Latest NewsNewsWriters' Corner

ആൾക്കൂട്ടക്കൊലയും സാംസ്‌കാരിക നായകന്മാരും കോടതി കയറുന്നു;.വിവരക്കേടുമായി രാഹുൽ ഗാന്ധിയും: മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

ആൾക്കൂട്ട കൊലയുടെ പേരിൽ രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങൾക്ക് തയ്യാറായ കുറെ സാംസ്‌കാരിക നായകന്മാർക്കെതിരെ കേസെടുക്കാനുള്ള ബീഹാർ കോടതി ഉത്തരവ് എന്തായാലും രസകരമായിത്തോന്നി. അത് ശരിയായതാണോ എന്നതൊക്കെ സംശയമുണ്ടാക്കുന്നതാണ്; എന്നാൽ സാംസ്‌കാരിക നായകന്മാർ എന്തും പറഞ്ഞുകൂടാ താനും. രാജ്യത്തിൻറെ ചില ഭാഗങ്ങളിൽ നടക്കുന്ന ഒറ്റപ്പെട്ട അക്രമങ്ങളെ വളച്ചൊടിച്ചുകൊണ്ട് വിവാദമുണ്ടാക്കാൻ കുറെ നാളായി രാഷ്ട്രീയക്കാർ ശ്രമിക്കാറുണ്ട്. അവർക്കൊരു രാഷ്ട്രീയവും നിക്ഷിപ്ത താല്പര്യവുമുണ്ടല്ലോ. അക്കൂട്ടത്തിൽ കോൺഗ്രസ്, സിപിഎം നേതാക്കളൊക്കെ ഉണ്ട്. ആ പ്രസ്താവനകൾ പലപ്പോഴും പാക്കിസ്ഥാനെപ്പോലുള്ള ഇന്ത്യയുടെ ശത്രുക്കൾ ഉപയോഗിച്ചതും നാം കണ്ടിട്ടുണ്ട്. അതൊക്കെയാണോ കോടതി പരിശോധിച്ചത് എന്നത് വ്യക്തമല്ല. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് എത്രത്തോളം ശരിയാണ് എന്നത് ഇവിടെ പ്രധാനമാണ്. ആർക്കും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ലല്ലോ. അതുകൊണ്ടാണ് ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾക്ക് പാക്കിസ്ഥാനെ തൃപ്തിപ്പെടുത്താൻ ഇപ്പോഴും കഴിയുന്നത്.

എന്നാൽ ഈ സാംസ്കാരിക നായകന്മാരുടെ നീക്കത്തെ സംശയത്തോടെ കണ്ടവരുണ്ട്. അതൊരു തുറന്ന കത്തായിരുന്നു എന്നതോർക്കുക ; 49 പേരാണ് അതിലൊപ്പുവെച്ചത്; അതിൽ 31 പേര് ബംഗാളിൽ നിന്നുള്ളവരും . പിന്നെ കേരളത്തിലെ അടൂർ ഗോപാലകൃഷ്ണൻ, രേവതി, തമിഴ് സംവിധായകൻ മണിരത്നം തുടങ്ങി ചിലരും. അവരൊക്കെ കയ്യൊപ്പ് വെച്ചത് രാജ്യദ്രോഹ കുറ്റത്തിന് കോടതി ജീവപര്യന്തം ശിക്ഷിച്ച ഒരു മാവോയിസ്റ്റ് -നക്സൽ നേതാവിനൊപ്പമാണ് എന്നത് തിരിച്ചറിയുമ്പോൾ പ്രശ്നത്തിന്റെ യഥാർഥ ചിത്രം വ്യക്തമാവും. ‘ജയ് ശ്രീറാം’ എന്ന് വിളിച്ചുകൊണ്ട് നിരപരാധികളെ കൊന്നൊടുക്കുന്നു എന്നതാണ് ഈ ‘സാംസ്‌കാരിക പ്രമാണിമാർ’ ഉന്നയിച്ചത്; നരേന്ദ്ര മോഡി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലുള്ളത് കൊണ്ടാണ് ഇതൊക്കെ നടക്കുന്നതെന്ന ദു;സ്സൂചനയും അതിൽ കാണുകയുണ്ടായി. യഥാർഥത്തിൽ അവരുടെ രാഷ്ട്രീയലക്ഷ്യം അതാണ് താനും. അതുകൊണ്ടാണ് ‘സാംസ്‌കാരിക നായകന്മാര് ‘ എന്ന് പറഞ്ഞുനടക്കുന്ന ഇക്കൂട്ടരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടിവരുന്നത്; അവരെ സാംസ്‌കാരിക നായകന്മാരെന്നാണോ അതോ രാഷ്ട്രീയ പ്രമാണിമാർ എന്നാണോ വിളിക്കേണ്ടത് എന്നതാണ് പ്രശ്നം. ഇന്ത്യയിൽ പലയിടത്തും ഇതിലേറെ വലിയ അക്രമങ്ങൾ കൊലപാതകങ്ങൾ ഒക്കെ നടന്നപ്പോൾ, ജനാധിപത്യ ധ്വസനം നടന്നപ്പോൾ ഒക്കെ മിണ്ടാതിരുന്നവരാണ് ഇക്കൂട്ടർ എന്നതും മറന്നുകൂടല്ലോ. അവർക്കെതിരെ 62 പ്രമുഖർ മറുപടിയുമായി വന്നതും ഇതിനിടയിൽ നാം കണ്ടു. അതായത് സാംസ്‌കാരിക ലോകത്തുനിന്ന് തന്നെ പ്രതികരണമുണ്ടായി.

കോടതി ഇടപെട്ടതോടെ ഇതിപ്പോൾ ഒരു സാധാരണ സംഭവമല്ലാതായിരിക്കുന്നു. ബീഹാറിൽ ഒരു അഭിഭാഷകനായ സുധിർ കുമാർ ഓജ-യാണ് കോടതിയെ സമീപിച്ചത്. അവരുടെ ആ പ്രസ്താവന രാജ്യത്തിന് അപമാനമുണ്ടാക്കുന്നതും പ്രധാനമന്ത്രിയുടെ സദ്പ്രവൃത്തിയെ കുറച്ചുകാണിക്കുന്നതുമാണ് എന്നാണ് വക്കീൽ കോടതിയിൽ ബോധിപ്പിച്ചത്. അത് അംഗീകരിച്ചുകൊണ്ട് ഇവർക്കെതിരെ കേസെടുക്കാൻ മുസാഫർപൂർ സിജെഎം ഉത്തരവിടുകയായിരുന്നു. ആ ഉത്തരവ് പാലിക്കുകയല്ലാതെ ബീഹാർ പൊലീസിന് വേറെ മാർഗ്ഗമില്ലല്ലോ. അതുകൊണ്ട് അവർ ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അതാണിപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.

ഇത്തരം അക്രമങ്ങളെ പ്രധാനമന്ത്രി പരസ്യമായി വളരെ നേരത്തെ തള്ളിപ്പറഞ്ഞതാണ്; ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻജി ഭഗവത് അടുത്തദിവസം പോലും അത്തരം അക്രമങ്ങളെ അപലപിച്ചതുമാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സംഘം സംരക്ഷിക്കില്ല എന്നതാണ് അദ്ദേഹം പറഞ്ഞ മറ്റൊരു പ്രധാന കാര്യം. കഴിഞ്ഞ വർഷം എഎൻഐ-ക്ക് നൽകിയ നരേന്ദ്ര മോഡി പറഞ്ഞത്, ” ഇത്തരം അക്രമങ്ങൾ നടത്തുന്നവരെയും അവരുടെ മനോഗതിയെയും തങ്ങൾ തള്ളിപ്പറഞ്ഞു; ആര് ഇത്തരത്തിൽ കൊല്ലപ്പെട്ടാലും വേദനാജനകമാണ്. എന്നാൽ അതിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നത് അതിലേറെ അപലപനീയമാണ്…….”. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച ഉപസംഹരിച്ചുകൊണ്ട് പാർലമെന്റിലുംഇക്കാര്യം വ്യക്തമാക്കിയതാണ്. കേന്ദ്ര സർക്കാരോ ബിജെപിയോ അത്തരം അക്രമങ്ങൾക്ക് കൂട്ടുനിൽക്കുന്നു എന്നുള്ള ആക്ഷേപത്തിൽ കഴമ്പില്ലെന്നാണ് അദ്ധം വ്യക്തമാക്കിയത്.

ഇതൊക്കെ അധികവും നടക്കുന്നത് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമം നടക്കുമ്പോഴാണ്. മോഷ്ടാക്കൾ ഒട്ടേറെയും ന്യൂനപക്ഷ സമുദായത്തിൽ പെട്ടവരാണ് എന്നതും സർവ്വരാലും അംഗീകരിക്കപ്പെട്ട വസ്തുതയാണ്. അവരാണ് ആക്രമിക്കപ്പെടുന്നത്. ഒരു ഗ്രാമത്തിലെ പശുക്കളെ അല്ലെങ്കിൽ മറ്റേതെങ്കിലും കന്നുകാലികളെ മോഷ്ടിച്ച് കൊണ്ട് പോകുന്നത് കാണുമ്പോൾ നാട്ടുകാർ അക്രമോൽസുകരാവുന്നു. അത് മോഷ്ടാവിന്റെ മതമോ ജാതിയോ ചോദിച്ചറിഞ്ഞിട്ടല്ല; അക്രമിയോടുള്ള മോഷ്ടാവിനോടുള്ള സാധാരണക്കാരന്റെ പ്രതികരണമാണ് പലപ്പോഴും ഇത്തരം വേളകളിൽ കണ്ടിട്ടുള്ളത്. ഇവിടെ മറ്റൊന്ന് കൂടി സംഭവിക്കുന്നത് കണ്ടിട്ടുണ്ടല്ലോ; ഈ മോഷ്ടാക്കൾ കാലി ഉടമകളായ ഗ്രാമീണരെ ആക്രമിക്കുന്നത്. എത്രയോ ഇടങ്ങളിൽ അത്തരം അക്രമങ്ങൾ നടന്നിരിക്കുന്നു; അതിൽ കൊല്ലപ്പെട്ടവർ അഥവാ ആക്രമിക്കപ്പെട്ടവർ പാവപ്പെട്ട കർഷകരാണ്, ഗ്രാമീണരാണ്. അതിൽ ഇക്കൂട്ടർക്ക് ഒരു വിഷമവുമില്ല. ഈ 49 വിദ്വാന്മാരുടെ പ്രസ്താവനയിൽ ഒരു വരി അവരെക്കുറിച്ചുകൂടി സൂചിപ്പിച്ചിരുന്നുവെങ്കിൽ അതിലൊരു മാന്യത ഉണ്ടാവുമായിരുന്നു എന്ന് കരുതുന്നവർ അനവധിയായിരുന്നു.

ഇതൊക്കെ അറിയാത്തവരല്ല കുപ്രചരണത്തിന് മുന്നിട്ടിറങ്ങുന്നത്. അവരിൽ ഏറെപ്പേരും ബംഗാളികൾ ആന്നെന്ന് ഞാൻ സൂചിപ്പിച്ചിരുന്നുവല്ലോ. എന്താണ് ഈ ‘ബംഗാൾ കണക്ഷൻ?’. നമ്മുടെ മനസ്സിൽ നിന്ന് ഇനിയും മായ്ഞ്ഞിട്ടില്ലാത്ത കുറെ ഇത്തരം സംഭവങ്ങൾ മമത ബാനർജിയുടെ ഭരണത്തിൻ കീഴിൽ നടന്നുവല്ലോ. ലോകസഭാ തിരഞ്ഞെടുപ്പ് കാലത്തേക്ക് ഒന്ന് പിന്തിരിഞ്ഞുനോക്കൂ. മുഖ്യമന്ത്രി മമത ബാനർജി പ്രചരണത്തിന് എത്തിയപ്പോൾ ഒരിടത്ത് ഏതാനും യുവാക്കൾ ‘ജയ് ശ്രീറാം’ എന്ന് ഉറക്കെ വിളിച്ചു. അത് കേട്ട് അവരുടെ അടുത്തേക്ക് നടന്നുവന്ന മമത പിന്നീട് ആ യുവാക്കളെ അറസ്റ്റ് ചെയ്യിച്ച്‌ ലോക്കപ്പിലാക്കുക ആയിരുന്നു. പിന്നീട് പലയിടത്തും അത്തരത്തിൽ ‘ജയ് ശ്രീറാം’ ജപത്തോടെയാണ് മമതയെ ബംഗാളിൽ സ്വീകരിച്ചത്. ബംഗാളിൽ പ്രചരണത്തിനെത്തിയ ബിജെപി അധ്യക്ഷൻ അമിത് ഷാ താൻ ‘ജയ് ശ്രീറാം’ എന്ന് പൊതുസമ്മേളനത്തിൽ വിളിക്കുകയാണ്.

ഇന്നിപ്പോൾ ബീഹാർ കോടതിയുടെ ഒരു ഉത്തരവ് മോഡി ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധി രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ ബുദ്ധിശൂന്യത പലപ്പോഴും രാജ്യം ചർച്ചചെയ്തിട്ടുണ്ട്. അതാണിപ്പോഴും സ്വയമേവ ഉയർത്തിക്കാണിക്കുന്നത്. നരേന്ദ്ര മോഡി ഭരണത്തിൽ അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചാൽ ജയിലിൽ പോകേണ്ടിവരുമെന്നും രാഹുൽ പറയുന്നുണ്ട്. അടുത്തിടെ ജയിലിൽ പോയ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ എന്താണ് ചെയ്തുകൂട്ടിയത് എന്നത് ഇനിയെങ്കിലും അദ്ദേഹം തിരിച്ചറിയണം. എത്ര ആയിരം കോടികളാണ് സ്വന്തം ഭരണകാലത്ത് കൊള്ളയടിക്കപ്പെട്ടത് എന്നതും വല്ലപോഴും കണക്കാക്കി നോക്കുന്നത് ഉചിതമാണ്. ഈ നടപടികൾ നിയമത്തിന്റെ വഴിക്ക് കാര്യങ്ങൾ നീങ്ങുന്നത് കൊണ്ടാണ്; അത് കൊണ്ടുതന്നെയാണല്ലോ നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ- സോണിയ പ്രഭൃതികൾ നടത്തിയ തട്ടിപ്പ് കോടതി തിരിച്ചറിഞ്ഞത്. അഴിമതിക്കാർ ജയിലിലാവുമ്പോൾ രാഹുൽ ഗാന്ധി ഞെട്ടിവിറക്കുന്നത് മനസിലാവും; കാരണം നാളെ ആരാവും എന്ന ആശങ്ക ആർക്കുമുണ്ടാവുമല്ലോ. എന്തായാലും കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ ഒരു ഉത്തരവ് ആണിതെന്നും അതിൽ മോദിക്ക് ഒരു പങ്കുമില്ലെന്നും വിവരമുള്ള ഏതെങ്കിലും കോൺഗ്രസുകാർ രാഹുലിനെ പറഞ്ഞു ബോധ്യപ്പെടുത്തിയെങ്കിൽ നന്നായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close