KeralaLatest News

ദുരൂഹതയൊഴിയാതെ ബാലഭാസ്‌കറിന്റെ മരണം; അഴിയാക്കുരുക്കുകള്‍ ചോദ്യചിഹ്നമാകുന്നു

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രകാശ് തമ്പിയെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സ്വര്‍ണകടത്ത് കേസില്‍ പിടിയിലായി കാക്കനാട് ജയിലില്‍ കഴിയുകയാണ് ഇയാള്‍.

അതേസമയം ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയേറുകയാണ്. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണിയും അപകട സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ചിലരെ കണ്ടുവെന്ന് കലാഭവന്‍ സോബിയും വെളിപ്പെടുത്തിയിരുന്നു. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച്.

ഡിആര്‍ഐയുടെ കസ്റ്റഡിയിലുള്ള പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി ഹരികൃഷ്ണന്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രകാശ് തമ്പിയുടെ മൊഴിയെടുക്കാന്‍ കോടതി അനുവദിച്ചത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ കൊല്ലത്തെ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത് എന്തിന്, ബാലഭാസ്‌കറുമായുള്ള സാമ്പത്തിക ബന്ധം, ബാലഭാസ്‌കറിന്റെ മരണശേഷം മൊബൈല്‍ ഫോണ്‍ ക്രെഡിറ്റ് കാര്‍ഡ് എന്നിവ ആരാണ് കൈകാര്യം ചെയ്തത് എന്നത് സംബന്ധിച്ചാകും പ്രകാശ് തമ്പിയില്‍ നിന്ന് മൊഴിയെടുക്കുക. അതേസമയം നിര്‍ണായക തെളിവായ സിസിടിവി ദൃശ്യങ്ങള്‍ ആരും കൊണ്ടുപോയിട്ടില്ലെന്ന് കൊല്ലത്തെ ജൂസ് കടക്കാരന്‍ മൊഴിമാറ്റിയത് ഭീഷണിയെ തുടര്‍ന്നാകാം എന്നാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി പറയുന്നത്. ഈ ദൃശ്യങ്ങള്‍ പ്രകാശ് തമ്പി കൊണ്ടുപോയി എന്നായിരുന്നു ക്രൈംബ്രാഞ്ചിനോട് ജൂസ് കടക്കാരന്‍ ഷംനാദ് ആദ്യം പറഞ്ഞത്. പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇയാള്‍ ഇത് നിഷേധിക്കുകയായിരുന്നു.

അതേസമയം, അപകടം നടന്ന പള്ളിപ്പുറത്തെ സ്ഥലം ഒരുകൂട്ടം ആളുകളുടെ നിയന്ത്രണത്തിലായിരുന്നു എന്ന് കലാഭവന്‍ സോബി പറഞ്ഞിരുന്നു. സംഭവ സ്ഥലത്ത് നിന്ന് രണ്ട് പേര്‍ ദുരൂഹസാഹചര്യത്തില്‍ ഓടി പോകുന്നത് കണ്ടു എന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയ സാക്ഷിയാണ് സോബി. അതിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ അസമിലേക്ക് കടന്നതായും ക്രൈം ബ്രാഞ്ചിന് വിവരം കിട്ടി. ഇതും ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button