈകി ആദ്യഘട്ട ഫലം പുറത്തുവരും. വോട്ടവകാശമുള്ളവര്‍ വോട്ടു ചെയ്തിരിക്കണമെന്നു നിബന്ധനയുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. വോട്ടു ചെയ്തില്ലെങ്കില്‍ പിഴയടയ്‌ക്കേണ്ടി വരും.

151 സീറ്റുള്ള പ്രതിനിധി സഭയിലും 76 അംഗ സെനറ്റിലെ 40 സീറ്റുകളിലേക്കുമാണു തിരഞ്ഞെടുപ്പു നടക്കുന്നത്. പ്രതിനിധി സഭയില്‍ 76 സീറ്റാണു ഭൂരിപക്ഷത്തിനു വേണ്ടത്. നിലവില്‍ ലിബറല്‍ പാര്‍ട്ടിയും (58 അംഗങ്ങള്‍) നാഷനല്‍ പാര്‍ട്ടി ഓഫ് ഓസ്‌ട്രേലിയയും (15 അംഗങ്ങള്‍) ചേര്‍ന്നുള്ള സഖ്യമാണ് പ്രതിനിധി സഭ നിയന്ത്രിക്കുന്നത്. ലേബറിന് 69 അംഗങ്ങളുണ്ട്. ലിബറല്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ സ്‌കോട്ട് മോറിസണ്‍ തലസ്ഥാനമായ സിഡ്‌നിയിലാണു മല്‍സരിക്കുന്നത്. ലേബര്‍ നേതാവ് ബില്‍ ഷോര്‍ട്ടന്‍ മെല്‍ബണിലും. ഇരുനേതാക്കള്‍ക്കും വലിയ ജനപ്രീതിയില്ലെന്നാണു സര്‍വേകള്‍ പറയുന്നത്. എന്നാല്‍, ഷോര്‍ട്ടനെ പ്രശംസിച്ചുള്ള തുറന്ന കത്ത് മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പു ബോബ് ഹോക്ക് പുറത്തുവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button