Latest NewsKerala

കുട്ടിയുണ്ടായതിനു ശേഷം താലി കെട്ടുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ മണിയടിയെന്ന രമേശ് ചെന്നിത്തല

തിരുവനന്തപുരം: മസാല ബോണ്ട് വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ടിൽ സര്‍ക്കാര്‍ നടപടികളിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ കൂട്ട് നിന്നതെന്നും കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായ ശേഷം താലികെട്ടുന്നത് പോലെയാണ് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മുഖ്യമന്ത്രിയുടെ മണിയടിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

എസ് എൻ സി ലാവ്ലിൻ കമ്പനിയിൽ സി ഡി പി ക്യുവിന് 20 ശതമാനം ഷെയർ ഉണ്ട്. ലാവ്ലിന്‍റെ പ്രതിരൂപമാണ് സിഡിപിക്യു. ലാവ്ലിൻ കമ്പനിയെ സഹായിക്കാൻ മുഖ്യമന്ത്രിക്ക് എന്ത് പ്രതിബദ്ധതയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. മസാല ബോണ്ടിനെ കുറിച്ച് ഇന്ന് നിയമസഭയിൽ നടന്ന പ്രത്യേക ചര്‍ച്ചയിലാണ് പ്രതിപക്ഷ നേതാവ് തന്റെ അഭിപ്രായങ്ങൾ പറഞ്ഞത്.

തനിക്ക് കയറിൽ ഡോക്ടറേറ്റില്ലെങ്കിലും. സാമ്പത്തിക ശാസ്ത്രം പഠിച്ചാണ് ബിരുദം നേടിയത്. പ്രതിപക്ഷ നേതാവായ തന്നെ വിഡ്ഢിയെന്നും മണ്ടനെന്നുമാണ് ധനമന്ത്രി വിളിച്ചത്. ഇത് നിലവാരമില്ലാത്ത പ്രസ്ഥാവനയാണെന്നും രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. മുൻപൊരിക്കലും ഒരു പ്രതിപക്ഷ നേതാവിനെ ഒരു ധനമന്ത്രി ഇങ്ങനെ അഭിസംബോധന ചെയ്തിട്ടുണ്ടാകില്ല. സംസ്ഥാനത്തെ പണയപെടുത്തിയ ധനമന്ത്രിയായി ഐസക്ക് മാറുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മസാല ബോണ്ടിലെ വ്യവസ്ഥകൾ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് കാരണമാകുമെന്നും അതുകൊണ്ട് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടതനുസരിച്ചാണ് സഭയിൽ പ്രത്യേക ചര്‍ച്ച ആകാമെന്ന് സര്‍കാരും തീരുമാനിച്ചത്.

കക്ഷി നേതാക്കളെല്ലാം വിഷയത്തിന്മേലുള്ള ചര്‍ച്ചയിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രയെക്കുറിച്ചും സ്റ്റോക് എക്സചേഞ്ചിൽ മണി മുഴക്കിയതുമെല്ലാം വലിയ വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കുകയും ചെയ്ത സാഹചര്യത്തിൽ ഇക്കാര്യത്തിലെ മുഖ്യമന്ത്രിയുടെ അടക്കം പ്രതികരണങ്ങൾ സഭയിൽ എന്താകുമെന്ന് വരും ദിവസങ്ങളിൽ അറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button