KeralaLatest News

ചൂണ്ടിക്കാട്ടിയ ചട്ടലംഘനങ്ങള്‍ പരിഹരിക്കുമെന്ന് സാജന്റെ കുടുംബം; കണ്‍വെന്‍ഷന്‍ സെന്ററിനുള്ള അനുമതി ദിവസങ്ങള്‍ക്കുള്ളില്‍ ലഭിച്ചേക്കും

കണ്ണൂര്‍ : പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആന്തൂരിലെ പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ ശുപാര്‍ശ ചെയ്തു. നിലവില്‍ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹരിച്ചാലുടന്‍ അനുമതി നല്‍കാവുന്നതാണെന്നാണു ശുപാര്‍ശ. ചൂണ്ടിക്കാട്ടിയ ചട്ടലംഘനങ്ങള്‍ 3 ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്നു സാജന്റെ കുടുംബം അറിയിച്ചു. അങ്ങനെയെങ്കില്‍ ഈ ആഴ്ച തന്നെ അനുമതി ലഭിച്ചേക്കും.

ഓഡിറ്റോറിയത്തിലേക്കു കയറാനായി നിര്‍മിച്ച റാംപിന്റെ നീളവും ചെരിവും തമ്മിലുള്ള അനുപാതത്തിലെ വ്യത്യാസവും കുറയ്ക്കണം. അധികമായി നിര്‍മിച്ച ബാല്‍ക്കണിയിലെ സ്ഥലവും കുറയ്‌ക്കേണ്ടതുണ്ട്. ഇതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്നത്. വളരെ ചെറിയ ചട്ടലംഘനങ്ങള്‍ മാത്രമാണു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതുപ്രകാരം ഏതാനും ശുചിമുറി അധികമായി നിര്‍മിക്കേണ്ടതുണ്ട്.

1500 പേര്‍ക്കിരിക്കാവുന്ന കണ്‍വന്‍ഷന്‍ സെന്ററില്‍ 21 ശുചിമുറികള്‍ ആവശ്യമുണ്ട്. ഇതില്‍ 7 എണ്ണം കുറവാണ്. നിര്‍മാണം പൂര്‍ത്തിയായാല്‍ വീണ്ടും ആന്തൂര്‍ നഗരസഭയില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കാം. പോരായ്മകള്‍ പരിഹരിച്ചാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തുമെന്നും തൃപ്തികരമാണെന്നു കണ്ടാല്‍ അനുമതി നല്‍കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.

18 കോടി രൂപയോളം ചിലവിട്ടു നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററിനു നഗരസഭ അനുമതി വൈകിപ്പിക്കുന്നതില്‍ മനംനൊന്തു സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണു വിദഗ്ധ സംഘം പരിശോധന നടത്തി ചീഫ് ടൗണ്‍ പ്ലാനര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം ആന്തൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണ മേഖലയില്‍ തദ്ദേശസെക്രട്ടറിമാരുടെ അധികാരത്തിനു പരിമിതികള്‍ വെക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സെക്രട്ടറിക്ക് സാങ്കേതിക അധികാരമില്ലെന്നു വ്യക്തമാക്കി നിലവിലുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയുള്ള ഉത്തരവിനാണ് നീക്കം. വിഷയം വിശദമായി ചര്‍ച്ചചെയ്യാന്‍ ഈ മാസം മൂന്നിന് സംസ്ഥാനത്തെ നഗരസഭാ അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗം മന്ത്രി എ.സി.മൊയ്തീന്‍ തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button