Latest NewsKerala

വേലി കെട്ടി വഴിയടച്ചു; ദുരിതമലയില്‍ നിന്നും ഈ ആദിവാസി കുടുംബങ്ങളെ ഇനി ദൈവം രക്ഷിക്കട്ടെ!

മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറയിലുള്ള ആദിവാസി കുടുംബത്തിന്റെ ദുരിതകഥകള്‍ പുറം ലോകത്തോട് വിളിച്ചുപറഞ്ഞ സാലിം ജീറോഡിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവന്നത് കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെ ഞെട്ടിക്കുന്ന സത്യം.ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഉരുള്‍പൊട്ടല്‍ഭീഷണിയുള്ള കുന്നിന്‍മുകളിലാണ് ഇവരിപ്പോഴും കഴിയുന്നത്… വീട്ടിലേക്കെത്തിപ്പെടാനുള്ള വഴി സ്വകാര്യവ്യക്തി കെട്ടിയടച്ചിരുക്കുന്നതിനാല്‍ മൂന്ന് വീട്ടുകാരും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ഫേസ്ബുക്ക് പോസ്റ്റും വീട്ടുകാരുടെ നിസ്സഹായാവസ്ഥയും കാണുക…

https://www.facebook.com/salimpgroad/videos/2801046499910489/

വേലി കെട്ടി വഴിയടച്ചു;
ദുരിതമലയില്‍ നിന്നും ഈ ആദിവാസി കുടുംബങ്ങളെ ഇനി ദൈവം രക്ഷിക്കട്ടെ!

മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറക്കടുത്ത് കൂരങ്കല്ല് ആദിവാസി കോളനിയിലെ (ഓടക്കയം വാർഡ്) മൂന്ന് കുടുംബങ്ങളെ സുഹൃത്തുക്കള്‍ക്കൊപ്പം സന്ദര്‍ശിക്കുകയുണ്ടായി…..

ഒരു കിലോമീറ്ററോളം ദൂരം നടന്ന് പാറക്കെട്ടും കുന്നിന്‍ചെരിവും റോഡും തോടും നിറഞ്ഞ ദുര്‍ഘട പാത മറികടന്നാണ് ആ കോളനിയിലെത്തിയത്….

മലയോളം ഭീതി തിന്ന് കഴിയുന്ന ആ കുടുംബങ്ങളില്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു… ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ രണ്ടുംമൂന്നും വയസ്സുള്ള കൈക്കുഞ്ഞുങ്ങളുമായി അഞ്ച് ആദിവാസി സഹോദരികളും വൃദ്ധയായ ഒരു മാതാവും. ആകെയുള്ള സഹോദരന്‍ കൃഷ്ണന്‍കുട്ടി ജന്മനാ കാലിനും കൈക്കും ശേഷിയില്ലാത്തയാളും!. കൂട്ടിന് കുറച്ച് ആടും കുറെ നായ്ക്കളും.

ദുരന്തമുഖത്ത് ദുരിതജീവിതം നയിക്കുന്ന ഇവര്‍ക്ക് സാധനങ്ങള്‍ വാങ്ങിക്കാന്‍ അങ്ങാടിയിലെത്തണമെങ്കില്‍ 4 കിലോമീറ്റര്‍ സഞ്ചരിക്കണം. പൂര്‍ണാരോഗ്യമുള്ള ഒരാള്‍ക്കുപോലും അതിസാഹസികമായിട്ടല്ലാതെ ഈ വീടുകളിലെത്താന്‍ പറ്റില്ല. സ്ഥിരമായി പോവുന്ന ആ ചവിട്ടുവഴിയിലൂടെ ഇനിമേല്‍ നടക്കരുതെന്ന് പറഞ്ഞ് വേലികെട്ടി ഇവര്‍ക്കുനേരെ വഴി കൊട്ടിയടച്ചിരിക്കുകയാണിപ്പോള്‍ ഒരു സ്വകാര്യവ്യക്തി. ഒരു മാസത്തോളമായി ഇവര്‍ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണ്. അടുപ്പു പുകയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാനേയില്ല. ദുരിതം കണ്ടറിഞ്ഞ സുഹൃത്ത് കുറച്ചുദിവസത്തേക്ക് ഭക്ഷണം എത്തിച്ചുനല്‍കി.

ഇക്കഴിഞ്ഞ ഉരുള്‍പൊട്ടലില്‍ ഇവരുടെ വീടിന്റെ ഇരുവശങ്ങളിലും വന്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ വെറ്റിലപ്പാറയിലെ പുനരധിവാസ ക്യാമ്പിലായിരുന്നു കുറേനാള്‍. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലത്ത് കുഞ്ഞുമക്കളെയും മാറോടണച്ച് തീ തിന്ന് കഴിഞ്ഞുകൂടുകയാണിവര്‍…

നിരവധിതവണ അധികൃതരോട് കെഞ്ചിയിട്ടും ഫലമുണ്ടായിട്ടില്ലെന്ന് കൃഷ്ണന്‍കുട്ടി പറയുന്നു…. സന്മനസ്സുള്ള ആരെങ്കിലും വന്നൊന്ന് ഇവിടെനിന്നും രക്ഷിക്കണേയെന്നാണിവരുടെ കൂട്ടനിലവിളി.
കഴിഞ്ഞ ദുരന്തത്തിനുശേഷം അധികൃതരാരും ഈ വഴിക്ക് തിരിഞ്ഞുനോക്കിയിട്ടില്ലത്രെ…!

ഇനി ആരു കനിയും ഈ സഹോദരങ്ങളെ രക്ഷിക്കാന്‍…. ?

shortlink

Related Articles

Post Your Comments

Related Articles


Back to top button