Latest NewsHealth & Fitness

ഇന്ന് ലോക പുകയില വിരുദ്ധ ദിനം; പുകവലി നിര്‍ത്താന്‍ ഇതാ ചില മാര്‍ഗങ്ങള്‍

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ മെയ് 31ഉം ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകവലിയുടെ ദൂഷ്യവശങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് പുകവലിക്കുന്നവര്‍ മാത്രമല്ല അവര്‍ക്ക് ചുറ്റുമുള്ളവര്‍ കൂടിയാണെന്ന സന്ദേശം കൂടിയാണ് ഓരോ പുകയില വിരുദ്ധ ദിനവും നമുക്ക് പകര്‍ന്നു നല്‍കുന്നത്. ഇന്ത്യയിലെ യുവാക്കളില്‍ നാല്‍പ്പത് ശതമാനത്തോളം പേര്‍ ഇത്തരം നിഷ്‌ക്രിയ പുകവലിക്ക് ഇരയാകേണ്ടി വരുന്നുവെന്നാണ് കണക്കുകള്‍.

എത്ര ശ്രമിച്ചിട്ടും പുകവലി നിര്‍ത്താന്‍ കഴിയുന്നില്ല എന്ന് പറയുന്നവരുണ്ട്. ചിലപ്പോള്‍ പുകവലിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും പുറത്തുകടക്കാന്‍ അവരും ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ട് നടക്കാതെ വരുന്നതിനാലാകാം ഇങ്ങനെ പരാതി പറയുന്നത്. പുകവലി കുറയ്ക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍. പുകവലിക്കാന്‍ തുടങ്ങിയതിന്റെ കാരണത്തെ തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. പലപ്പോഴും പരിഹരാക്കാന്‍ കഴിയുന്ന കാരണമായിരിക്കും പുകവലിയിലേക്ക് നയിക്കുന്നത്. ഇത് കണ്ടെത്തി പരിഹരിച്ചാല്‍ തന്നെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും പുകവലി ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യും.

പുകവലിയെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ് പുകവലിവിരുദ്ധരുടെ കൂടെ ചേരുന്നതാണ്. അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കാലക്രമേണ മനസ്സില്‍ പതിയുന്നത് പിന്നീട് ഈ ശീലത്തെ മറക്കാനുള്ള ഒരു വഴിയാകും. പുകവലി നിര്‍ത്തുകയാണെന്ന് പ്രതിജ്ഞയെടുക്കുന്നതോടൊപ്പം അതിനായി മനസ്സുകൊണ്ട് തയ്യാറെടുക്കുകയും വേണം. എന്നാല്‍ മാത്രമെ പരിശ്രമം കൊണ്ട് ഫലമുണ്ടാവുകയുള്ളു. പുകവലി നിര്‍ത്തും എന്ന തീരുമാനത്തില്‍ നിന്നും പിന്നീട് ഒരു കാരണവശാലും വ്യതിചലിക്കാന്‍ പാടില്ല.

അവനവനെക്കുറിച്ചുള്ള ചിന്തയാണ് മനുഷ്യനെ പല കാര്യങ്ങള്‍ ചെയ്യാനും ചെയ്യാതിരിക്കാനും പ്രേരിപ്പിക്കുന്നത്. പുകവലി നിര്‍ത്താനും ഇതൊരു മാര്‍ഗ്ഗമായി സ്വീകരിക്കാം. തന്നെക്കുറിച്ചും, തന്റെ ചുറ്റുപാടുകളെക്കുറിച്ചും നിരന്തരമായി ചിന്തിച്ചുകൊണ്ടിരിക്കുക. പുകവലിയുടെ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരാകുക. പുകവലി നിര്‍ത്താന്‍ കുടുംബത്തില്‍ നിന്നുള്ള പ്രേരണയും സാഹായവും ഉണ്ടാകുന്നതും ഏറെ ഗുണം ചെയ്യും.

മിക്കവരും മാനസ്സിക സമ്മര്‍ദത്തെ കുറയ്ക്കാനാണ് പുകവലി ശീലമാക്കുന്നത്. എന്നാല്‍ മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടുന്നത് നല്ലതാണ്. ബോളുകള്‍ കയ്യില്‍ വച്ചു മസ്സാജുചെയ്യുന്നതും, ദീര്‍ഘശ്വാസമെടുക്കുന്നതും, ശരീരത്തില്‍ മസ്സാജ് ചെയ്യുന്നതും സമ്മര്‍ദം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്. ഒപ്പം യോഗ, മെഡിറ്റേഷന്‍ എന്നിവ ശീലമാക്കാം. പുകവലി ഉപേക്ഷിക്കാന്‍ നിങ്ങള്‍ക്കനുയോജ്യമായ മാര്‍ഗ്ഗമേതെന്ന് അറിയാന്‍ വിദഗ്ധരുടെ ഉപദേശം തേടുന്നതും നല്ലതാണ്. പുകവലി ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന വൈകാരികമാറ്റങ്ങള്‍ നിയന്ത്രിക്കാനും ഡോക്ടര്‍മാരുടെ സേവനം തേടുന്നതും നല്ലതാണ്. പുകവലിക്കണമെന്ന് തോന്നുമ്പോള്‍ ബദല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് ചിന്തിച്ചുതുടങ്ങാം. പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം എന്നിവയിലേതെങ്കിലും കഴിക്കാം. ദിവസങ്ങള്‍ കഴിയുമ്പോള്‍ പുകവലിയോടുള്ള ആസക്തി കുറഞ്ഞ് വരുന്നതായി കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button