Latest NewsKerala

നാട്ടുകാരുടെയും പഞ്ചായത്തിന്റെയും ശക്തമായ എതിര്‍പ്പ്; യൂണിസെഫ് മാലിന്യ പ്ലാന്റ് ഇനി ഈ ജില്ലയില്‍ വരില്ല

പത്തനംതിട്ട: നാട്ടുകാരും പഞ്ചായത്തും ശക്തമായി എതിര്‍ത്തതോടെ യൂണിസെഫ് അനുവദിച്ച മാലിന്യ പ്ലാന്റ് പദ്ധതി പത്തനംതിട്ടയില്‍ ഉണ്ടാകില്ല, പദ്ധതിയില്‍ പെരുനാട് പഞ്ചായത്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.

ശബരിമല പാതയോട് ചേര്‍ന്നാണ് പ്‌ളാന്റ് എന്നതാണ് എതിര്‍പ്പിന് കാരണമായത്. വയനാട് ജില്ലക്കും സമാനമായ പദ്ധതി യൂണിസെഫ് അനുവദിച്ചിരുന്നു. ഈ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഖരമാലിന്യം സംസ്‌കരിച്ച് ജൈവവളമുള്‍പ്പെടെ നിര്‍മ്മിച്ച് വരുമാനം ഉണ്ടാക്കാന്‍ കൂടെ ഉതകുന്നതായിരുന്നു പദ്ധതി.

കക്കൂസ് മാലിന്യങ്ങളുള്‍പ്പെടെ സംസ്‌കരിക്കാനുള്ള പദ്ധതിയാണ് ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുടങ്ങിയത്. 95 ലക്ഷം രൂപ ചെലവിട്ട് യൂണിസെഫ് മേല്‍ നോട്ടത്തില്‍ തന്നെ പ്ലാന്റ് നിര്‍മ്മിക്കാനായിരുന്നു ലക്ഷ്യമിട്ടത്. പ്രളയാനന്തരം കക്കൂസ് മാലിന്യ സംസ്‌കരണം വെല്ലുവിളി ആയപ്പോഴാണ് പ്ലാന്റ് നടപ്പാക്കാന്‍ യൂണിസെഫ് സന്നദ്ധത അറിയിച്ചത്.

തുടര്‍ന്ന് ജില്ലാ ഭരണകൂടം തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചെങ്കിലും ആരും താത്പര്യം പ്രകടിപ്പിച്ചില്ല. പിന്നീട് റവന്യൂ വകുപ്പിന് കീഴില്‍ ളാഹക്ക് സമീപത്തെ ഭൂമിയില്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ ശ്രമം തുടങ്ങി. പെരിനാട് പഞ്ചായത്ത് പദ്ധതിക്ക് അനുകൂല നിലപാട് എടുത്തു. പക്ഷെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയതോടെ പഞ്ചായത്ത് പിന്മാറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button