Latest NewsIndia

ഇന്ത്യന്‍ സേനയ്ക്ക് കരുത്ത് കൂട്ടാന്‍ ‘നാഗ്’ ; പരീക്ഷണം വിജയകരം

നാല് കിലോമീറ്റര്‍ പ്രഹരപരിധിയുള്ള നാഗ് മിസൈല്‍ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാം

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്ക് വേധ മിസൈലായ നാഗിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിക്കുന്ന ‘നാഗ്’ മൂന്നു തവണയാണ് വിജയകരമായി പരീക്ഷിച്ചത്. രാജസ്ഥാനിലെ പൊഖ്‌റാനില്‍ കഴിഞ്ഞ ദിവസമായിരുന്നു പരീക്ഷണം. രാത്രിയും പകലും വ്യത്യസ്ത സമയങ്ങളിലായാണ് ഈ മൂന്ന് പരീക്ഷണവും നടത്തിയത്. മൂന്ന് സാഹചര്യത്തിലും മിസൈല്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചെന്നാണ് ഡിആര്‍ഡിഒ പറയുന്നത്.

അധികം താമസിയാതെ നാഗ് കരസേനയ്ക്കു കൈമാറും. നാമിക എന്നു ചുരുക്കപ്പേരുള്ള പ്രത്യേക കവചിത വാഹനത്തില്‍ ഘടിപ്പിച്ചാകും ഇത് ഉപയോഗിക്കുക. നാല് കിലോമീറ്റര്‍ പ്രഹരപരിധിയുള്ള നാഗ് മിസൈല്‍ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാം. തെര്‍മല്‍ ഇമേജിങ് റഡാറിന്റെ സഹായത്തോടെ ലക്ഷ്യം നിര്‍ണയിച്ച് ആക്രമണം നടത്തുകയാണ് മിസൈല്‍ ചെയ്യുന്നത്.

ഡിആര്‍ഡിഒ 1980ല്‍ ഇന്റഗ്രേറ്റഡ് മിസൈല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം എന്ന പദ്ധതി തുടങ്ങുമ്പോള്‍ നാഗുള്‍പ്പെടെ അഞ്ചു മിസൈലുകള്‍ നിര്‍മിക്കാനാണു ലക്ഷ്യമിട്ടത്. ഇവയില്‍ അഗ്‌നി, പൃഥ്വി, ആകാശ് എന്നിവ നേരത്തേ തന്നെ സൈന്യത്തിനു കൈമാറി. തൃശൂല്‍ മിസൈല്‍, സൈന്യം ഉപയോഗിച്ചെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു. നാഗ് മിസൈല്‍ കരസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്റെ പ്രഹര ശേഷി വര്‍ധിക്കും. ഇതിന്റെ കാര്യക്ഷമത കൂടുതല്‍ ഉറപ്പാക്കുന്നതിനാണ് തിങ്കളാഴ്ച പരീക്ഷണം നടത്തിയത്. കരസേനയില്‍ മിസൈല്‍ സംവിധാനം ഉള്‍പ്പെടുത്താന്‍ 524 കോടിയുടെ പദ്ധതിക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button