Latest NewsNewsTravel

കോട്ടകളാലും കൊട്ടാരങ്ങളാലും സമ്പൂര്‍ണമായ നാട്- എന്റെ രാജസ്ഥാന്‍ ഡയറിക്കുറിപ്പുകള്‍

പ്രീദു രാജേഷ്

ഭാഗം 2

ഭാരത സംസ്ഥാനങ്ങളില്‍ ഏറ്റവും വലുതായ രാജസ്ഥാന്റെ തലസ്ഥാനനഗരം പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂര്‍ നഗരമാണ്..1727നവംബര്‍ 18, കാലഘട്ടത്തില്‍, മഹാരാജ സവായ് ജയ് സിങ് രണ്ടാമന്‍ ആണ് ജയ്പൂര്‍ നഗരം സ്ഥാപിച്ചത്..കോട്ടകളാലും കൊട്ടാരങ്ങളാലും സമ്പൂര്‍ണമായ ഈ നാട് ഭാരതത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ്.
രാജസ്ഥാനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി ജയ്പൂരിനെ കണക്കാക്കുന്നു. ‘ഒന്ന്’ എന്നുപറയാന്‍ കാരണം മറ്റൊന്നുമല്ല,, വിരലിലെണ്ണാവുന്ന നഗരക്കാഴ്ചകള്‍ മാത്രമേ രാജസ്ഥാന്‍ മുഴുവനായെടുത്താലും നമുക്കു കാണാന്‍ സാധിക്കുകയുള്ളു.. ഗ്രാമങ്ങളാണേറെയും.

ഗ്രാമ വിശുദ്ധികള്‍ നഷ്ടമാകാതെ അതേ ഭംഗിയോടെ പിടിച്ചു നിര്‍ത്തുന്ന ഭാരതത്തിലെ ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍…ഇവിടുത്തെ നഗരങ്ങളേക്കാള്‍ എനിക്കുമിഷ്ടം ഇവിടുത്തെ ഗ്രാമങ്ങളാണ്.ശുദ്ധവായു ശ്വസിച്ചു പ്രകൃതിയോടിണങ്ങി പ്രകൃതി വരദാനമായി തന്ന കാഴ്ചകള്‍ കാണുക. അതും കണ്ണിനിമ്പം നല്‍കുന്ന ഭംഗിയേറിയ കാഴ്ചകള്‍. പിങ്ക് നിറം പൂശിയ നഗരവിതാനികളാണു ജയ്പ്പൂരിന്റെ ഏറ്റവും വലിയ പ്രത്യേകത.
രാത്രി സമയങ്ങളില്‍ ജയ്പുര്‍ നഗര വീഥികളിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്താല്‍ ഈ പിങ്ക്സിറ്റിയുടെ സൗന്ദര്യം യാത്രക്കാരന്റെ മനം കവരും വിധം ആകര്‍ഷണീയമായി തോന്നും..നഗരവീഥികള്‍ക്കിരുവശവും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന കെട്ടിടങ്ങളെല്ലാം പിങ്ക് വെളിച്ചത്താല്‍ ശോഭിക്കപ്പെട്ടിരിക്കും ഈ സമയം.

രാജസ്ഥാനിലെ ഭൂരിഭാഗം ജനങ്ങളും കൃഷിയും കാലിമേയ്ക്കലും ഉപജീവനമാര്‍ഗമായി കാണുന്നവരാണെങ്കിലും അതില്‍ നിന്നും കുറച്ചു വ്യത്യസ്തമായി ഈ നഗരത്തില്‍ അത്യാവശ്യം താമസത്തിനനുയോജ്യമായ ഹോട്ടലുകളും നല്ല ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭ്യമാണ്…രാജസ്ഥാനിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ പരിഷ്‌കാരവും അതുപോലെ കുറെയൊക്കെ നഗരവല്‍കരണത്തിനും ഇരയാക്കപ്പെട്ടതുമായ ഒരു നാട്..

രാവിലെ 8 മണിയ്ക്കു ശേഷം ജയ്പ്പൂരിലൂടെയുള്ള യാത്രകള്‍ വളരെ ദുഷ്‌കരമാണ് .. തിരക്കേറിയ റോഡുകളിലൂടെ ആമ ഇഴയുന്നതിലും കഷ്ടമായി ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങള്‍…എവിടത്തെയും പോലെ തന്നെ മുഷിച്ചില്‍ തോന്നുന്ന,, സമയം കൊല്ലുന്ന ട്രാഫിക് ജാമുകള്‍.12 മണിയോടടുത്തെ പിന്നെയീ നഗര സമുച്ചയം അല്പമെങ്കിലും യാത്രാ യോഗ്യമാകൂ…..നഗരക്കാഴ്ചകളില്‍ നിന്നും തെന്നിമാറി, ചരിത്രത്താളുകളിലേക്കു കടന്നു ചെന്നാല്‍ ,, ജല്‍മഹല്‍, ഹവാ മഹല്‍, ജന്തര്‍ മന്ദിര്‍, ആല്‍ബര്‍ട്ട് ഹാള്‍ മ്യൂസിയം, അമര്‍ഫോര്‍ട് , സിറ്റി പാലസ് ജയ്പൂര്‍ , ബിര്‍ള ടെംപിള്‍…തുടങ്ങി നിരവധി കാഴ്ചകള്‍ വേറെയും…

ആമുഖമെന്ന നിലയിലാണു ജയ്പ്പൂരിനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതെങ്കിലും ആ യാത്രകള്‍ ഇന്നും മനസ്സിനെ മടുപ്പിക്കാത്തതുകൊണ്ടാകാം വിശദീകരണങ്ങളിലേക്കു അറിയാതെ തൂലിക ചലിച്ചു പോയത്…ജയ്പൂര്‍ യാത്രയെക്കുറിച്ചുള്ള ബാക്കി വിശേഷങ്ങള്‍ വളരെ വിശദമായിത്തന്നെ മറ്റൊരിക്കല്‍ പങ്കു വെയ്ക്കാം….കാരണം, ഞാന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താമസിച്ചു പോരുന്ന ഉദയ്പൂരില്‍ നിന്നുമാകണം എന്റെ രാജസ്ഥാന്‍ ഡയറിക്കുറിപ്പുകളുടെ പ്രധാന ഭാഗങ്ങള്‍ തുടങ്ങേണ്ടതെന്ന ചെറിയൊരാഗ്രഹം എന്നിലവശേഷിക്കുന്നു.

ഞാനും ഇന്നുവരെയും രാജസ്ഥാനിലെ വിസ്മയ കാഴ്ചകള്‍ പൂര്‍ണമായും കണ്ടു കഴിഞ്ഞിട്ടില്ല’യെന്നതു മറ്റൊരു വശവും.. കണ്ടു വരുന്നു. കണ്ട കാഴ്ചകള്‍ പങ്കു വെയ്ക്കാം..കാണാന്‍ പോകുന്നതു പിന്നീടും… ജോലിത്തിരക്കിനിടയിലുള്ള ചെറിയ ഇടവേളകള്‍..അതാണു ഞങ്ങളുടെ ഓരോ യാത്രകളും..പെട്ടെന്നൊരു പ്ലാന്‍ തയ്യാറാക്കി യാത്ര പുറപ്പെടുക അതാണു മിക്കപ്പോഴും സംഭവിക്കാറുള്ളത്..ഓരോ യാത്രകളും ഓരോ നൂതനമായ അനുഭവങ്ങള്‍ കാഴ്ച വെയ്ക്കുന്നവയാണ്…
(തുടരും )

Tags

Related Articles

Post Your Comments


Back to top button
Close
Close