Latest NewsArticleIndia

കശ്മീരിന് ശേഷം മോദി ലക്ഷ്യമിടുന്നത് ഒരു ‘രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രീതി; എതിര്‍ക്കുന്നതിന് മുമ്പ് ചര്‍ച്ച ചെയ്യപ്പെടട്ടെ നേട്ടവും കോട്ടവും

ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെ കുറിച്ച് പരാമര്‍ശം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മികച്ചതാക്കാന്‍ ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം അനിവാര്യമാണെന്ന് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍  നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ്  മോദി പറഞ്ഞത്. ഒരേസമയം നടക്കുന്ന തിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്നും, ഇത് ഒരു നല്ല കാര്യമാണെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു.

പൊതുജനങ്ങളുടെ പണം ലാഭിക്കുന്നതിനായി ലോക്‌സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താന്‍ ലോ കമ്മീഷന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ നിയമ മന്ത്രാലയത്തിന് സമര്‍പ്പിച്ച കരടില്‍, ”ഭരണഘടനയുടെ നിലവിലുള്ള ചട്ടക്കൂടിനുള്ളില്‍ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് സാധ്യമല്ല ‘ എന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. കുറച്ചുകാലമായി ഈ ആശയവുമായി ബന്ധപ്പെട്ട് കേന്ദ്രം കൂടിയാലോചനകള്‍ നടത്തി വരുന്നുണ്ട്.

READ ALSO: സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്വാസമായി കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതി : പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പദ്ധതി പ്രഖ്യാപിച്ചത് സ്വാതന്ത്ര്യദിന സന്ദേശത്തില്‍

പുതിയ പാര്‍ലമെന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പുതന്നെ മോദി ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്” എന്നതില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം ആരാഞ്ഞ് സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. കോണ്‍ഗ്രസ്, ടിഎംസി, ടിആര്‍എസ്, എഎപി, എന്‍സിപി, ഡിഎംകെ, ബിഎസ്പി എന്നീ പാര്‍ട്ടികളാകട്ടെ പ്രധാന നേതാക്കള്‍ പങ്കെടുക്കാതെ പ്രതിനിധികളെ മാത്രമാണ് അയച്ചത്. വ്യത്യസ്ത അഭിപ്രായങ്ങളാണ് അന്ന് യോഗത്തില്‍ ഉയര്‍ന്നത്. ലോക്‌സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുക എന്ന ആശയം ”ഫെഡറല്‍ വിരുദ്ധവും  ജനാധിപത്യവിരുദ്ധവുമാണെന്ന നിലപാടില്‍ സിപിഐഎം ഉറച്ചുനിന്നു. എഐഎഡിഎംകെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ പിന്തുണയ്ക്കുന്നവരുടെ കൂട്ടത്തിലാണ്. ലോക്‌സഭയുടെയും സംസ്ഥാന നിയമസഭകളുടെയും കാലാവധിയില്‍ ഇത് ഒരു നിശ്ചിതസമയക്രമം ഉറപ്പാക്കുമെന്നാണ് അനുകൂലഘടകങ്ങളില്‍ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

READ ALSO: ഭാവി തലമുറയ്ക്ക് ജനസംഖ്യാ വിസ്‌ഫോടനം വലിയ ഭവിഷത്ത് ഉണ്ടാക്കും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം : പ്രധാനമന്ത്രി

ലോ കമ്മീഷന്റെ 170-ാമത്തെ റിപ്പോര്‍ട്ടാണ് ലോക്‌സഭ നിയമസഭ തദ്ദേശസ്വയംഭരണ  തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താന്‍ ശുപാര്‍ശ ചെയ്തത്. 2015 ലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഈ ആശയത്തെ തത്വത്തില്‍ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍  2018 ഏപ്രിലില്‍ ലോ കമ്മീഷന്‍ ഒരു കരട് വര്‍ക്കിംഗ് പേപ്പറില്‍ ഇത് അത്ര പെട്ടെന്ന് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഇതിനായി ഭരണഘടനാഭേദഗതി നടത്തേണ്ടിവരുമെന്നാണ്  കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ചുരുക്കത്തില്‍ ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്നത് തത്ത്വത്തില്‍ ആകര്‍ഷകമായ ഒരു ആശയമാണെങ്കിലും ഇതിന്  യോഗ്യതകളും അപാകതകളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Modi
Modi

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം നിലവില്‍ വരുന്ന പെരുമാറ്റച്ചട്ടം കാരണം വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നത് തടയാന്‍ ഇതുവഴി കഴിയും. കൂടെകൂടെയുള്ള തെരഞ്ഞെടുപ്പ് ചെലവ് ഒഴിവാക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു ഗുണം. ഇടയ്ക്കിടെ നടക്കുന്ന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ജാതി, സാമുദായിക അപ്പീലുകള്‍, വിദ്വേഷ പ്രസംഗങ്ങള്‍, സാമ്പത്തിക ദുരുപയോഗം എന്നിവയ്ക്ക് കടിഞ്ഞാണിടാന്‍ ഒറ്റ തെരഞ്ഞെടുപ്പ് സഹായിക്കുമെന്നാണ് മറ്റൊരു നേട്ടം. തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ചിടത്തോളം, ഒരേസമയം ഒന്നിച്ചു നടക്കുന്ന തിരഞ്ഞെടുപ്പ് ഏറ്റവും സൗകര്യപ്രദവും യുക്തിസഹവുമായ സാധ്യതയാണ്. പോളിംഗ് ബൂത്തുകള്‍, വോട്ടെടുപ്പ് ഉദ്യോഗസ്ഥര്‍, സുരക്ഷ എന്നിവയെല്ലാം ഒന്നുതന്നെയാകമ്പോള്‍ ഉണ്ടാകുന്ന സൗകര്യമാണ് എല്ലാത്തിലും ഉപരിയായി കണക്കാക്കാവുന്നത്.

അതേസമയം ഈ സമ്പ്രദായം നടപ്പിലാക്കുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ ചോദ്യം ഇതാണ്. എന്തെങ്കിലും കാരണവശാല്‍
ലോക്‌സഭയോ സംസ്ഥാന നിയമസഭയോ അകാലത്തില്‍ പിരിച്ചുവിട്ടാല്‍ എന്താണ് സംഭവിക്കുന്നത് എന്നാണ്. എല്ലാ സംസ്ഥാന നിയമസഭകളും വീണ്ടും  വോട്ടെടുപ്പിലേക്ക് പോകുമോ? ഇത് പ്രായോഗികവും ജനാധിപത്യ ധാര്‍മ്മികതയുമായി പൊരുത്തപ്പെടുന്നതുമാണോ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. പ്രാദേശിക രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും എങ്ങനെ തെരഞ്ഞെടുപ്പിനെ ബാധിക്കും എന്നതാണ് മറ്റൊരു സംശയം. ഇടയ്ക്കിടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് കൃത്യമായ കാഴ്ച്ചപ്പാടുണ്ടാകും. എന്നാല്‍ ഇവയെല്ലാം ഒന്നിച്ചു നടക്കുമ്പോള്‍ ആര്‍ക്കൊപ്പമാകണമെന്നതില്‍ അത്രപെട്ടെന്നൊരു നിഗമനം നടക്കുമോ എന്നും ആശയക്കുഴപ്പമുണ്ട്.  ഇടയ്ക്കിടെ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയക്കാര്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ പലതവണ എത്തുകയും അവരുടെ ആവശ്യങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കുകയും ചെയ്യുന്നുണ്ട്.  പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവരുടെ തനതായ രാഷ്ട്രീയ ശബ്ദത്തിന് ഇടം നല്‍കുന്നതുകൂടിയാണ് നിലവിലുള്ള തെരഞ്ഞെടുപ്പ് രീതി.

READ ALSO; ‘ഒരാള്‍ പദ്ധതി നല്‍കുന്നു, മറ്റൊരാള്‍ നടപ്പിലാക്കുന്നു’- വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാതെ മോദിയേയും അമിത്ഷായെയും വീണ്ടും പ്രശംസിച്ച് രജനികാന്ത്

ഈ ആശയക്കുഴപ്പങ്ങള്‍ക്ക് ഉചിതമായ മറുപടികള്‍ ഇതുവരെ നിര്‍ദേശിക്കപ്പെട്ടിട്ടില്ല എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.  എന്തായാലും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതില്‍ വിശദമായ ചര്‍ച്ച നടക്കണമെന്നാണ് പ്രധാനമന്ത്രി മോദി ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാര്‍ ഇതിനെ പിന്തുണയ്ക്കുന്നത്. അനാവശ്യ ചെലവുകള്‍ കുറച്ച് സുതാര്യവും സുരക്ഷിതവുമായ ഒറ്റ തെരഞ്ഞെടുപ്പ് വഴി രാജ്യത്തിനെ പുരോഗതിയിലേക്ക് നയിക്കാം എന്നാണ് മോദി കരുതുന്നതെങ്കില്‍ അ്ക്കാര്യത്തിലെ നിലപാടുകളും കാഴ്ച്ചപ്പാടുകളും എന്താണെന്ന് അറിയാനെങ്കിലും എതിര്‍ക്കുന്നവര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

READ ALSO: ദുരന്തങ്ങള്‍ ആവര്‍ത്തിച്ചിട്ടും പാഠമാക്കാതെ സര്‍ക്കാര്‍; ഒരു വര്‍ഷത്തിനിടെ അനുമതി നേടിയത് 129 ക്വാറികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button