Latest NewsUAEGulf

അനധികൃതമായി സിം കാര്‍ഡുകള്‍ വിതരണം ചെയ്ത മൂന്ന് പേര്‍ അറസ്റ്റില്‍

ദുബായ്: അനധികൃതമായി സിം കാര്‍ഡുകള്‍ വിതരണം ചെയ്ത് സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ചതിനെ തുടര്‍ന്ന് മൂന്ന് അംഗസംഘം ദുബായിയില്‍ അറസ്റ്റിലായി. ദുബായ് ക്രിമിനല്‍ കോടതിയില്‍ ഇവര്‍ വിചാരണ നേരിടുകയാണ്.

കേസില്‍ അറസ്റ്റിലായവരില്‍ ഒരാള്‍ മൊബൈല്‍ കടയുടെ ഉടമയാണ്. ഇയാള്‍ ഉപഭാക്താക്കളുടെ അറിവില്ലാതെ വ്യാജ സിം കാര്‍ഡുകള്‍ നിര്‍മ്മിച്ച് നല്‍കുകയായിരുന്നുവെന്ന് ഇമാറാത്ത് അല്‍ യൂം റിപ്പോര്‍ട്ട് ചെയ്തു. ദുബായിയില്‍ ജോലിചെയ്യുന്ന ഒരു ആഫ്രിക്കന്‍ തൊഴിലാളിയാണ് കേസിലെ പ്രധാന സാക്ഷി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്തപ്പോള്‍ താന്‍ ആശ്ചര്യപ്പെടുകയാണുണ്ടായതെന്ന് ഇദ്ദേഹം പറഞ്ഞു. പുതിയ സിം കാര്‍ഡ് വാങ്ങാന്‍ ജബല്‍ അലിയിലെ ഒരു കടയില്‍ താന്‍ പോയതായും സാക്ഷി പറഞ്ഞു. എമിറേറ്റ് ഐഡിയുടെ പകര്‍പ്പും വിരലടയാളവും അവര്‍ എടുത്തു. എന്നാല്‍ സിസ്റ്റം കേടാണെന്നും അതിനാല്‍ ഇപ്പോള്‍ സിം കാര്‍ഡ് എടുക്കാന്‍ കഴിയുന്നില്ലെന്നും കച്ചവടക്കാരന്‍ പറഞ്ഞു. പിന്നീട് തന്റെ അറിവോ സമ്മതമോ കൂടാതെ തന്റെ പേരില്‍ കടയുടമ മറ്റൊരാള്‍ക്ക് സിം കാര്‍ഡ് നല്‍കിയതായി ഇയാള്‍ കണ്ടെത്തുകയായിരുന്നു. ഇങ്ങനെ വിതരണം ചെയ്യുന്ന സിം സാമ്പത്തിക തട്ടിപ്പിനായാണ് ഉപയോഗിച്ചിരുന്നത്.

എന്നാല്‍ ഒരു അറബ് സ്വദേശി ഈ മൂന്ന് അംഗസംഘത്തിന്റെ തട്ടിപ്പിനിരയായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു ടെലികമ്യൂണിക്കേഷന്‍ കമ്പനിയുടെ പേരില്‍ വിളിച്ച തട്ടിപ്പുകാരന്‍ തങ്ങളുടെ സമ്മാന പദ്ധയില്‍ 200,000 ദിര്‍ഹത്തിന്റെ സമ്മാനം നേടിയെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ സമ്മാനത്തുക കൈപ്പറ്റണമെങ്കില്‍ ഫോണില്‍ 600 ദിര്‍ഹത്തിന്റെ പ്രീ പെയ്ഡ് ബാലന്‍സ് ഉണ്ടാവണമെന്ന് അവശ്യപ്പെട്ടു. കൂടാതെ എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പും കൈമാറണമെന്ന് അറിയിക്കുകയായിരുന്നു. തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടപോലെ പണവും രേഖകളും ഇയാള്‍ നല്‍കി. എന്നാല്‍ വീണ്ടും 2,500 ദിര്‍ഹം കൂടി ആവശ്യപ്പെട്ട് പ്രതി വിളിച്ചു. ഇതോടെ സംശയം തോന്നിയ ഇയാള്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു. ഇതോടെ കമ്പനിയുടെ മാനേജര്‍ ആണെന്ന് വെളിപ്പെടുത്തി മറ്റൊരാള്‍ വിളിച്ചു. ഇയാള്‍ 4,500 ദിര്‍ഹമാണ് ആവശ്യപ്പെട്ടത്. പിന്നീട് 8,500 ദിര്‍ഹം കൂടി ഇയാള്‍ അവശ്യപ്പെട്ട പ്രകാരം നല്‍കി. പിന്നീട് അതൊരു ഫോണ്‍ തട്ടിപ്പായിരുന്നെന്ന് മനസിലാക്കി പണം തിരികെ ചോദിച്ചുവെങ്കിലും പിന്നീട് പ്രതികള്‍ തന്റെ ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കിയില്ലെന്ന് തട്ടിപ്പിനിരയായ ആള്‍ പറയുന്നു. ഒരു ദിവസം 400 സിം കാര്‍ഡുകള്‍ വരെ ഇത്തരത്തില്‍ വിതരണം ചെയ്തതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button