News

ഔചിത്യമില്ലാത്ത തമാശ പറഞ്ഞാല്‍ മിസ്റ്റര്‍ ഒബ്‌റോയ്, എല്ലാവരും ചിരിക്കണമെന്നില്ല

രാജ്യം ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ കാത്തിരിക്കുമ്പോള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില വാക്കുകള്‍ ഉപയോഗിച്ച് സോഷ്യല്‍മീഡിയയില്‍ നടത്തിയ ഒരു കമന്റിന്റെ പേരില്‍ വിവാദത്തിലായിരിക്കുകയാണ് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്. ഫലിതമായി വിവേക് ഒബ്‌റോയ് ഏറ്റെടുത്ത ആ കമന്റ് പലര്‍ക്കും അങ്ങനെ തോന്നിയില്ല. അനവസരത്തില്‍ നടത്തിയ ആ പരാമര്‍ശത്തെ വിമര്‍ഷിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തുകയും ചെയ്തിരിക്കുന്നു. അഭിപ്രായ സര്‍വേ, എക്‌സിറ്റ് പോള്‍. അന്തിമഫലം എന്നീ മൂന്ന് പദങ്ങള്‍ ഉപയോഗിച്ച് ബോളിവുഡ് താരം ഐശ്യര്യ റായിയുടെ ജീവിതത്തെ അടയാളപ്പെടുത്തി പവന്‍ സിംഗ് എന്ന ട്വിറ്റര്‍ യൂസര്‍ പങ്കുവച്ച മീം വിവേക് ഒബ്‌റോയ് റീ ട്വീറ്റ് ചെയ്യുകയായിരുന്നു.

vivek oberoi
സല്‍മാന്‍ ഖാനുമായുള്ള ബന്ധം അഭിപ്രായ സര്‍വേയും വിവേകുമായുള്ള അടുപ്പം എക്‌സിറ്റ് പോളും അഭിഷേക് ബച്ചന്റെ ഭാര്യയായത് അന്തിമഫലവുമെന്നായിരുന്നു മീം. അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്ക്കുമൊപ്പമുള്ള ചിത്രവും ഇതിനൊപ്പം ചേര്‍ത്തിരുന്നു. ഇതില്‍ രാഷ്ട്രീയമില്ലെന്നും ജീവിതമാണെന്നുമുള്ള കുറിപ്പോടെയായിരുന്നു വിവേക് ഒബ്‌റോയ് ട്വീറ്റ് പങ്കുവെച്ചത്. നടി സോനം കപൂര്‍, ഊര്‍മിള മണ്ടോത്കര്‍, ജ്വാല ഗുട്ട തുടങ്ങിയ പ്രമുഖര്‍ ട്വീറ്റിനെതിരെ രംഗത്തെത്തുകയും പരക്കെ പ്രതിഷേധം ഉയരുകും ചെയ്തപ്പോള്‍ വിവേക് ഒബ്‌റോയ് ട്വീറ്റ് നീക്കം ചെയ്ത മാപ്പു പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും എന്നാല്‍ താന്‍ തെറ്റ് ചെയ്തതായി തോന്നുന്നില്ലെന്നുമായിരുന്നു വിവേക് ഒബ്‌റോയിയുടെ ആദ്യ നിലപാട്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ വിവേക് ഒബ്‌റോയ്ക്ക് നോട്ടീസ അയച്ചിരുന്നു.

വിവേക് ഒബ്‌റോയിയെ ന്യായീകരിക്കുന്നവരെക്കാള്‍ വിമര്‍ശിക്കുന്നവരാണ് അധികമെന്നത് തീര്‍ച്ചയായും സന്തോഷകരംതന്നെ. വിവാഹിതയായി ഒരു കുട്ടിയുടെ അമ്മയായി മറ്റൊരു കുടുംബത്തില്‍ സ്വസ്ഥ ജീവിതം നയിക്കുന്ന ഒരു സ്ത്രീയും പൂര്‍വ്വകാല സംഭവങ്ങളുടെ പേരില്‍ അധിക്ഷേപിക്കപ്പെടാന്‍ പാടില്ല തന്നെ. ഐശ്യര്യ റായ് മുതല്‍ താഴേത്തട്ടിലെ ഒരു സാധാരണ സ്ത്രീയുടെ കാര്യത്തില്‍ വരെ അത് അങ്ങനെ തന്നെയായിരിക്കുകയും വേണം. അമ്മ എന്ന നിലയില്‍ ഭാര്യ എന്ന നിലയില്‍ മരുമകള്‍ എന്ന നിലയില്‍ ഐശ്യര്യയുടെ അന്തസിന് കോട്ടം തട്ടുന്ന പ്രവൃത്തിയാണ് വിവേക് ഒബ്‌റോയിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള ഐശ്യര്യയുടെ ചിത്രം ഇതിനായി ഉപയോഗിച്ചു എന്നത് അക്ഷന്തവ്യമായ തെറ്റുമാണ്.

തമാശയക്കാണ് താനത് ചെയ്തതെന്ന് ആവര്‍ത്തിക്കുന്ന വിവേക് എന്തുകൊണ്ട് സ്വന്തം കുടുംബത്തെ ഓര്‍ത്തില്ല. ഐശ്യര്യയെ പോലെ വിവേകിനും ഒരു കുടുംബമുണ്ട്. സമാധാനവും സന്തോഷവുമായി മുന്നോട്ട് പോകുന്ന കുടുംബജീവിതത്തില്‍ ഇത്തരത്തിലുള്ള അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന അലോസരം അദ്ദേഹത്തിനും ബാധകമാകുമെന്നു കൂടി ഓര്‍ക്കേണ്ടിയിരുന്നു. മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് ഫലിതം മെനയുമ്പോള്‍ ചിരിക്കുകയാണ് വേണ്ടതെന്നും അത് ഗൗരവമായി എടുക്കരുതെന്നും പറഞ്ഞു തുടങ്ങിയ വിവേക് ഒടുവില്‍ മാപ്പു പറയുക തന്നെ ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷമായി സമൂഹത്തിന്റെ താഴേത്തട്ടിലുള്ള സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും ഒരു സ്ത്രീിയോടും അപമര്യാദയായി പെരുമാറുന്നത് തനിക്ക് ചിന്തിക്കാന്‍ പോലുമാകില്ലെന്നും വിവേക് പറയുന്നുണ്ട്.

ഒരിക്കല്‍ ഹൃദയം തുറന്ന് ഒരാളെ സ്‌നേഹിച്ചിട്ടുണ്ടെങ്കില്‍ അയാളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു കാര്യവും ആ സ്‌നേഹം സത്യമായി കൊണ്ടുനടന്നിരുന്നവര്‍ക്ക് ചിവ്തിക്കാനാകില്ല എന്നതും പ്രണയ പാഠങ്ങളില്‍പ്പെടുന്നതാണ്. വിവേക് സത്യസന്ധനായ ആത്മാര്‍ത്ഥതയുള്ള ഒരു കാമുകനായിരുന്നില്ല എന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പ്രധാനമന്ത്രി നേേരന്ദ്രമോദിയുടെ ജീവചരിത്രം പറയുന്ന സിനിമയില്‍ മോദിയുടെ വേഷം അവതരിപ്പിച്ച് വീണ്ടും അഭിനയരംഗത്തേക്ക് കടന്നുവരുന്ന വേളയിലാണ് അഭികാമ്യമല്ലാത്ത നീക്കം വിവേകില്‍ നിന്നുണ്ടായത്. ബോളിവുഡില്‍ കാലങ്ങളോളം അവസരം നഷ്ടപ്പെട്ടതും ഐശ്യര്യയോട് ഇനിയും ക്ഷമിക്കാന്‍ കൂട്ടാക്കാത്ത മനസുമൊക്കെയായിരിക്കാം അന്തസില്ലാത്ത ഒരു പരാമര്‍ശത്തെ ഏറ്റെടുക്കാന്‍ വിവേകിനെ പ്രേരിപ്പിച്ചത്. എന്തായാലും ഇതൊരു പാഠമാകട്ടെ എല്ലാവര്‍ക്കും. അവസരവും ഔചിത്യവുമില്ലാതെ തമാശ പറയരുതെന്നും അതിനെ പിന്തുണയ്ക്കരുതെന്നുമുള്ള ഓര്‍മപ്പെടുത്തലായി വിവേകിന്റെ ക്ഷമാപണം സേഷ്യല്‍മീഡിയ എന്നും ഓര്‍ക്കട്ടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button