Latest NewsIndiaWriters' Corner

മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത ഹീറോ പേന എന്ന ചൈനീസ് സുന്ദരിയ്ക്കും പറയാനുണ്ട് ഒരുപാട് നൊമ്പരങ്ങളുടെയും സന്തോഷത്തിന്റെയും അനുഭവ കഥകൾ

നല്ല കൈയക്ഷരം എന്നു പലരും പറഞ്ഞത് കേട്ട് സ്വകാര്യ അഹങ്കാരം ആയി കൊണ്ട് നടന്നവ ഇന്ന് അപരിചിതനെ പോലെ എന്നിൽ നിന്നും അകന്നു നിൽക്കുന്നു.

കാലം മനസ്സിന്റെ ഉൾഭിത്തികളിൽ എവിടെയോ ചിതറി തെറിപ്പിക്കുന്ന മറവിയുടെ ചില മഷിപ്പാടുകൾ ഉണ്ട്.ചില വസ്തുക്കൾ കാണുമ്പോൾ നമ്മൾ പോലും അറിയാതെ ആ ഉണങ്ങിപ്പിടിച്ച നരച്ച മഷി പാടുകളിൽ ഓർമയുടെ നിറങ്ങൾ പടരും.ഗൃഹാതുരത്വത്തിന്റെ ഏടുകളുടെ വീണ്ടെടുക്കലിൽ മലയാളിക്ക് മറക്കാനാകാത്തതാണ് ഹീറോ പേന എന്ന ചൈനീസ് സുന്ദരിയെ.

ഗൾഫ് കാലം മലയാളിയുടെ സ്വപ്നങ്ങൾക്കും നിറങ്ങൾ ചാർത്തി തുടങ്ങിയതോടെയാകാം ഈ സുന്ദരിയും ഇവിടെ പ്രത്യക്ഷപ്പെട്ടത്. സ്വർണ്ണ നിറമാർന്ന അടപ്പ് മാറ്റിയാൽ നിബ്ബിനോട് ചേർന്നു സ്വർണ്ണ നിറത്തിലെ ആരോ മാർക്ക് ഇട്ട സുന്ദരി പേന.നടുവിൽ തുറന്നു ചെൽപാർക്കിന്റെയും ബ്രില്ലിന്റെയും മഷി കുപ്പിയിൽ നിന്നു ഫില്ലർ കൊണ്ട് വലിച്ചെടുത്തു തുള്ളി തുള്ളി ആയി ഉൾഭാഗം നിറയ്ക്കണം.തലേ ദിവസം ടൈം ടേബിൾ നോക്കി അടുക്കി കഴിഞ്ഞാൽ പിന്നെ പ്രധാന പണി ആയിരുന്നു ഇതും.ചിലപ്പോൾ മഷി ലീക്ക് ആയി ജോമെട്രി ബോക്‌സും ഷർട്ടിന്റെ പോക്കറ്റിലും നിറയെ മഷിപ്പാടുകൾ പടർന്നിരുന്നു.

കാലം പുരോഗമിചതോടെ ഫില്ലറിനെ നമ്മൾ കൈയൊഴിഞ്ഞു.അകത്തുള്ള സ്റ്റീൽ ബാർ പ്രെസ് ചെയ്തു വായു പുറം തള്ളി പ്ലാസ്റ്റിക് ടൂബിലേയ്ക്ക് നിബ്ബ് വഴി മഷി വലിച്ചെടുക്കാൻ തുടങ്ങി.അതോടെ നടുഭാഗം ലീക്കാകുന്നതിനു പരിഹാരം ഉണ്ടായെങ്കിലും നിബ്ബ് ചിലപ്പോഴൊക്കെ ചതിച്ചിരുന്നു.

റീഫിൽ പേനകൾ വന്നതോടെ ഹീറോ പേന പതിയെ ജോമെട്രി ബോക്‌സിൽ നിന്നും മേശയുടെ ഉൾ വശത്ത് ഒതുങ്ങി.പിന്നെയെപ്പോഴോ മഷിക്കുപ്പികൾ മേശപുറത്ത് നിന്നും അപ്രത്യക്ഷമായി, പേനകൾ പതിയെ കാലത്തിന്റെ പിന്നാമ്പുറങ്ങളിൽ എവിടെയോ നഷ്ടമായി.റെയ്നോൾഡ്‌സ് പോലെയുള്ള പേനകൾ വിപണിയിൽ വന്നതോടെ ഹീറോ പേനകൾ ഓർമയുടെ പടിയുമിറങ്ങി.

ഹീറോ പേനയിൽ മഷി തീരുമ്പോൾ കൂട്ടുകാരന്റെ പേനയിൽ നിന്നും ചരിച്ചൊഴിച്ചും നിബ്ബ് ചേർത്ത് വച്ചു വലിച്ചെടുത്തും സാറിന്റെ ചൂരലിന് ഇരയാകാതെ കാത്ത നന്മ മരങ്ങൾ ഉണ്ടായിരുന്നു..മഴയത്ത് കുട നിവർത്താതെ സ്‌കൂൾ വിട്ട് നനഞ്ഞു ഉല്ലസിച്ചു വീട്ടിലെത്തുമ്പോൾ മഷി പടർന്ന നോട്ട് ബുക്ക് ആരും കാണാതെ ഒളിപ്പിക്കാത്തവരും ചുരുക്കമായിരിക്കും.ഉപകാരങ്ങൾക്ക് പകരമായി ‘നിന്റെ ഹീറോ പേനയൊന്നു എഴുതാൻ തരുമോയെന്നു’ചോദിക്കുന്ന നിഷ്കളങ്ക ബാല്യം നമുക്കുണ്ടായിരുന്നു.

കൊല്ല പരീക്ഷയുടെ അവസാനം കൂട്ടുകാരന് ഓർമയുടെ മധുരം നൽകാൻ മഷി കുടഞ്ഞു കുളിപ്പിക്കുന്ന സംസ്കാരം ആര് കണ്ടു പിടിച്ചതാണെങ്കിലും അതിലെ പ്രധാന ആയുധം ഹീറോ പേനകൾ ആയിരുന്നു.ചരിച്ചൊന്നു വീശിയാൽ ഉടുപ്പിന്റെ പിന്നാമ്പുറങ്ങളിൽ അവരറിയാതെ തൂലികാ ചിത്രങ്ങളെയും വെല്ലുന്ന രീതിയിൽ കലാ സൃഷ്ടികൾ നടത്തിയിരുന്നു.അന്ന് അതൊക്കെ കയ്യങ്കളിയിൽ എത്തിയിരുന്നെങ്കിലും നഷ്ട സൗഭാഗ്യങ്ങളുടെ ഓർമ ചെപ്പുകളിൽ നനുത്ത പുഞ്ചിരിക്ക് വകയുണ്ടെന്നു കാലം ഓർമിപ്പിക്കുന്നു.’കാലമേ നന്ദി’ എന്നു ലാലേട്ടൻ പറയും പോലെ !!

അക്ഷരങ്ങളുടെ ആകാര വടിവിനെ കൈകൾക്ക് വഴങ്ങിയത് പേനകളിലൂടെ ആയിരുന്നു.ഇന്ന് ടച്ച് സ്ക്രീനിലും കീ ബോർഡിലും ഒന്നു തട്ടിയാൽ സ്‌ക്രീനിൽ വന്നു വീഴുന്ന സുന്ദരികളും സുന്ദരന്മാരുമായ അക്ഷരങ്ങൾ നമ്മുടേതാണോ. അല്ലെന്ന സത്യം അറിയുന്ന നിമിഷത്തിൽ ആ പേനകൾ തപ്പി എടുത്തു പിടിച്ചു എഴുതാൻ ശ്രമിച്ചിട്ടുണ്ടോ. നിങ്ങളുടെ വിരലുകൾ ജരാ നര ബാധിച്ചു ഓർമയുടെ വീണ കമ്പികൾ പൊട്ടിയ വൃദ്ധയെ പോലെ അക്ഷരങ്ങളുടെ മുൻപിൽ പകയ്ക്കുന്നുണ്ടാകും. ഭാരം വലിച്ചു നീങ്ങുന്ന കഴുതയെ പോലെ വിരലുകൾ മടിച്ചു നിൽക്കുന്നുണ്ടാകും.ഇത് ചിലപ്പോഴൊക്കെ അറിഞ്ഞവനാണ് ഞാനും.

വിരലുകൾ കൊണ്ട് മണലിലും കല്ല് പെൻസിൽ കൊണ്ട് സ്ളേറ്റീലും പതിയെ പെൻസിൽ കൊണ്ട് പേപ്പറിലും എഴുതി വരച്ച അക്ഷരങ്ങൾ,നല്ല കൈയക്ഷരം എന്നു പലരും പറഞ്ഞത് കേട്ട് സ്വകാര്യ അഹങ്കാരം ആയി കൊണ്ട് നടന്നവ ഇന്ന് അപരിചിതനെ പോലെ എന്നിൽ നിന്നും അകന്നു നിൽക്കുന്നു.കീ ബോർഡുകളും ടച്ചു സ്ക്രീനുകളും എന്റെ സ്വതസിദ്ധമായ ഒഴുക്കിനെ തടഞ്ഞു എന്നിൽ യാന്ത്രികമായ ഒരു ആവേഗം കുത്തി നിറച്ചിരിക്കുന്നു.

ഇനിയും തിരിച്ചു പോകാൻ വൈകിയിട്ടില്ലെന്ന സത്യം ഞാൻ അറിഞ്ഞു തുടങ്ങി. തിരികെ ആ മഷികുപ്പിയെ വീണ്ടെടുക്കണം എനിക്ക്,മഷി തുള്ളികൾ ഒഴുകിയിറങ്ങുന്ന നിബ്ബ് കൊണ്ട് പേപ്പറിൽ എന്റെ അക്ഷരങ്ങളെ സൃഷ്ടിക്കണം.സുന്ദരികളും സുന്ദരന്മാരുമായി ഞാൻ അവരെ ഇനിയും വളർത്തും.ചടുല വേഗതയുടെ ആസുരകാലത്തിന് എന്റെ അക്ഷരകുഞ്ഞുങ്ങളെ ഞാൻ ജീവനില്ലാത്ത
കീ ബോർഡുകൾക്ക് ബലി നൽകില്ലെന്നുറപ്പിച്ചു.
വൈകാരികതയുടെ കണങ്ങൾ കൊണ്ട് ആർദ്രതയുള്ള വാക്കുകൾ ജനിപ്പിക്കണം.

സമ്മാനങ്ങളായി പേനകൾ നൽകണം,വടിവൊത്ത അക്ഷരങ്ങൾ രചിക്കുന്ന തലമുറകൾ ഉണ്ടാകണം.കാലം നൽകിയ ചില സൗകര്യങ്ങൾ മറന്നും നമുക്കു കത്തെഴുതെലിന്റെയും മഷിക്കുപ്പികളുടെയും ലോകത്തേയ്ക്ക് തിരികെ പറക്കണം

ഓർമകളിൽ ഇപ്പോഴും അലയടിക്കുന്ന ചില നിഷ്കളങ്ക ബാല്യത്തിന്റെ ഒലികൾ വീണ്ടും ഉണ്ടാകണം

“നിന്റെ ഹീറോ പേനയൊന്നു തരുമോടാ !!

വിനോദ് കാർത്തിക

shortlink

Related Articles

Post Your Comments

Related Articles


Back to top button