KeralaLatest News

ക്ഷീണം കാരണം ഒന്ന് മയങ്ങി- ഉറക്കമെഴുന്നേറ്റപ്പോഴാണ് കേരളത്തിലെത്തിയാള്‍ അറിഞ്ഞത് രണ്ട് ലക്ഷം രൂപയുടെ കടക്കാരനായെന്ന്

ഉത്തരാഖണ്ഡില്‍ നിന്നും ആ പുതിയ ലോറിയുടെ ചെയ്സുമായി എറണാകുളത്തിലേക്ക് യാത്ര തുടങ്ങുമ്പോള്‍ ജുമാ ഖാന്റെ മനസ്സില്‍ ഈ യാത്രയുടെ അവസാനം പ്രതിഫലമായി തന്റെ കൈകളിലേക്ക് കിട്ടാന്‍പോവുന്ന 7500 രൂപ ആയിരുന്നു. എന്നാല്‍ കേരളത്തിലെത്തിയ ജുമാ ഖാന്‍ രണ്ട് ലക്ഷം രൂപയുടെ കടക്കാരനാവുകയാണ് ചെയ്തത്. സംഭവത്തെ കുറിച്ച് വാര്‍ത്ത വന്നപ്പോള്‍ ജിതിന്‍ ജോഷി പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാവുകയാണ്. ആരാണ് ഇത് ചെയ്തതെങ്കിലും മനസാക്ഷി എന്നത് അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഈ മനുഷ്യന്റെ കണ്ണുനീര്‍ കാണാതെ പോവരുതെന്ന് ജിതിന്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

#കേരളം_ആയതുകൊണ്ടാണ്_വിശ്വസിച്ചു_ഒന്ന്_മയങ്ങിയത്..

ഉത്തരാഖണ്ഡിൽ നിന്നും ആ പുതിയ ലോറിയുടെ ചെയ്‌സുമായി എറണാകുളത്തിലേക്ക് യാത്ര തുടങ്ങുമ്പോൾ ജുമാ ഖാന്റെ മനസ്സിൽ ഈ യാത്രയുടെ അവസാനം പ്രതിഫലമായി തന്റെ കൈകളിലേക്ക് കിട്ടാൻപോവുന്ന 7500 രൂപ ആയിരുന്നു..

ആ ഏഴായിരത്തിയഞ്ഞൂറു രൂപാ കൊണ്ടു ഒരുപാട് കാര്യങ്ങൾ മനസ്സിൽ കണ്ടുകൊണ്ടാകണം അദ്ദേഹം ഓരോ രാത്രിയും പകലാക്കി ബോഡി കെട്ടാത്ത ആ ചെയ്സും ഓടിച്ചു ഇതാ കേരളം വരെ എത്തിയത്..

ഇന്നിപ്പോൾ ഈ വഴിയരികിൽ അന്യദേശത്ത് എല്ലാം നഷ്ടപ്പെട്ടു ഇയാൾ ഇരിക്കുമ്പോൾ തല കുനിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്..
കാരണം നമ്മുടെ നാട്ടിൽ വച്ചാണ് ഈ പാവം മനുഷ്യൻ രണ്ടുലക്ഷം രൂപയുടെ കടക്കാരനായത്..
അതും ഒന്ന് മയങ്ങിയുണർന്ന സമയത്തിനുള്ളിൽ..

“മറ്റൊരു സംസ്ഥാനം ആയിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഉറങ്ങില്ലായിരുന്നു..
പക്ഷേ ഇത് കേരളമാണല്ലോ..
ആ ഒരു സുരക്ഷിതത്വം ഉണ്ടാവുമല്ലോ എന്ന് കരുതി… ”

നിറകണ്ണുകളോടെ ജുമാഖാൻ പറയുന്നു..

പത്തുദിവസമെടുത്തു ഉത്തരാഖണ്ഡിൽ നിന്നും ഇവിടെവരെ എത്താൻ..
അതും ബോഡിയില്ലാത്ത ലോറിയിൽ..
കഷ്ടപ്പാട് ചില്ലറയല്ല..
മഞ്ഞും മഴയും വെയിലുമെല്ലാം തടയാൻ ആകെയുള്ളത് പേരിനൊരു തടയാണ്..

മഴ കാരണം യാതൊന്നും കാണാൻ സാധിക്കാതെ വന്നപ്പോളാണ് ജുമാഖാൻ വണ്ടിയൊതുക്കി അടുത്തുള്ള പെട്രോൾ പമ്പിലേക്ക് കേറിയത്..
മഴ നീണ്ടതിനാൽ ഒന്ന് മയങ്ങിപ്പോവുകയും ചെയ്തു..
ഉറക്കമെഴുന്നേറ്റ് വണ്ടിയുടെ അരികിൽ ചെന്നപ്പോളാണ് നാല് ടയറുകൾ ഡിസ്ക് അടക്കം നഷ്ടപ്പെട്ടതറിയുന്നത്..

പ്രതിഫലം കിട്ടുമ്പോൾ ചെയ്യാനിരുന്ന കാര്യങ്ങളേക്കാൾ രണ്ടുലക്ഷം രൂപയുടെ കടബാധ്യതയാണ് ഇപ്പോൾ ജുമാഖാന്റെ തലയ്ക്കുമുകളിൽ..

ആരാണ് ഇത് ചെയ്തത് എന്നറിയില്ല…
പക്ഷേ ഈ മനുഷ്യനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ക്രൂരതയാണിത്..
ഉറങ്ങാതെ ഓരോ രാത്രിയും പകലാക്കുമ്പോൾ തിരികെ നാട്ടിലെത്തി ചെയ്തുതീർക്കേണ്ട കാര്യങ്ങൾ മാത്രമായിരുന്നിരിക്കണം ഈ മനുഷ്യന്റെ മനസ്സിൽ..
അതെല്ലാം തകർന്നു എന്നതിലുപരി കേരളത്തോട്, മലയാളികളോട് ഈ മനുഷ്യനുണ്ടായിരുന്ന വിശ്വാസം ആണ് തകർന്നടിഞ്ഞത്..

ഒരു അപേക്ഷയേയുള്ളൂ..
ആരാണ് ഇത് ചെയ്തതെങ്കിലും മനസാക്ഷി എന്നത് അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ഈ മനുഷ്യന്റെ കണ്ണുനീർ കാണാതെ പോവരുത്..

#നമ്മളിലുള്ള_വിശ്വാസം_നമ്മൾതന്നെ_കളയരുത്….

Jithin Joshy

https://www.facebook.com/Jithinjoshy555/posts/2254881164595411

shortlink

Related Articles

Post Your Comments

Related Articles


Back to top button