KeralaLatest News

വടക്കുന്നാഥ ക്ഷേത്രം; മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും സാക്ഷ്യം വഹിക്കാൻ ആയിരങ്ങൾ

തൃശൂർ: കനത്ത മഴയെ അവഗണിച്ച് വടക്കുന്നാഥ ക്ഷേത്രത്തിലെ അഷ്‌ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും സാക്ഷ്യം വഹിക്കാൻ ആയിരങ്ങളെത്തി. പുലർച്ചെ 5 ന് ക്ഷേത്രത്തിലെ സിംഹോദര പ്രതിഷ്ഠയ്ക്ക് സമീപമുള്ള പ്രത്യേക ഹോമകുണ്ഠത്തിൽ നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ശേഷമായിരുന്നു ആനയൂട്ട്. പ്രസാദം തൊട്ട്, മാലയിട്ട് അണിയിച്ചൊരുക്കിയ ആനകൾ വടക്കുന്നാഥനെ വലം വെച്ച് തെക്കേഗോപുര നടയ്ക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ ഊട്ടുതറയിൽ അണിനിരന്നു. ക്ഷേത്രം മേൽശാന്തി അണിമംഗലം രാമൻ നമ്പൂതിരി ഏറ്റവും പ്രായം കുറഞ്ഞ ആനയായ വാര്യത്ത് ജയരാജിന് ആദ്യ ഉരുള നൽകി ആനയൂട്ടിന് തുടക്കമിട്ടു. ആനയൂട്ടിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള അമ്പതോളം ആനകൾ പങ്കെടുത്തു.

മഹാഗണപതി ഹോമത്തിന് 60ഓളം പേർ പരികർമ്മികളായി. 10,008 നാളികേരം, 2500 കി.ഗ്രാം അവിൽ, 2500 കി.ഗ്രാം ശർക്കര, 300 കി.ഗ്രാം മലർ, 150 കി.ഗ്രാം എള്ള്, 150 കി.ഗ്രാം നെയ്യ്, കരിമ്പ്, ഗണപതി നാരങ്ങ എന്നിവ മഹാഗണപതി ഹോമത്തിനായി ഉപയോഗിച്ചു.

തിരക്ക് കാരണം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിന് സമീപത്ത് മതിലിന് മുകളിലൂടെ താത്കാലികമായി റാമ്പ് ഒരുക്കിയാണ് ഭക്തരെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽ കുമാർ, ടി.എൻ. പ്രതാപൻ എം.പി, മേയർ അജിത വിജയൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചന്ദ്രഗ്രഹണം ആയതിനാലാണ് കർക്കടകം ഒന്നിന് പകരം ആനയൂട്ട് ഇന്നലത്തേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button