Latest NewsKeralaIndia

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റുകൊടുത്തതിന്റെ സുപ്രധാന രേഖകള്‍ പുറത്തു വിട്ട് ഫേസ്‌ബുക്ക് പേജ് : പങ്കുവെച്ച് ശ്രീധരൻ പിള്ള

തിരുവനന്തപുരം : ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റുകൊടുത്തതിന്റെ സുപ്രധാന രേഖകള്‍ പുറത്തു.ക്വിറ്റ് ഇന്ത്യാ സമരക്കെ ഉള്‍പ്പടെ കമ്മ്യൂണിസ്റ്റുകള്‍ ഒറ്റു കൊടുത്തുവെന്ന ചര്‍ച്ചകള്‍ക്ക് കൂടുതൽ ആധികാരികത നൽകുന്ന തരത്തിലുള്ള രേഖകളാണ് കേരളീയം എന്ന ഫേസ്ബുക്ക് പേജ് പുറത്തു വിട്ടത്..നാഷണല്‍ ആര്‍ക്കൈവ്‌സ് , ബ്രിട്ടീഷ് ആര്‍ക്കൈവ്‌സ് എന്നിവിടങ്ങളില്‍ നിന്ന് സമ്പാദിച്ച രേഖകളാണ് പുറത്തുവിട്ടത്.ഐ.എന്‍.എ ഭടന്മാരെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുത്തതിന്റെയും ദേശാഭിമാനി പ്രസിദ്ധീകരിക്കാന്‍ ബ്രിട്ടീഷുകാര്‍ കാശു കൊടുത്തതിന്റെയും രേഖകള്‍ പുറത്തുവിട്ടതില്‍ ഉള്‍പ്പെടുന്നു. പി എസ ശ്രീധരൻ പിള്ള ഉൾപ്പെടെയുള്ള നേതാക്കൾ ഇത് പങ്കുവെച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം: <<::::കമ്മിചരിതം – ചതിയുടെ കമ്യൂണിസ്റ്റ് ചരിത്രം::::>>

ഒരുകാലത്ത് രാജ്യത്തിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി ഇന്ന് കനൽത്തരി മാത്രമായത് പാർട്ടി തന്നെ അതിനായി അദ്ധ്വാനിച്ചതുകൊണ്ടാണ്. അടവുനയങ്ങൾ മാത്രമുള്ള ഒരു രാഷ്ട്രീയ പാർട്ടി, സ്വന്തം ക്രഡിബിലിറ്റി സ്വയം നഷ്ടപ്പെടുത്തി പട്ടടയിൽ ചെന്നുകയറുകയായിരുന്നു.

ഒരു പോസ്റ്റിൽ 42 ഫോട്ടോകൾ മാത്രമേ ഫേസ്‌ബുക്ക് അനുവദിക്കൂ എന്നതുകൊണ്ട് മുഴുവൻ തെളിവുകളും ഇതിൽ ഉൾക്കൊള്ളിക്കാൻ സാധിച്ചിട്ടില്ല. 4 എണ്ണം കമന്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

സ്വാതന്ത്ര്യസമരത്തെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ചതിച്ചു എന്നതിന്റെ രേഖകള്‍ ആദ്യമായി പൊതുമദ്ധ്യത്തില്‍ എത്തിച്ചത് അരുണ്‍ ഷൂരി ആയിരുന്നു. The Great Betrayal എന്നപേരില്‍ നാഷണല്‍ ആക്കൈവ് രേഖകള്‍ ആസ്പദമാക്കി ലേഖനം എഴുതുകയും, The Only Fatherland എന്നപേരില്‍ പുസ്തകം രചിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന് ലഭിക്കാത്ത നിരവധി രേഖകളും വിശദാംശങ്ങളും കേരളീയത്തിന് ലഭ്യമാണ്.

വിഷയത്തിലേയ്ക്ക് വരാം.

സ്വന്തം നാടിനെയും ജനങ്ങളെയും അണികളെയും ചതിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്ക് വളരാനോ നിലനിൽക്കാനോ സാധിക്കുമോ? അത്തരമൊരു ചരിത്രമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വളരെ നിര്‍ണ്ണായകമായ ഘട്ടത്തില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ ജനതയെയും നാടിനെയും ചതിച്ചു. കമ്യൂണിസ്റ്റ് പിതൃഭൂമിയും സ്വർഗ്ഗഭൂമിയുമായിരുന്ന സോവിയറ്റ് യൂണിയനും, കമ്യൂണിസ്റ്റ് ഏകാധിപതിയും കോടിക്കണക്കിന് കര്‍ഷകരെയും തൊഴിലാളികളെയും കൊന്നൊടുക്കിയ ജോസഫ് സ്റ്റാലിന്‍ എന്ന നരാധമനും വേണ്ടിയായിരുന്നു ആ ചതി.

<<1941 വരെയുള്ള ലോകക്രമം>>

ലോക കമ്യൂണിസ്റ്റ് പാര്‍ട്ടികളെ എല്ലാം ഒരു കുടക്കീഴിലാക്കി നിയന്ത്രിച്ച് ലോക ശക്തിയാക്കാനായി സോവിയറ്റ് യൂണിയന്‍ സ്ഥാപിച്ച “കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണല്‍” എന്ന സംവിധാനം, സ്റ്റാലിന്‍ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിയന്ത്രിച്ചിരുന്നത് സോവിയറ്റ് യൂണിയനും അവരുടെ താല്‍പര്യങ്ങളുമായിരുന്നു എന്ന് ചുരുക്കം. അതിനെ ഒരു രാജ്യത്തിന്‍റെ മാത്രം താല്‍പര്യത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന സങ്കുചിത നിലപാടിനെക്കാള്‍ സ്വതന്ത്രവും വിശാലവുമാണ്‌ എന്ന മട്ടിലായിരുന്നു കമ്യൂണിസ്റ്റുകാര്‍ വീക്ഷിച്ചിരുന്നത്. ദേശീയത മോശപ്പെട്ട സംഗതിയാണ് എന്ന കാഴ്ചപ്പാടാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്ത്യത്തിന് കാരണമായത് എന്നുപറയാം.

അക്കാലംവരെ സോവിയറ്റ് യൂണിയന്‍ ബ്രിട്ടന്‍റെ എതിര്‍ചേരിയില്‍ ആയിരുന്നു. അധിനിവേശ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി, അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന ഫാസിസ്റ്റുമായി ജോസഫ് സ്റ്റാലിന്‍ രഹസ്യകരാര്‍ ഉണ്ടാക്കിയിരുന്നു. പരസ്യമായ അനാക്രമണ കരാറും രഹസ്യമായി പോളണ്ട് അടക്കമുള്ള അയല്‍രാജ്യങ്ങളെ ആക്രമിച്ച് പങ്കിട്ടെടുക്കാനുമായി രഹസ്യമായ കരാറും. ആ രഹസ്യകരാര്‍ പുറംവെളിച്ചം കാണുന്നത് സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്ക് ശേഷം മാത്രമാണ്.

അതായത്, അക്കാലമത്രയും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടുകയായിരുന്നു. അത് രാജ്യത്തോടുള്ള കടപ്പാടിന്‍റെ ഭാഗമായിരുന്നു എന്നായിരുന്നു അന്നത്തെ കമ്യൂണിസ്റ്റ് പ്രോപ്പഗണ്ട. പാര്‍ട്ടിയുടെ അക്രമമാര്‍ഗ്ഗങ്ങളും, രക്തരൂക്ഷിത വിപ്ലവചരിത്രങ്ങളും കാരണം പാര്‍ട്ടിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് കയ്യൂര്‍ സമരസഖാക്കള്‍ ഉള്‍പ്പെടെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയിലിലായി. ആ കാലത്തിനുശേഷം ഒരു കമ്യൂണിസ്റ്റ് പോരാട്ടചരിത്രവും നിങ്ങൾക്ക് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ആർക്കും ചൂണ്ടിക്കാണിക്കാനാവില്ല.

<<മാറിയ ലോകക്രമം>>

എന്നാല്‍ 1941 ജൂണില്‍ ജര്‍മ്മനി കരാര്‍ ലംഘിച്ച് സോവിയറ്റ് യൂണിയനെ ആക്രമിച്ചു. സ്റ്റാലിന്‍ രക്ഷാര്‍ത്ഥം ബ്രിട്ടന്‍റെ സഹായം തേടി. അങ്ങനെ ഇന്ത്യയിലെ പാര്‍ട്ടിയെ നിയന്ത്രിച്ചിരുന്ന ശക്തികള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും നിലപാട് മാറ്റാന്‍ ആവശ്യപ്പെട്ടു. സോവിയറ്റ് യൂണിയന്‍റെ പാര്‍ട്ടി സംവിധാനത്തോടുമാത്രം പ്രതിബദ്ധതയുണ്ടായിരുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അങ്ങനെ അതുവരെയുണ്ടായിരുന്ന ശത്രു പെട്ടന്ന്‍ മിത്രമായി മാറി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയിരുന്ന സഖാക്കള്‍ക്ക് പുതിയ ലക്ഷ്യവും മുദ്രാവാക്യവും ലഭിച്ചു. അതുപ്രകാരം ഇതുവരെ സോവിയറ്റ് യൂണിയന്‍റെയും പാര്‍ട്ടിയുടെയും മിത്രമായിരുന്ന ജര്‍മ്മനിയായി മുഖ്യശത്രു. അന്നുമുതല്‍ക്കാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഫാസിസ്റ്റ് വിരുദ്ധരായത്. മിത്രത്തിനെ പെട്ടന്ന്‍ ശത്രുവാക്കാം എന്നാല്‍ ശത്രുവിനെ പെട്ടന്ന്‍ മിത്രമാക്കാനാവില്ലല്ലോ.

<<ആര്‍ക്കൈവ് രേഖകള്‍>>

(ഇനിയങ്ങോട്ടുള്ള വിവരങ്ങളും വിശകലനങ്ങളും എല്ലാംതന്നെ ബ്രിട്ടീഷ് ലൈബ്രറിയില്‍നിന്നും ഇന്ത്യന്‍ നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയില്‍ നിന്നും ലഭിച്ച ചരിത്ര തെളിവുകളെ അടിസ്ഥാനമാക്കിയാണ്. അല്ലാത്തവയ്ക്ക് റഫറന്‍സ് നല്‍കിയിട്ടുണ്ട്.)

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടവുനയങ്ങള്‍ പ്രതിസന്ധിയിലായി എന്ന് ബ്രിട്ടന് മനസ്സിലായി. 1942 ജനുവരി 10-ന് ഇന്ത്യന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ അഡീഷണല്‍ സെക്രട്ടറിയായിരുന്ന സര്‍ റിച്ചാര്‍ഡ് ടോട്ടന്‍ഹാം എല്ലാ പ്രവിശ്യാസര്‍ക്കാരിന്‍റെ സെക്രട്ടറിമാര്‍ക്കും ഒരു രഹസ്യകത്ത് അയക്കുന്നു. അതോടൊപ്പം ഒരു മെമ്മോറാണ്ടം കൂടിയുണ്ടായിരുന്നു. ഇതുവരെ ബ്രട്ടീഷുകാരെ എതിര്‍ത്തിരുന്ന ചിലര്‍ ആ നയം മാറ്റുന്നു എന്നും അതിനാല്‍ ഓരോ വ്യക്തിയേയും പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കണം എന്നുമായിരുന്നു ആ കത്തിന്‍റെ ഉള്ളടക്കം. (തെളിവ്-1)

രണ്ടാം ലോകമഹായുദ്ധം ശക്തിപ്പെട്ട സമയത്ത് ഇന്ത്യയുടെ പിന്തുണ ബ്രിട്ടന് അത്യാവശ്യമായിരുന്നു. എന്നാല്‍ ഈസമയത്ത് സ്വാതന്ത്ര്യസമരം കൂടുതല്‍ ശക്തമാക്കാനാണ് ദേശീയപ്രസ്ഥാനങ്ങള്‍ തീരുമാനിച്ചത്. കോണ്ഗ്രസ്, മുസ്ലീം ലീഗ്, ഹിന്ദു മഹാസഭ തുടങ്ങിയ പ്രസ്ഥാനങ്ങളെ അതില്‍നിന്ന് പിന്തിരിപ്പിക്കാനായി സര്‍ സ്റ്റാഫോര്‍ഡ്‌ ക്രിപ്സിന്റെ നേതൃത്വത്തില്‍ ഒരു സംഘം 1942 മാര്‍ച്ച് മാസത്തില്‍ ഇന്ത്യയിലെത്തി. രണ്ടാംലോകമഹായുദ്ധം കഴിഞ്ഞാലുടന്‍ പരിമിതമായ അധികാരങ്ങള്‍ സ്വദേശികള്‍ക്ക് നല്‍കാമെന്ന ബ്രിട്ടന്‍റെ ഉറപ്പ് ഇന്ത്യയിലെ ഒരു സംഘടനയും സ്വീകരിച്ചില്ല. പൂർണ്ണ അധികാരം സ്വദേശികൾക്ക് കൈമാറണം എന്നതായിരുന്നു അവരുടെ എല്ലാം ആവശ്യം. അങ്ങനെ അവര്‍ ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചു.

<<പി.സി ജോഷി-ക്രിപ്സ് ചര്‍ച്ച>>

ദേശീയപ്രസ്ഥാനങ്ങള്‍ എല്ലാം കയ്യൊഴിഞ്ഞാലും കമ്യൂണിസ്റ്റ് പാര്‍ട്ടി കൈവിടില്ല എന്ന് ബ്രിട്ടീഷുകാര്‍ക്ക് അറിയാമായിരുന്നു. അന്നത്തെ പാര്‍ട്ടി ജനറല്‍സെക്രട്ടറിയായിരുന്ന പി.സി ജോഷിയുടെ സുഹൃത്തുക്കള്‍ മുഖേന ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ ജോഷിയുമായി രഹസ്യമായി ബന്ധപ്പെട്ടു. സര്‍ സ്റ്റാഫോര്‍ഡ്‌ ക്രിപ്സുമായി കൂടിക്കാഴ്ചയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി. അന്ന് ജോഷിയുടെ പേരില്‍ അറസ്റ്റ് വാറണ്ട് നിലനിന്നിരുന്നു. ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ ജോഷിക്ക് സൗകര്യപൂര്‍വ്വം വരാനായി ജോഷിയുടെ വാറണ്ട് 10 ദിവസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്യണമെന്ന് ക്രിപ്സിന്റെ സെക്രട്ടറി സര്‍ക്കാരിനോട് 1942 ഏപ്രില്‍ 6-ന് ആവശ്യപ്പെട്ടു. (തെളിവ്-2)

അതുപ്രകാരം പിറ്റേദിവസം തന്നെ ജോഷിയുടെ വാറണ്ട് 10 ദിവസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിറങ്ങി. (തെളിവ്-3)

അങ്ങനെ ജോഷി രഹസ്യമായി സര്‍ ക്രിപ്സുമായി ചര്‍ച്ചകള്‍ നടത്തി. ക്രിപ്സുമായുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ നാഷണല്‍ ആര്‍ക്കൈവ്സില്‍നിന്നോ ബ്രിട്ടീഷ് ലൈബ്രറിയില്‍നിന്നോ ഇതുവരെ കേരളീയത്തിന് ലഭിച്ചിട്ടില്ല. അതോടെ രഹസ്യചര്‍ച്ചകള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് അധികൃതരും പി.സി.ജോഷിയും നേരിട്ടായി. ഇതിനിടയില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി രഹസ്യബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രാഥമിക അനുമതി ബ്രിട്ടന്‍റെ വാര്‍കാബിനറ്റില്‍ നിന്നും ലഭിച്ചു.

<<കമ്യൂണിസ്റ്റ്-ബ്രിട്ടീഷ് രഹസ്യബാന്ധവം നടപ്പിലാകുന്നു>>

പി.സി.ജോഷിയുമായുള്ള ചര്‍ച്ചകളിലൂടെ കമ്യൂണിസ്റ്റുകാര്‍ ബ്രട്ടീഷ് വിരോധം ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ അഡീഷനല്‍ സെക്രട്ടറി ആയിരുന്ന സര്‍ റിച്ചാര്‍ഡ് ടോട്ടന്‍ഹാമിനും ബോധ്യമായി. തുടര്‍ന്ന്, മനം മാറ്റം പ്രകടിപ്പിക്കുന്ന കമ്യൂണിസ്റ്റുകാരെ ജയില്‍ മോചിതരാക്കുന്ന കാര്യം പരിഗണിക്കണമെന്നും അവരുടെ ലിസ്റ്റ് തയ്യാറാക്കി നല്‍കണമെന്നും ടോട്ടന്‍ഹാം പ്രവിശ്യാസര്‍ക്കാരുകള്‍ക്ക് 1942 ഏപ്രില്‍ 21-ന് നിര്‍ദ്ദേശം നല്‍കി. അതേസമയം, ക്രിമിനല്‍ കേസുകളില്‍ പെട്ട കമ്യൂണിസ്റ്റുകാരുടെ വിഷയം വ്യത്യസ്ഥമായി പരിഗണിക്കണമെന്ന കാര്യവും അതില്‍ സൂചിപ്പിച്ചിരുന്നു. (തെളിവ്-4)

ബ്രിട്ടീഷുകാര്‍ക്കനുകൂലമായി “കളി കളിക്കാന്‍” ടിയാന്‍ തയ്യാറായില്ലെങ്കില്‍ ഒരുമാസത്തെ നോട്ടീസ് കൊടുത്ത് വീണ്ടും വാറണ്ട് ഏല്‍പ്പിക്കണം എന്ന കണ്ടീഷനില്‍ പി.സി. ജോഷിയുടെ വാറണ്ട് ക്യാന്‍സല്‍ ചെയ്യാനായുള്ള ഇന്റലിജന്‍സ് അംഗീകാരം 1942 ഏപ്രില്‍ 27-ന് ലഭിക്കുന്നു. ജോഷി ബ്രിട്ടീഷുകാർക്ക് അനുകൂലമായി വഴങ്ങിയില്ലെങ്കിൽ പിന്നീട് വാറണ്ട് പുനസ്ഥാപിക്കാനും ആ അംഗീകാരത്തിൽ നിർദേശമുണ്ടായിരുന്നു. (തെളിവ്-5)

1942 ഏപ്രില്‍ 28-ന് പി.സി. ജോഷിയുടെ 1940-ൽ പുറപ്പെടുവിച്ചിരുന്ന വാറണ്ട് ക്യാന്‍സല്‍ ചെയ്തു. (തെളിവ്-6) (തെളിവ്-7)

1942 ഏപ്രില്‍ 30-ന് പി.സി. ജോഷിയുടെ വാറണ്ട് ക്യാന്‍സല്‍ ചെയ്തതിന്‍റെ നോട്ടിഫിക്കേഷന്‍, അതിന് നിദാനമായ കണ്ടീഷന്‍ വിവരിച്ചുകൊണ്ട് എല്ലാ പ്രവശ്യാ സര്‍ക്കാരുകള്‍ക്കും അയക്കുന്നു. (തെളിവ്-8)

<<നവീകരിച്ച അടവുനയവും പാര്‍ട്ടി പ്രൊപ്പഗണ്ടയും>>

എന്തായാലും ബ്രിട്ടീഷ് സര്‍ക്കാരിന് ജോഷിയുടെ വാറണ്ട് പിന്നീട് തിരിച്ച് പ്രയോഗിക്കേണ്ടി വന്നില്ല. ജോഷിയും പാര്‍ട്ടിയും തങ്ങളുടെ വാലാട്ടിപ്പട്ടികളായി എന്ന ബോദ്ധ്യം അവര്‍ക്ക് ലഭിച്ചു എന്ന് ചുരുക്കം. പി.സി ജോഷിയുടെ പേരില്‍ ഒരു പ്രവിശ്യാ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന അറസ്റ്റ് വാറണ്ടും ക്യാന്‍സല്‍ ചെയ്യാനുള്ള ഉത്തരവ് ഇറങ്ങി. അതോടെ പാര്‍ട്ടിയും ബ്രിട്ടീഷുകാരും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ പാര്‍ട്ടിയുടെ ഉന്നതനേത്രുത്വത്തില്‍ നടന്നു. അതുപ്രകാരം പാര്‍ട്ടി പുതിയൊരു അടവുനയം തട്ടിക്കൂട്ടി. പാര്‍ട്ടിയുടെ നിരോധനം പിന്‍വലിപ്പിക്കാനും പ്രവര്‍ത്തനസ്വാതന്ത്ര്യം നേടിയെടുക്കാനും ജയിലില്‍ കിടക്കുന്ന പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും മോചിതരാക്കാനും പാര്‍ട്ടി പദ്ധതിയിട്ടു. ചര്‍ച്ചകള്‍ പുരോഗമിക്കുന്ന മുറയ്ക്ക് പാര്‍ട്ടിയോടുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ സമീപനങ്ങള്‍ മൃദുവായി. ധാരണകള്‍ പ്രകാരം കൂടുതല്‍ കമ്യൂണിസ്റ്റ് നേതാക്കളെ നേതാക്കളെ മോചിതരാക്കാന്‍ അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ 4 പേജുള്ള നിര്‍ദ്ദേശങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ എല്ലാ പ്രവിശ്യാ സര്‍ക്കാരുകള്‍ക്കും 1942 ജൂണ്‍ 8-ന് അയച്ചു. (ലാസ്റ്റ് പേജ് തെളിവ്-9)

ധാരണകള്‍ പ്രകാരം പാര്‍ട്ടിയുടെ നിരോധനം ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്‍വലിച്ചു. പാര്‍ട്ടിക്ക് പത്രപ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിച്ചു. പത്രക്കടലാസുകളുടെ സബ്സിഡിയും ഇലെക്ട്രിക് പവര്‍ സബ്സിഡിയും വര്‍ദ്ധിപ്പിച്ചു. കൂടുതൽ സബ്‌സിഡിക്കായി പാർട്ടി അപേക്ഷകൾ അയച്ചു. അപേക്ഷകളിൽ മലയാളപത്രമായ ദേശാഭിമാനിയെക്കുറിച്ച് നിരവധി പരാമര്‍ശങ്ങളുണ്ട്. (തെളിവ്-10)

കൂടാതെ, അത്തരം അപേക്ഷകളിൽ പാര്‍ട്ടിയുടെ രാജ്യസ്നേഹത്തെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ കുത്തിനിറച്ചിരുന്നു. സ്വന്തം നാടിനെ ഒറ്റുകൊടുക്കുന്ന നയവും സ്വീകരിച്ചുകൊണ്ട് ബ്രിട്ടീഷ് സർക്കാരിന് അയക്കുന്ന കത്തുകളിൽ തങ്ങൾ മാത്രമാണ് രാജ്യസ്നേഹമുള്ള പാർട്ടി എന്നാണ് അവർ സ്വയം വിശേഷിപ്പിച്ചിരുന്നത് എന്നുകാണാം. (തെളിവ്-11)

പാര്‍ട്ടി പുതിയ അടവുനയം പാര്‍ട്ടി സഖാക്കളില്‍ എത്തിച്ചു. ഇനിമുതല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ എന്നതല്ല നമ്മുടെ മുദ്രാവാക്യം ഫാസിസ്റ്റ് ജര്‍മ്മനി തുലയട്ടെ എന്നതാണെന്ന് താത്വീകരിച്ചുനല്‍കി. സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെയുള്ള ലോകം ഭയാനകമായ ഫാസിസ്റ്റ് ആക്രമണം നേരിടുമ്പോള്‍ അതിനെ നേരിടുന്ന ബ്രിട്ടനോട് നമ്മള്‍ പോരാടുന്നത് ലോകനന്മയ്ക്ക് യോജിക്കുന്നതല്ല എന്ന തത്വം ഉരുട്ടിയെടുത്തു. പാര്‍ട്ടിയുടെ പുതിയ ലൈന്‍ “പീപ്പിള്‍സ് വാര്‍”, അതായത് “ജനകീയയുദ്ധം” എന്നതിനോട് അനുകൂലിച്ചാണെന്നുമുള്ള പ്രചാരണങ്ങള്‍ പത്രങ്ങളിലൂടെ അഴിച്ചുവിട്ടു.

നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാട്ടം നടത്തുന്ന സുഭാഷ്‌ചന്ദ്രബോസിനെയും ഫോർവേർഡ് ബ്ലോക്കിനെയും പൊതുവേദികളിൽ കുറ്റപ്പെടുത്തുകയും അഞ്ചാംപത്തികൾ(സ്വന്തം നാടിനെ ഒറ്റുന്നവർ) എന്നുവിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. സത്യത്തിൽ ആപ്പണി പാർട്ടിയുടെ ദൗത്യമായിരുന്നു! (തെളിവ്-12)

ദേശീയപ്രസ്ഥാനങ്ങൾ ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭം നയിച്ചപ്പോൾ കമ്യൂണിസ്റ്റുകാർ “ദേശീയ ഏകതാവാരം” എന്ന ബ്രിട്ടീഷ്‌ അനുകൂല പരിപാടികൾ നടത്തി. (തെളിവ്-13)

അടവുനയത്തിൻ്റെ ഭാഗമായി ഹിന്ദു-മുസ്ളീം ഐക്യ പ്രൊപ്പഗണ്ടയും ബ്രിട്ടീഷ് നിലപാടുകളെ വിമർശിക്കലും സോവിയറ്റ് സ്നേഹപ്രകടനങ്ങളും ഒക്കെ നടത്തി. മതത്തിന്റെ പേരിൽ രാജ്യത്തിനെ വെട്ടിമുറിക്കാൻ മുൻപന്തിയിൽ പിന്നീട് വന്നത് ഇവർ തന്നെയായിരുന്നു എന്നത് ചരിത്രം! (തെളിവ്-14)

കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഴിച്ചുള്ള ബാക്കി എല്ലാ “രാജ്യദ്രോഹികളായ” പാര്‍ട്ടികളെയും ദേശീയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും “അഞ്ചാംപത്തികള്‍” എന്നായിരുന്നു ജോഷി ബ്രിട്ടീഷുകാർക്ക് അയയ്ക്കുന്ന കത്തുകൾ ഉൾപ്പെടെ എല്ലായിടങ്ങളിലും പരാമര്‍ശിച്ചിരിക്കുന്നത്. (തെളിവ്-15)

ഇതേസമയം, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനം നീക്കുന്നത് സംബന്ധിച്ച് ബ്രിട്ടനില്‍ ചര്‍ച്ചകള്‍ നടക്കുകയും വാര്‍ക്യാബിനറ്റിന്‍റെ അനുമതി സംബന്ധിച്ച ജൂലൈ 13, 1942-ലെ രേഖകള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് സര്‍ക്കാരിന് ലഭിച്ചു. (തെളിവ്-16)

അങ്ങനെ 1942 ജൂലൈ 20-ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നിരോധനം ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്‍വലിച്ചു.

<<കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭീമഹർജ്ജി>>

പാര്‍ട്ടി കൂടുതല്‍ കൂടുതല്‍ ആവശ്യങ്ങള്‍ ബ്രിട്ടീഷുകാരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. പാര്‍ട്ടി സഖാക്കളെ മുഴുവന്‍ ജയില്‍ മോചിതരാക്കണം എന്നതായിരുന്നു പാർട്ടിയുടെ മുഖ്യ ആവശ്യം. എന്നാല്‍ എല്ലാവരെയും ജയില്‍ മോചിതരാക്കാന്‍ ബ്രിട്ടീഷുകാര്‍ സന്നദ്ധമായില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ ജയില്‍ മോചിതരാക്കിയാല്‍ അവരെല്ലാം സ്വാതന്ത്ര്യസമരത്തിന് എതിരെയും ബ്രിട്ടീഷ് (യുദ്ധ)താല്പര്യങ്ങള്‍ക്ക് അനുകൂലമായും വര്‍ത്തിക്കും എന്ന ഉറപ്പ് പാര്‍ട്ടി സര്‍ക്കാരിന് നല്‍കി. പാര്‍ട്ടിയുടെ പുതിയ ലൈനായ ബ്രിട്ടീഷ് അനുകൂല നിലപാടുള്ള പ്രവര്‍ത്തകരെ മാത്രമേ മോചിതരാക്കൂ എന്നതായിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ നിലപാട്. അപ്പോഴും കൊലപാതകം, ബോംബ് സ്ഫോടനം പോലുള്ള ആരോപണം നേരിടുന്നവരെ സർക്കാർ മോചിതരാക്കിയില്ല.

അങ്ങനെ പി.സി ജോഷി മുൻകൈ എടുത്ത് ഒരു ഭീമഹർജ്ജി പാർട്ടി തയ്യാറാക്കി. 130-ല്‍പ്പരം പേജുകള്‍ ഉള്ളതിനാല്‍ ഈ ഭീമഹർജ്ജി മുഴുവന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രസിദ്ധപ്പെടുത്താനാവില്ല. പിസി ജോഷി ഒപ്പിട്ട കവർ ലെറ്ററോടുകൂടി ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥന് സമർപ്പിച്ചു. (തെളിവ്-17)

ഭീമഹർജ്ജിക്കുള്ളിൽ 9 പേജുള്ള രത്നച്ചുരുക്കം സ്വന്തം ഒപ്പിട്ട് ഉൾപ്പെടുത്താനും പിസി ജോഷി മറന്നില്ല. അതിൽ പാർട്ടിയുടെ പ്രൊപ്പഗണ്ടയും ആവലാതികളും ലക്ഷ്യവും വാഗ്ദാനങ്ങളും എല്ലാം ജോഷി ഉൾപ്പെടുത്തിയിരിക്കുന്നു. വിസ്താരഭയത്താൽ അതേക്കുറിച്ചുള്ള വിശകലനം വായനക്കാർ സ്വയം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. (തെളിവ്-18)

എന്തായാലും പാർട്ടി, ബ്രിട്ടീഷ് സർക്കാർ എന്നീ രണ്ട് കക്ഷികളുടെയും താല്പര്യങ്ങളും പരിമിതികളും പരസ്പരം മനസ്സിലാക്കി സഹകരിക്കുക എന്നൊരു ധാരണയിലൂടെയായിരുന്നു അവർ പരസ്പരം വർത്തിച്ചിരുന്നത് എന്ന് മനസ്സിലാക്കാം. അതിൻ്റെ ഭാഗമായി പാർട്ടി അണികളെയും പൊതുജനത്തെയും വിഡ്ഢികളാക്കുക എന്ന തന്ത്രമായിരുന്നു പാർട്ടി പിന്നീട് സ്വാതന്ത്ര്യസമരത്തിൽ ഉടനീളം സ്വീകരിച്ചത്.

പ്രവിശ്യകള്‍ തിരിച്ചുള്ള ആ ഭീമഹർജ്ജിയിൽ പാര്‍ട്ടി എങ്ങനെയൊക്കെയാണ് ബ്രിട്ടീഷ് സര്‍ക്കാരിനെ സഹായിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിശദീകരണങ്ങൾ നിരത്തിയിരിക്കുന്നു. അതോടൊപ്പം സ്വാതന്ത്ര്യ സമരത്തോട് അനുബന്ധിച്ചും അല്ലാതെയുമുള്ള പണിമുടക്കുകൾ പരാജയപ്പെടുത്തിയത്, ബ്രിട്ടന്റെ യുദ്ധത്തോട് ജനങ്ങളുടെ പിന്തുണ ഉറപ്പിക്കാനായി നടത്തിയ ജാഥകളും പ്രചാരണങ്ങളും നടത്തിയത് എന്നിവ വിവരിച്ചിരിക്കുന്നു.

മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന കേരളദേശത്തിനായി പ്രത്യേകതലക്കെട്ടില്‍ കാര്യങ്ങള്‍ ഹർജിയിൽ അവതരിപ്പിച്ചിരിക്കുന്നു. കൊച്ചിയുടെയും തിരുവിതാകൂറിന്റെയും പേരുകളിൽ വീണ്ടും അത് വിഭജിച്ചിരിക്കുന്നു. അതില്‍ നിങ്ങള്‍ക്ക് സി. അച്യുതമേനോന്‍, ഇ.കെ നായനാര്‍, എ.കെ. ഗോപാലന്‍ എന്നീ പ്രമുഖ വ്യക്തികളുടെ പേരുകള്‍ കാണാനാകും. ഭീമഹർജിയിലെ കേരളത്തെ സംബന്ധിച്ച 11 പേജുകളുള്ള എല്ലാ തെളിവുകളും പോസ്റ്റിനോടൊപ്പം ചേർക്കുന്നു. (തെളിവ്-19) (ചില പേജുകൾക്ക് റെസള്യൂഷൻ കുറവുണ്ട് എന്നത് ക്ഷമിക്കുമല്ലോ)

<<കയ്യൂർ സമരസഖാക്കൾ>>

ഇതേസമയം പാര്‍ട്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്തിരുന്ന കാലത്ത് ജയിലിലായിരുന്ന കയ്യൂര്‍ സമരസഖാക്കളില്‍ അഞ്ചുപേര്‍ക്ക് വധശിക്ഷ വിധിച്ചു. അതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കഴുമരത്തില്‍നിന്ന് രക്ഷപെട്ടു. കഴുമരം കാത്തിരുന്ന സഖാക്കളെ രക്ഷിക്കാന്‍ ബ്രിട്ടീഷ് പക്ഷത്തേയ്ക്ക് കൂറുമാറിയ പാര്‍ട്ടി ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. സഖാക്കള്‍ കഴുവിലേറുന്നതിന്റെ തലേന്ന് വൈകിട്ട് പാര്‍ട്ടി സെക്രട്ടറി പി.സി. ജോഷി അവരെ സന്ദര്‍ശിച്ചു.( https://www.marxists.org/…/labour…/1943/08/kayyur-heroes.htm )

പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷിയാകുന്ന അവര്‍ പാര്‍ട്ടിക്ക് മാതൃകയാണെന്ന്‍ പറഞ്ഞു. എങ്കിലും ആ പോരാളികള്‍ ആര്‍ക്കെതിരെയാണോ പോരാടി കഴുവിലേറാന്‍ പോകുന്നത്, അവര്‍ ഇന്ന് പാര്‍ട്ടിയുടെ കൂട്ടാളികളായിക്കഴിഞ്ഞിരിക്കുന്നു എന്നസത്യം അവരെ അറിയിക്കാതിരിക്കാന്‍ പാര്‍ട്ടി ശ്രദ്ധിച്ചിരിക്കണം. അന്ന് നാടിനെവേണ്ടി കഴുവിലേറിയ അബൂബക്കര്‍, കുഞ്ഞമ്പു, മഠത്തില്‍ അപ്പു, ചീരുകണ്ടന്‍ എന്നീ ബലിദാനികള്‍ക്ക് കേരളീയത്തിന്റെ അശ്രുപൂക്കള്‍.

കേരളത്തിൽ കമ്യൂണിസ്റ്റുകാർ പ്രതികളായ കയ്യൂർ. മൊറാഴ കേസുകളിലെ പ്രതികളായവരെ പാർട്ടിക്കാരായി കാണാനാകില്ല എന്ന ബ്രിട്ടീഷ് നിലപാട് ഈ ഭീമഹർജിയോട് അനുബന്ധിച്ച് ബ്രിട്ടീഷുകാർ തമ്മിലുള്ള കാത്തിടപാടുകളിൽ വ്യക്തമായി കാണാം. മൊറാഴ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാർട്ടി പ്രവർത്തകൻ, പിന്നീട് ജീവപര്യന്തമായി ശിക്ഷ ചുരുക്കികിട്ടിയതുകൊണ്ടാണ് രക്ഷപെട്ടത്.

ഭീമഹർജിയെക്കുറിച്ചും ബ്രട്ടീഷ് നിലപാടുകളെക്കുറിച്ചുമുള്ള ഏകദേശധാരണ 4 പേജടങ്ങുന്ന രേഖകൾ വായിച്ചാൽ ലഭിക്കും. (തെളിവ്-20)

<<കള്ളി വെളിച്ചത്താകുന്നു>>

പാര്‍ട്ടിയുടെ നിലപാടുകളെയും ഗതികേടിനെയും ബ്രിട്ടീഷ് അനുകൂല പ്രവര്‍ത്തനങ്ങളെയും പ്രൊപ്പഗണ്ടകളെയും “അഞ്ചാംപത്തി” വിരുദ്ധ പോരാട്ടങ്ങളെയും ബ്രിട്ടീഷ് സര്‍ക്കാര്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി നാടിനെ ഒറ്റുകൊടുക്കുന്നതായ സംശയങ്ങള്‍ എല്ലാ ദേശീയ പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടായി. ഇതേവരെ സ്വാതന്ത്ര്യത്തിനായി പോരാടിയിരുന്ന പാര്‍ട്ടിക്കാര്‍ തങ്ങളെ ബ്രിട്ടീഷ് പോലീസിനെക്കൊണ്ട് പിടിപ്പിക്കുന്ന തരത്തിലേയ്ക്ക് തരംതാണു എന്നവര്‍ക്ക് ബോധ്യമായി. ഗാന്ധിജി പാര്‍ട്ടി സെക്രട്ടറി ജോഷിക്ക് കത്തെഴുതി. എന്താണ് നിങ്ങളുടെ പുതിയ നിലപാട്? നിങ്ങള്‍ ആരോടൊപ്പമാണ്? എന്തിനാണ് കോണ്ഗ്രസ് പ്രവര്‍ത്തകരെ പോലീസില്‍ പിടിപ്പിക്കുന്നത്? സാമ്പത്തിക ശ്രോതസ് വെളിപ്പെടുത്താമോ? എന്നിങ്ങനെ തുടങ്ങി അക്കമിട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചു. (തെളിവ്-21)

ജോഷി അക്കമിട്ടുതന്നെ ഉത്തരങ്ങള്‍ നല്‍കി. പക്ഷെ അതിലൊന്നും വസ്തുതയോ ആത്മാര്‍ത്ഥതയോ ഉണ്ടായിരുന്നില്ല. ഗാന്ധിജി ഇവയ്ക്ക് മറുചോദ്യങ്ങള്‍ കത്ത് മുഖേന ചോദിച്ചെങ്കിലും ജോഷിയുടെ തുടർന്നുള്ള മറുപടിയും പാര്‍ട്ടിയുടെ അടവുനയങ്ങള്‍ക്ക് അനുസൃതം മാത്രമായിരുന്നു. കേരളത്തിലെ ഐ.എന്‍.എ പോരാളിയായിരുന്ന വക്കം ഖാദറിന് പോലീസ് പിടിയിലായി കഴുമരത്തില്‍ കയറേണ്ടി വന്നതും കമ്യൂണിസ്റ്റ് ചതിയാകാന്‍ സാധ്യതയുണ്ട് എന്നതുകൂടി നമ്മള്‍ ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

ബ്രിട്ടീഷ് പക്ഷത്തേയ്ക്ക് കൂറുമാറിയപ്പോള്‍ പാര്‍ട്ടിക്ക് ക്ഷീണം സംഭവിച്ചതായി ആര്‍ക്കൈവ് രേഖകള്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടി സെക്രട്ടറി ജോഷിയും ബ്രിട്ടീഷ് ആഭ്യന്തര ഉദ്യോഗസ്ഥന്‍ റെജിനാള്‍ഡ് മാക്സ്വെല്ലും തമ്മില്‍ രഹസ്യ ഇടപാടുകള്‍ നടക്കുന്നതായി ശ്രുതി പരന്നിരുന്നു. (തെളിവ്-22)

<<പാർട്ടിയിലെ ആശയക്കുഴപ്പം>>

അതോടൊപ്പം പാര്‍ട്ടിയുടെ നിലപാടുമാറ്റം സ്വദേശസ്നേഹമുണ്ടായിരുന്ന പ്രവര്‍ത്തകരെ ചൊടിപ്പിക്കുകയും അവര്‍ പാര്‍ട്ടി വിടുകയും ചെയ്തു. ചില പാര്‍ട്ടി ഫോറങ്ങളില്‍ എന്താണ് തങ്ങളുടെ പുതിയ നയം എന്നത് ഉൾക്കൊള്ളാനാകുന്നില്ല എന്നും അത്തരം തര്‍ക്കങ്ങൾ പരിഹരിക്കാന്‍ ജോഷിക്കുതന്നെ പോകേണ്ടിവന്നു എന്നതൊക്കെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (തെളിവ്-23)

പൊതുജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് ഉള്‍ക്കൊണ്ടുകൊണ്ടാകണം ഒരു സമയത്ത് ജയിലില്‍ അടയ്ക്കപ്പെട്ട കോണ്ഗ്രസ് നേതാക്കളെ വിട്ടയക്കണം എന്ന പരസ്യനിലപാട് പാര്‍ട്ടി സ്വീകരിച്ചു. ഇത് സര്‍ക്കാര്‍ അധികൃതരെ ചൊടിപ്പിച്ചു. അവര്‍ ജോഷിയോട് വിശദീകരണം ആവശ്യപ്പെട്ടു. പാർട്ടിയുടെ ഭീമഹർജിക്കുള്ള മാക്‌സ്‌വെല്ലിന്റെ മറുപടിക്കത്തിൽ നിങ്ങൾക്കത് വായിക്കാം. (തെളിവ്-24)

ഇതുകൂടാതെ നിരവധി വിഷയങ്ങളില്‍ ബ്രിട്ടീഷുകാര്‍ പാര്‍ട്ടിയോട് വിശദീകരണം ചോദിക്കുന്നതിന്റെയും പാര്‍ട്ടിയെ നിയന്ത്രിക്കുന്നതിന്റെയും വാണിംഗ് നല്‍കുന്നതിന്റെയും രേഖകള്‍ ബ്രിട്ടീഷ് ഇന്ത്യ ഓഫീസ് ശേഖരങ്ങളിലുണ്ട്. പാര്‍ട്ടിയുടെ അടവുനയങ്ങളെ ബ്രിട്ടീഷുകാരോ ബ്രിട്ടീഷുകാരെ പാര്‍ട്ടിയോ പൂര്‍ണ്ണമായി വിശ്വാസത്തില്‍ എടുത്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ കൂട്ടുകെട്ടിലൂടെ സര്‍ക്കാരില്‍നിന്നും ആനുകൂല്യങ്ങള്‍ നേടിയെടുത്ത് പാര്‍ട്ടിയെ വളര്‍ത്തുക, യുദ്ധത്തില്‍ സഹകരിക്കാം എന്ന മട്ടില്‍ സൈനിക പരിശീലനം നേടിയെടുക്കുക, ആയുധങ്ങള്‍ ശേഖരിക്കുക തുടങ്ങിയവയായിരുന്നു പാര്‍ട്ടിയുടെ തന്ത്രം എന്ന്‍ ബ്രിട്ടീഷുകാരുടെ ഇന്റലിജന്‍സ് അവലോകനങ്ങളിലൂടെ മനസ്സിലാക്കാം.

അതേപോലെ യുദ്ധത്തില്‍ സഹായിക്കേണ്ടുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യസമരത്തോട് അനുബന്ധിച്ച് ഇടയ്ക്കിടെ ഉല്‍പ്പാദനകേന്ദ്രങ്ങളിലും തൊഴിലാളി ശാലകളിലും ഉണ്ടാകുന്ന പണിമുടക്കുകള്‍ പാര്‍ട്ടിയെ ഉപയോഗിച്ച് ഇല്ലാതാക്കുക, ദേശീയപ്രസ്ഥാനങ്ങളുടെ രഹസ്യങ്ങളും സമരങ്ങളും പൊളിക്കുക തുടങ്ങിയവയായിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ ലക്‌ഷ്യം.

<<ബ്രിട്ടീഷുകാരുടെ യുദ്ധപങ്കാളി>>

എന്തായാലും പരസ്പര ബാന്ധവത്തിന്റെ തുടക്കകാലങ്ങളില്‍ യുദ്ധപോരാളികളായി പാര്‍ട്ടി പ്രവര്‍ത്തകരെ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചു. പാര്‍ട്ടിക്കാര്‍ക്ക് ബ്രിട്ടീഷ് സേന പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ പണവും ആയുധങ്ങളും ബ്രിട്ടീഷുകാരില്‍നിന്ന് ശേഖരിച്ച് ബര്‍മ്മയില്‍പ്പോയി സുഭാഷ്‌ചന്ദ്രബോസ് നയിക്കുന്ന ഐ.എന്‍.എ ഭടന്മാര്‍ക്കെതിരെ യുദ്ധം ചെയ്തു എന്ന്‍ തനിക്ക് അറിവുണ്ട് എന്ന് ഡോക്ടര്‍ അംബേദ്‌കര്‍ വെളിപ്പെടുത്തുന്നുണ്ട്. (തെളിവ്-26)

എന്നാല്‍ പിന്നീട് രണ്ടുകൂട്ടരും തമ്മിലുള്ള പരസ്പരവിശ്വാസത്തില്‍ ഇടിവ് സംഭവിച്ചതായി കാണാം. കമ്യൂണിസ്റ്റുകാരെ വിശ്വസിക്കരുത്, അവരെ സേനയില്‍ ഉപയോഗിക്കരുത് എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ ബ്രിട്ടണില്‍നിന്നും ഇന്ത്യന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് ലഭിക്കുന്നു. അതോടൊപ്പം കൂലിവേല, വൃത്തിയാക്കല്‍ പോലുള്ള പണികള്‍ക്ക് മാത്രമേ അവരെ ഉപയോഗിക്കാവൂ എന്ന നയവും അവര്‍ അറിയിക്കുന്നു. ബ്രിട്ടീഷ് സേനയോടൊപ്പം ചേര്‍ന്ന്‍ ആയുധങ്ങളും പരിശീലനവും പണവും ലഭിച്ചശേഷം അതെല്ലാം നാളെ സായുധവിപ്ലവം നടത്തി അധികാരം ബ്രിട്ടീഷുകാരില്‍നിന്നും പിടിച്ചെടുക്കാന്‍ സാദ്ധ്യതയുണ്ട് എന്ന ഭയമാണ് ഇത്തരമൊരു നിലപാട് മാറ്റത്തിലേയ്ക്ക് ബ്രിട്ടീഷുകാരെ നയിക്കുന്നത്. എന്നാല്‍ അപ്പോഴേയ്ക്കും കുറെയേറെ ആയുധങ്ങള്‍ പാര്‍ട്ടി സമാഹരിച്ചുകഴിഞ്ഞിരുന്നു.

സ്വന്തം നാടിനെയും നാടിന്‍റെ സ്വാതന്ത്ര്യസമരത്തെയും കയ്യൂര്‍ ബലിദാനികളെയും ചതിച്ചിട്ടായാലും, ബ്രിട്ടീഷ് സഹായം ഉപയോഗിച്ച് പാര്‍ട്ടിയെ വളര്‍ത്താനും, ആയുധങ്ങളും പണവും സംഭരിക്കാനും പിന്നീട് അനുകൂലമായ സാഹചര്യങ്ങള്‍ ഒത്തുവരുന്ന ഘട്ടത്തില്‍ സായുധ വിപ്ലവത്തിലൂടെ ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കാനുമുള്ള തേരോട്ടത്തില്‍ ആയിരുന്നു ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി.

നാടിനെ വഞ്ചിച്ചുവെന്ന പ്രതീതി നാട്ടിലെങ്ങും വളര്‍ന്നതോടെ ജനപിന്തുണ കുറഞ്ഞുവന്നതോ, പ്രതീക്ഷിച്ചത്ര ആയുധങ്ങളും പണവും ശേഖരിക്കാന്‍ സാധിക്കാതെ പോയതോ എന്നറിയില്ല സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പോ പിന്‍പോ സായുധവിപ്ലവത്തിലൂടെ നമ്മുടെ നാടിനെ സോവിയറ്റ് യൂണിയന്‍റെ സാമന്തരാജ്യമാക്കി മാറ്റാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിച്ചില്ല. അടവുനയങ്ങള്‍ മാത്രം സ്വീകരിച്ച് പാര്‍ട്ടി സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിച്ചു. വിശ്വാസ്യത നഷ്ടപ്പെട്ട പാര്‍ട്ടിയെ ജനങ്ങള്‍ കൈവിട്ടു. എങ്കിലും ഇപ്പോഴും ചിതയില്‍ക്കിടന്ന് നിഗൂഡതന്ത്രങ്ങളും കുതന്ത്രങ്ങളും കുപ്രചാരണങ്ങളുമായി അവസാന നിമിഷങ്ങള്‍ പാര്‍ട്ടി തള്ളി നീക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റ്-


shortlink

Related Articles

Post Your Comments

Related Articles


Back to top button