Latest NewsKerala

ഇതാണ് യഥാര്‍ത്ഥ മതമൈത്രി; 26-ാം നോമ്പിന് പള്ളിയില്‍ ഇഫ്താര്‍ വിരുന്നൊരുക്കുന്ന ഹിന്ദു കുടുംബം

കായംകുളം: വിശുദ്ധ റമദാനിലെ മഹത്വം നെഞ്ചിലേറ്റി മുസ്ലിം സഹോദരങ്ങള്‍ക്കായി നോമ്പുതുറയൊരുക്കുന്ന ഒരു ഹിന്ദു കുടുംബം.വളളിക്കുന്നം കടുവിനാല്‍ മുസ്ലിം ജമാ അത്ത് പള്ളിയിലാണ് ഈ അപൂര്‍വ്വ മതസൗഹാര്‍ദ്ദത്തിന് എല്ലാ വര്‍ഷവും വേദിയൊരുങ്ങുന്നത്. നൂറ് വര്‍ഷമായി പതിവ് തെറ്റാതെ വള്ളികുന്നം വലിയ വിളയില്‍ കുടുംബാംഗങ്ങളാണ് 26-ാം നോമ്പിന് ഇഫ്താര്‍ വിരുന്നൊരുക്കുന്നത്.

നൂറ് വര്‍ഷം മുമ്പ് വലിയ വിളയില്‍ എന്ന ഈഴവ കുടുംബത്തിലെ കാരണവരായ വെളുത്ത കുഞ്ഞ് ജോലികഴിഞ്ഞു വരുമ്പോള്‍ നോമ്പുതുറയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കടുവിനാല്‍ പളളിയില്‍ കമ്മിറ്റിയുടെ യോഗം നടക്കുകയായിരുന്നു. വിശ്വാസികളില്‍ നിന്ന് കാര്യം മനസിലാക്കിയ കാരണവര്‍ 26ന് നോമ്പ് തുറ താന്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് നൂറ് വര്‍ഷത്തിലധികമായി മഹത്തായ ഇരുപത്തിയാറാം നോമ്പുതുറ വലിയ വിളയില്‍ കുടുംബം മുറ തെറ്റാതെ നടത്തി വരുകയാണ്. വെളുത്ത കുഞ്ഞിന്റെ മരണശേഷം പിന്നീട് തലമുതിര്‍ന്ന കാരണവന്മാരും, പുതിയ തലമുറയും നോമ്പുതുറ മുടക്കാതെ ഒരുക്കി വരികയാണ്. പുതിയ തലമുറയില്‍ പെട്ട പ്രകാശും, പ്രസന്നനും മുതിര്‍ന്ന അംഗങ്ങളും ചേര്‍ന്നാണ് ഇത്തവണ ഇഫ്താര്‍ ഒരുക്കിയത്.

നോമ്പുതുറ ദിവസമായ 26ന് രാവിലെ തന്നെ ആവശ്യമായ സാധനങ്ങള്‍ പള്ളിയില്‍ എത്തിക്കുകയും ഇവിടെ വെച്ച് പാചകം ചെയ്ത് ആഹാരം വിതരണം ചെയ്യുകയും ചെയ്യുന്നതാണ് പതിവ്. വൈകുന്നേരം നോമ്പുതുറക്കുന്ന സമയമാകുമ്പോള്‍ നാട്ടിലെ നാനാജാതി മതസ്ഥരും പള്ളിയില്‍ എത്തി നോമ്പ് തുറയില്‍ പങ്കെടുക്കും. വലിയ വിളയിലെ കുടുംബാംഗങ്ങളെല്ലാം അന്നേ ദിവസം നോമ്പ് തുറയില്‍ പങ്കെടുക്കാന്‍ എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button