Latest NewsIndia

നോ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനമിട്ടു; മേയര്‍ക്ക് പെറ്റി അടിച്ച് പോലീസ്

മുംബൈ: നിയമം തെറ്റിക്കുന്നത് ആരായാലും അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നാണ് മുംബൈ ട്രാഫിക് പോലീസിന്റെ തിയറി. അതില്‍ സാധാരണക്കാരനെന്നോ മേയര്‍ എന്നോ വ്യത്യാസമില്ല. മുംബൈ മേയര്‍ വിശ്വനാഥ് മഹദേശ്വറിന്റെ ഔദ്യോഗിക വാഹനം നിരോധിത മേഖലയില്‍ പാര്‍ക്ക് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. ബിഎംസിയുടെ പാര്‍ക്കിംഗ് നിരോധിത മേഖലയില്‍ ആയിരുന്നു മേയറുടെ വാഹനം ഉണ്ടായിരുന്നത്.

കഴിഞ്ഞ ആഴ്ച മുതല്‍ മുംബൈയില്‍ പാര്‍ക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് നിയമം തെറ്റിച്ച് മേയര്‍ തന്നെ വാഹനം പാര്‍ക്ക് ചെയ്തത്. വൈല്‍ പാര്‍ലെയിലെ കൊല്‍ഡൊംഗരി ഭാഗം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ശിവസേനാ നേതാവുകൂടിയായ മേയര്‍ വിശ്വനാഥ് മഹദേശ്വര്‍. ഈ പ്രദേശം പാര്‍ക്കിംഗ് നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ പിഴത്തുക എത്രയാണെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ട്രാഫിക് നിയം ലംഘിച്ചുവെന്നാണ് രസീതില്‍ വ്യക്തമാക്കുന്നത്.

നഗരത്തിലെ നിരോധിത മേഖലകളില്‍ വാഹനങ്ങള്‍ അനധികൃതമായി നിര്‍ത്തിയിടുന്നവരില്‍ നിന്നും ഭീമന്‍ തുക പിഴ ഇനത്തില്‍ ഈടാക്കാനുള്ള മുംബൈ നഗരസഭയുടെ തീരുമാനം ജൂലൈ ഏഴ് മുതല്‍ നിലവില്‍ വന്നിരുന്നു. ഇത്തരത്തില്‍ നിയമം തെറ്റിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്നും 5,000 രൂപ മുതല്‍ 23,000 രൂപ വരെ പിഴ ഈടാക്കനാണ് തീരുമാനം. നിര്‍ത്തിയിട്ട വാഹനത്തിന്റെ മൂല്യവും സ്ഥലത്തിന്റെ വാണിജ്യപ്രാധാന്യവും കണക്കിലെടുത്താവും പിഴ സംഖ്യ തീരുമാനിക്കുക. പിഴയടയ്ക്കാന്‍ വൈകിയാല്‍ ഈ തുക വീണ്ടും ഉയരാനും സാധ്യതയുണ്ട്. വലിയ വാഹനങ്ങളാണെങ്കില്‍ അത് 15,000 രൂപ മുതല്‍ 23,000 രൂപ വരെയായി ഉയരും. നഗരത്തിലെ 26 അംഗീകൃത പാര്‍ക്കിങ് സ്ഥലങ്ങളുടെയും 20 ബെസ്റ്റ് ഡിപ്പോകളുടെയും 500 മീറ്റര്‍ ചുറ്റളവിലാണ് ആദ്യഘട്ടത്തില്‍ വര്‍ധിച്ച പിഴ ഏര്‍പ്പെടുത്തുക. അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നവരില്‍ നിന്ന് പിഴയും വാഹനം അവിടെ നിന്നും നീക്കം ചെയ്തതിനുള്ള കൂലിയും ഈടാക്കും. ഇരുചക്ര വാഹനങ്ങള്‍ക്ക് ഇത് 5,000 രൂപ മുതല്‍ 8,300 രൂപ വരെയാണ് ഈടാക്കുക. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളില്‍ ഒന്നായ മുംബൈയിലെ കാല്‍നട യാത്രക്കാരുടെയും വാഹന ഡ്രൈവര്‍മാരുടെയും സൗകര്യം മുന്‍നിര്‍ത്തിയാണ് കര്‍ശന നടപടിയെടുക്കുന്നതെന്നാണ് നഗരസഭാധികൃതര്‍ പറയുന്നത്. മുംബൈ നഗരത്തിലാകെ 30 ലക്ഷത്തിലധികം വാഹനങ്ങളുണ്ടെന്നാണ് കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button