Latest NewsNewsEditorial

ഈ ലോകത്ത് ഏറ്റവും വിലപ്പെട്ടതും പവിത്രമായതും മാതൃത്വമാണ്, അതേ പവിത്രത മാതൃഭാഷയ്ക്കുമുണ്ട്: ഇന്ന് ലോക മാതൃഭാഷാ ദിനമായി ആഘോഷിക്കപ്പെടുമ്പോള്‍

ഭാഷ മാതാവിന്‌ തുല്യമെന്ന് പറഞ്ഞത് ‌ രവീന്ദ്രനാഥ ടാഗോറാണ്. അപ്പോൾ മാതൃഭാഷയുടെ വൈകാരികശക്‌തി മറ്റൊരു ഭാഷയ്‌ക്കും ഉണ്ടാവുകയില്ലെന്ന് ഏതാനും വരികളിലൂടെ ഊട്ടി ഉറപ്പിക്കുകയായിരുന്നു നമ്മുടെ മഹാകവിയായ വള്ളത്തോൾ.

‘മിണ്ടിത്തുടങ്ങുവാന്‍ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്‍മേല്‍ അമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുതൊന്നാമതായ്‌
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യന്‌ പെറ്റമ്മ തന്‍ ഭാഷതാന്‍…’

ഈ ലോകത്ത്‌ ഏറ്റവും വിലപ്പെട്ടതും പവിത്രമായതും മാതൃത്വമാണ്‌. അതേ പവിത്രത മാതൃഭാഷയ്ക്കുമുണ്ട്. സംസ്‌ക്കാരത്തിന്റെ പൊക്കിള്‍ക്കൊടി ബന്ധമാണ്‌ ഭാഷ. മാതൃഭാഷ ഏതൊരു വ്യക്തിയുടേയും വ്യക്തിത്വത്തിന്റെ ഭാഗം കൂടിയാണ്. ജന്മം സ്വീകരിച്ച് വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ ഒരാൾക്ക് സർവ്വതിനേയും വിവേചിച്ചറിയാനും, തരം തിരിച്ചു മനസ്സിൽ സൂക്ഷിക്കാനും അടിസ്ഥാനമാക്കുന്നത് തന്റെ മാതൃഭാഷയിലൂടെയാണ്. അതിലുപരി, ഇദം പ്രഥമമായി തന്റെ മാതാപിതാക്കളെ അഭിസംബോധന ചെയ്യാനുപയോഗിച്ച ഭാഷ. ആദ്യമായി ഈശ്വരനെ മനസ്സിലാക്കാനും, അഭിസംബോധന ചെയ്യാനുമുപയോഗിച്ച ഭാഷ. അതിന്റെ പവിത്രതയും, സ്ഥാനവും ഓരോ വ്യക്തിയെ സംബന്ധിച്ചും മഹത്വമാർന്നതാണ്.

ലോക മാതൃഭാഷാദിനമായി യുനെസ്കോ തിരഞ്ഞെടുത്തത് ഫെബ്രുവരി 21 ആണ്.
1952-ല്‍ കിഴക്കന്‍ പാക്കിസ്‌ഥാനില്‍ ഉറുദു അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടന്ന സമരത്തില്‍ ധാക്കാ സര്‍വ്വകലാശാലയിലെ നാല്‌ വിദ്യാര്‍ത്ഥികള്‍ രക്‌തസാക്ഷികളായി. അവരുടെ രക്‌തസാക്ഷിദിനമായ ഫെബ്രുവരി 21 ലോക മാതൃഭാഷാദിനമായി യുനെസ്‌കോ പ്രഖ്യാപിച്ചത്‌.

മലയാളിയെ സംബന്ധിച്ചിടത്തോളം പ്രൗഢവും, സമ്പന്നവുമായ ഒരു ഭാഷയുടെ അനുഗ്രഹം സിദ്ധിച്ചവരാണ് നമ്മൾ.
നമ്മുടെ ഭരണഭാഷകൂടിയായ മലയാളത്തിന്റെ പ്രസക്തി പക്ഷേ ഇന്ന് നമ്മുടെ ജീവിത വ്യവഹാരങ്ങളിൽ കുറഞ്ഞു വരുന്നതായി ഒരു മിഥ്യാബോധം പലർക്കുമുണ്ട്. അത് സ്വന്തം സ്വത്വത്തോടു തന്നെ നാം മുഖം തിരിഞ്ഞു നിൽക്കുന്നതിനു തുല്യമാണെന്നു പറയാതെ വയ്യ. വളർച്ചയുടെ ഘട്ടങ്ങളിൽ നാം സ്വായത്തമാക്കുന്ന മറ്റേതൊരു ഭാഷയിൽ സംവദിച്ചാലും നമ്മുടെ തലച്ചോർ സ്വന്തം മാതൃഭാഷയിൽത്തന്നെയാണ് വിവരങ്ങൾ രേഖപ്പെടുത്തുകയെന്ന മനഃശ്ശാസ്ത്രസത്യം തന്നെ, മാതൃഭാഷ നമ്മിലുളവാക്കിയിട്ടുളള അനുപേക്ഷണീയവും, അനിഷേദ്ധ്യവുമായ സ്വാധീനത്തെ വ്യക്തമാക്കുന്നുണ്ട്.

മലയാളത്തെ ഒഴിവാക്കി ആംഗലേയഭാഷയെ പുൽകുന്നത് അഭിമാനമായി കണക്കാക്കുന്ന ഒരു തലമുറ; അവർ വരും തലമുറകളോടു ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണ് അതെന്നത് നിസ്തർക്കമാണ്.
ഭാരതത്തിലെ മറ്റേതൊരു ഭാഷയുമെന്നതു പോലെ തന്നെ, ഒരു പക്ഷേ പല ഭാഷയേക്കളുമുപരി പ്രൗഢവും, വിശാലവുമായ ഒരു സാംസ്കാരിക-സാഹിത്യ സമ്പത്തിന്റെ രത്നാകരം കൂടിയാണ് മലയാളം. ഭാഷാപിതാവായ എഴുത്തച്ഛൻ തുടങ്ങി വച്ച ഭക്തിപ്രസ്ഥാനവും, അതു വഴിയായി ഭാഷയ്ക്കു ലഭ്യമായ അതിബൃഹത്തായ സാഹിത്യസമ്പത്തും ഭാഷയുടെ ആത്മശക്തിയായിക്കൂടി നിലനിൽക്കുന്നു. എന്നിട്ടുപ്പോലും ആ ഭാഷയെ വേണ്ടരീതിയിൽ വന്ദിക്കുവാൻ ഇളം തലമുറയെ നമ്മൾ പ്രാപ്തരാക്കുന്നുണ്ടോ?

ഭാഷയിലുള്ള നൈപുണ്യം ആംഗലേയത്തിൽ മാത്രം നേടാന്‍ ഇന്ന് എല്ലാവരും പരക്കം പായുകയാണ്. ജനിക്കുമ്പോള്‍ തന്നെ ഈ ഭാഷാ പ്രാവീണ്യം നേടാന്‍ ഭാര്യയുടെ പ്രസവം ഇംഗ്ലണ്ടിലാക്കാന്‍ കൊതിക്കുന്ന അഭിനവ മലയാളിക്ക് വള്ളത്തോളെന്ന കവിയുടെ ചിന്തകള്‍ വെറുമൊരു നേരമ്പോക്ക് മാത്രം! ഒരു വിദേശഭാഷയില്‍ കുറച്ച്‌ കാര്യങ്ങള്‍ പഠിച്ച്‌ സര്‍വ്വകലാശാലാ ബിരുദം കരസ്‌ഥമാക്കിയാല്‍ അഭ്യസ്‌ഥവിദ്യരായി എന്നു കരുതുന്നതിലെ നിരര്‍ത്ഥകത സ്വാമി വിവേകാനന്ദന്‍ ചൂണ്ടിക്കാണിച്ചത്‌ മലയാളികള്‍ ഓര്‍ക്കേണ്ടതാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button