Latest NewsNewsInternational

പിഎന്‍ബി തട്ടിപ്പ്; നീരവ് മോദിയുടെ സഹോദരനെതിരെ ഇന്റര്‍പോള്‍ നോട്ടീസ്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13600 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദിക്ക് ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് നേഹല്‍ മോദിക്ക് നോട്ടീസയച്ചത്. ബെല്‍ജിയം പൗരനാണ് നേഹല്‍ മോദി.

കള്ളപ്പണം വെളുപ്പിച്ചതാണ് 40 കാരനായ നേഹലിനെതിരെ ആരോപിക്കപ്പെട്ട കുറ്റം. നേഹല്‍ മോദിയെ കണ്ടെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് നോട്ടീസ് നിര്‍ദേശിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ ഇപ്പോള്‍ യുഎസിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തട്ടിപ്പുമായി ബന്ധപ്പെട്ട് തെളിവുകള്‍ നശിപ്പിക്കുന്നതിന് ഉള്‍പ്പെടെ നേഹല്‍ നീരവ് മോദിയെ സഹായിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. നേഹല്‍ മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. ദുബായിലും ഹോങ് കോങ്ങിലുമുള്ള ഡമ്മി ഡയറക്ടര്‍മാരുടെ മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതും ഇവര്‍ക്ക് കെയ്‌റോയിലേക്ക് ടിക്കറ്റ് തരപ്പെടുത്തി നല്‍കിയതും നേഹല്‍ മോദിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരാതിയില്‍ പറയുന്നു.

ALSO READ: ബോധവും ഭക്തിയുമുള്ള ഒരു ഹിന്ദുവും ചെയ്യുമെന്ന് തോന്നുന്നില്ല- യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു

ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതടക്കമുള്ള നീക്കം അന്വേഷണ സംഘം നടത്തുന്നതിനിടെയാണ് സഹോദരനെതിരെയും ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നീരവിനെതിരെ അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റവാളി കൈമാറ്റത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ALSO READ: യാസിന്‍ മാലിക് ഇല്ലാതെയാക്കിയത് ഭര്‍ത്താവിനെ മാത്രമല്ല, ഒരു കുടുംബത്തെ ഒന്നാകെ; നടുക്കുന്ന ആ ദിനം ഓര്‍ത്തെടുത്ത് ഐഎഎഫ് ഉദ്യോഗസ്ഥന്റെ ഭാര്യ

കുറ്റകൃത്യങ്ങള്‍, കുറ്റവാളികള്‍, രാജ്യത്തിനെതിരായ ഭീഷണികള്‍ തുടങ്ങിയവയെക്കുറിച്ചറിയാന്‍ ഇന്റര്‍പോള്‍ പുറപ്പെടുവിക്കുന്ന നോട്ടീസുകളില്‍ പ്രധാനപ്പെട്ടതാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ലോകത്തെവിടെ വെച്ചും കുറ്റവാളിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അനുവാദമുള്ള ഉന്നത നോട്ടീസാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button