Latest NewsEducationNewsIndia

വിദേശ പഠനം: ചിന്തിക്കേണ്ട കാര്യങ്ങൾ

മുരളി തുമ്മാരുകുടി, നീരജ ജാനകി

നമ്മുടെ നാട്ടിൽനിന്നും ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഫേസ്ബുക്ക് ഫോളോവേഴ്സിൽ നിന്നുമായി ഒരു ദിവസം ഒരാളെങ്കിലും വിദേശ പഠനത്തെക്കുറിച്ച് അറിയാനായി എന്നെ സമീപിക്കാറുണ്ട്. സാധിക്കുന്നത് പോലെ അവർക്ക് വേണ്ടത്ര ഉപദേശങ്ങൾ നൽകാറുമുണ്ട്.

എന്നാൽ അടുത്തിടെ പുതിയൊരു ട്രെൻഡായി ‘വിദേശപഠന കൺസൽട്ടൻറ്” എന്ന പേരിൽ അനവധി സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിച്ചു തുടങ്ങി, വലിയ തോതിൽ പരസ്യങ്ങൾ നൽകുന്നു. പത്രമാധ്യമങ്ങളോട് ചേർന്നും അല്ലാതെയും അവർ വിദേശ പഠന മേളകൾ നടത്തി സ്പോട്ട് അഡ്മിഷൻ നൽകുന്നു. പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞവർ പോലും വിദേശപഠനത്തിനായി പുറപ്പെടുന്നു.

ഇന്ത്യക്ക് പുറത്ത് നമ്മുടെ കുട്ടികൾ പഠിക്കാൻ പോകുന്നതിനെ ഏറ്റവും കൂടുതൽ പിന്തുണക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ വിദേശത്ത് ഉപരിപഠന സാധ്യതകൾ പരിശോധിക്കുന്പോൾ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ശ്രദ്ധിച്ചിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പഠനത്തിനായി തിരഞ്ഞെടുക്കുന്ന രാജ്യം, വിഷയം, ഭാഷ, തൊഴിൽ സാദ്ധ്യത, ചിലവ്, കാലാവസ്ഥ എന്നിങ്ങനെയുള്ള കാര്യങ്ങൾ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ഇത് പലപ്പോഴും സംഭവിക്കുന്നില്ല. ആഴ്ചയിൽ ഒരിക്കലെങ്കിലും എനിക്ക് വിദേശത്ത് പഠിക്കുന്ന കുട്ടികളിൽ നിന്നോ അവരുടെ മാതാപിതാക്കളിൽ നിന്നോ ദയനീയമായ സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. “സാർ, എൻറെ മകൻ ഏജന്റ്റ് വഴി വിദേശത്ത് പോയി. ഇരുപത് ലക്ഷത്തിൻറെ ബാങ്ക് വായ്പയുണ്ട്. അവിടെ ജോലി കിട്ടുന്നില്ല, തിരിച്ചു വരേണ്ടി വരും, ലോൺ തിരിച്ചടക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, കിടപ്പാടം പോകും” എന്നു തുടങ്ങി “ആത്മഹത്യയല്ലാതെ വേറെ വഴിയില്ല, സാറിന് എങ്ങനെയെങ്കിലും ഒരു ജോലി സംഘടിപ്പിച്ചു കൊടുക്കാൻ പറ്റുമോ” എന്നിങ്ങനെയാണ് സന്ദേശങ്ങളുടെ ഉള്ളടക്കം. ഇതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. ആളുകളുടെ തൊഴിലന്വേഷണത്തിന് ഉപകാരമായ നിർദ്ദേശങ്ങൾ നൽകുക എന്നതല്ലാതെ വ്യക്തിപരമായി ആളുകൾക്ക് തൊഴിൽ അന്വേഷിച്ചു കൊടുക്കുക എൻറെ രീതിയല്ല, അത് വ്യാപകമായി സാധ്യമല്ലെന്ന് നിങ്ങൾക്കും അറിയാമല്ലോ. ആളുകൾ ഇത്തരത്തിലുള്ള ട്രാപ്പിൽ വീഴാതിരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുക എന്നത് മാത്രമാണ് എനിക്ക് നൽകാൻ കഴിയുന്ന സഹായം. അതുകൊണ്ടാണ് ഈ ലേഖന പരന്പര എഴുതുന്നത്.

സൈക്കോളജിസ്റ്റും കരിയർ പ്ലാനറും ആയ നീരജ ജാനകി ഈ വിഷയത്തിൽ ഗവേഷണം നടത്താനും എഴുതാനും എന്നെ സഹായിക്കുന്നുണ്ട്.

വിദേശപഠനത്തിനായി എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് ആദ്യം പറയാം. വിവിധ രാജ്യങ്ങളിലെ പ്രത്യേക സാഹചര്യങ്ങൾ അടുത്ത ആഴ്ച മുതൽ എഴുതുന്നുണ്ട്.

നിങ്ങൾ എന്തുകൊണ്ട് വിദേശത്തു പഠിക്കാൻ ആഗ്രഹിക്കുന്നു? ആദ്യമായി ഈ ചോദ്യം സ്വയം ചോദിച്ച് ആത്മാർത്ഥമായ ഉത്തരം കണ്ടെത്തണം. ഇന്ത്യയിൽ സ്വന്തമായി ശതകോടികളുടെ ബിസിനസ്സ് ഉള്ളവരുടെ മക്കൾ ഒഴിച്ചാൽ മറ്റ് മിക്ക കുട്ടികളും വാസ്തവത്തിൽ ആഗ്രഹിക്കുന്നത് വിദേശത്ത് ഒരു ജോലിയാണ്. വിദേശപഠനം അതിലേക്കുള്ള ഒരു മാർഗ്ഗം മാത്രമാണ്. പക്ഷെ ഇക്കാര്യം ചിന്തിക്കാതെ ‘ഏത് കോഴ്സ് ആണ് നല്ലത്?’ എന്ന ചോദ്യവുമായി അവർ ഉപദേശം തേടും. അത് കുഴപ്പത്തിലേക്ക് നയിക്കും. കാരണം വിദേശ പഠനം എന്നാൽ വിദേശ ജോലി എന്നല്ല അർത്ഥം. ഉദാഹരണത്തിന് സുസ്ഥിരവികസനത്തെക്കുറിച്ച് ഏറ്റവും നല്ല കോഴ്സ് ഉള്ളത് സ്വീഡനിൽ ആയിരിക്കാം. എന്നാൽ പഠനം കഴിഞ്ഞാൽ അവിടെ ജോലി കിട്ടാനുള്ള സാധ്യത ഉണ്ടായി എന്ന് വരില്ല. സ്വീഡനിൽ പഠിച്ചതുകൊണ്ട് തൊഴിൽ സാധ്യതയുള്ള മറ്റു വികസിത രാജ്യങ്ങളിൽ ജോലിയിലേക്ക് എത്താൻ അനവധി കടന്പകളുണ്ട്. ജോലിയാണ് പ്രധാനമെങ്കിൽ ആ വിഷയത്തിൽ ഏറ്റവും നല്ല യൂണിവേഴ്സിറ്റിയല്ല തിരഞ്ഞെടുക്കേണ്ടത്, ഒരു പക്ഷെ ആ വിഷയം തന്നെ ആവണമെന്നില്ല. അപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്നത് ജോലിയാണോ പഠനമാണോ എന്ന ചോദ്യത്തിന് ശരിയായ ഉത്തരം നിങ്ങളിൽ നിന്നും തന്നെ കിട്ടിയാൽ അടുത്ത സ്റ്റെപ്പിലേക്ക് കടക്കാം.

പഠനത്തിനായി എത്ര പണം മുടക്കാൻ നിങ്ങൾ തയ്യാറാണ്?

വിദേശത്തുപോയി പഠിക്കുക എന്നത് ചിലവേറിയ കാര്യമാണ്. യാത്ര ചിലവ്, താമസ ചിലവ്, ഭക്ഷണം, ഇൻഷുറൻസ്, യൂണിവേഴ്സിറ്റിയിലെ ഫീസ് ഇതെല്ലാം തന്നെ പൊതുവിൽ ഇന്ത്യയിലേക്കാൾ വളരെ കൂടുതലാണ്. ലോകത്ത് ഏറ്റവുമധികം വിദ്യാർത്ഥികളുടെ ലക്ഷ്യസ്ഥാനമായ അമേരിക്കയിൽ ഒരു ഡിഗ്രി കോഴ്സ് പഠിക്കാൻ ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലും നിലവിൽ ചെലവ് പ്രതീക്ഷിക്കാം. ബിരുദാനന്തര ബിരുദത്തിന് വിഷമനുസരിച്ച് ഇതിൽ കുറവുണ്ടാവാം. ട്യൂഷൻ ഫീസ് കുറവുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പോലും ജീവിതച്ചിലവ് വളരെ കൂടുതലാണെന്നോർക്കണം. വിദേശത്തു പഠിക്കാനുള്ള പദ്ധതികൾ ആരംഭിക്കുന്നതിനു മുൻപുതന്നെ മാതാപിതാക്കളുമായി ചർച്ചചെയ്ത് നിങ്ങളുടെ സാന്പത്തികസ്ഥിതി പൂർണമായി വിലയിരുത്തേണ്ടതാണ്. അതിനാവശ്യമായ സാന്പത്തിക സ്രോതസ്സിനെക്കുറിച്ചും തീരുമാനത്തിലെത്തേണ്ടതുണ്ട്. വിദേശപഠനത്തിന് വേണ്ടി എത്ര പണം ചിലവാക്കാം എന്നത് ഓരോരുത്തരുടേയും സാന്പത്തിക നില അനുസരിച്ചിരിക്കും.

ഇതിനായി ഞാൻ ആളുകൾക്ക് നൽകുന്ന ഉപദേശം ഇതാണ്. നിങ്ങൾ വിദേശത്ത് പഠിച്ച ശേഷം ജോലികിട്ടാതെ തിരികെ വന്നാൽ നിങ്ങളുടെ മാതാപിതാക്കളുടെ റിട്ടയർമെന്റ്റ് പ്ലാൻ കുഴപ്പത്തിലാകാത്ത സാഹചര്യമാണുള്ളതെങ്കിൽ ആ ചിലവുകൾ ന്യായമാണ്. ഒരേക്കർ സ്ഥലമുണ്ടെങ്കിൽ അതിൽ പകുതി വിറ്റ് പുറത്തുപോയി പഠിക്കുന്നതിൽ ഒരു തെറ്റുമില്ല. മകളുടെ കല്യാണം നാലായിരം പേരെ വിളിച്ചു നടത്താൻ പ്ലാനുണ്ടെങ്കിൽ ആ പണം ആ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുന്നതിൽ ഒട്ടും വിഷമിക്കേണ്ട. എന്നാൽ അച്ഛനോ അമ്മയോ പെൻഷനായപ്പോൾ കിട്ടിയ തുക വിദേശപഠനത്തിനായി ചിലവാക്കുന്നത് വലിയ റിസ്ക്ക് ഉള്ള പണിയാണ്. ഇക്കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം.

സ്കൂൾ വിദ്യാഭ്യാസം, ബിരുദം, ബിരുദാനന്തര ബിരുദ തലം?

ആളുകൾ പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം കുട്ടികളെ പഠനത്തിനായി എപ്പോൾ വിദേശത്തേക്ക് അയയ്ക്കണം എന്നതാണ്. ഇതിനുള്ള ഉത്തരം വിദ്യാർത്ഥിയുടെ വൈകാരിക ബുദ്ധിയെയും (ഇമോഷണൽ ഇന്റലിജൻസ്) കുടുംബത്തിന്റെ സാന്പത്തിക സുരക്ഷയെയും ആശ്രയിച്ചിരിക്കുന്നു. പൊതുവേ, കുട്ടികളെ സ്‌കൂൾ തലത്തിൽ പഠനത്തിനായി വിദേശത്തേക്ക് വിടുന്നതിനോട് എനിക്ക് യോജിപ്പില്ല. വൈകാരികമായി കുട്ടികൾ അതിനു തയ്യാറല്ല എന്നുള്ളതുതന്നെയാണ് കാരണം. വിദേശ രാജ്യങ്ങളിൽ പലയിടത്തും അധ്യാപകരുടെ മേൽനോട്ടത്തിലുള്ള ഹോസ്റ്റലുകൾ ഉണ്ടായെന്ന് വരില്ല. വിദ്യാർത്ഥികൾ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിവില്ലാത്തവരും, സെൽഫ് ഡിസിപ്ലിൻ കുറവുള്ളവരും, തങ്ങൾക്ക് കിട്ടാൻ പോകുന്ന അതിയായ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ധാരണയില്ലാത്തവരുമാണെങ്കിൽ ഫലം വിപരീതമായിരിക്കും. കേരളത്തിന് പുറത്ത് വളർന്ന കുട്ടികൾ, പെൺകുട്ടികൾ, ഭിന്നശേഷിയുള്ളവർ എന്നിവരുടെ കാര്യത്തിൽ പക്ഷെ ഡിഗ്രി തലത്തിൽതന്നെ വിദേശത്ത് പോകുന്നത് കൂടുതൽ ഗുണകരമാണ്. അന്തർ‌ദ്ദേശീയ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്ന പെൺകുട്ടികൾ‌, ആൺകുട്ടികളെക്കാൾ മുൻപന്തിയിലെത്തുന്നു എന്നതാണ് കൂടുതൽ‌ ശ്രദ്ധേയമായ കാര്യം. കാരണം ഇന്ത്യയിൽ‌ അവർ‌ക്ക് ചിന്തിക്കുന്നതിനും സ്വപ്നം കാണുന്നതിനും സമൂഹം പലപ്പോഴും പരിധികൾ നിശ്ചയിക്കുന്നു. ഭിന്നശേഷിയുള്ളവർക്ക് പാശ്ചാത്യലോകത്ത് കൂടുതൽ ചലന സ്വാതന്ത്ര്യവും പരിഗണനയും സാധ്യതകളും ഉണ്ടായിരിക്കും. ഇതിലൂടെ കൂടുതൽ സ്വതന്ത്രരാവാനും സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തിയും കൈവരും. ഡിഗ്രി കഴിഞ്ഞുള്ള സമയത്ത് നമ്മുടെ കുട്ടികൾ പൂർണ്ണമായും വിദേശപഠനത്തിന് തയ്യാറാണ്. അതിനാലാണ് ഈ പ്രായത്തിൽ ഞാൻ അവരെ പരമാവധി പ്രമോട്ട് ചെയ്യുന്നത്.

ഏതു രാജ്യം തിരഞ്ഞെടുക്കണം?

ഭൂരിഭാഗം ഇന്ത്യക്കാരും യു എസ്, യു.കെ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലാൻഡ് എന്നിവിടങ്ങളിലേക്കും, ഈയടുത്ത കാലത്തായി ജർമനിയിലേക്കും നോർഡിക് രാജ്യങ്ങളിലേക്കും ഉപരിപഠനത്തിയായി പോകുന്പോൾ, കുറഞ്ഞത് ഇരുപത്തിയഞ്ചു രാജ്യങ്ങളിലായെങ്കിലും ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. നിങ്ങൾ ഏതു രാജ്യം തിരഞ്ഞെടുക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരം ആദ്യ രണ്ടു ചോദ്യങ്ങളുടെ ഉത്തരവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതായത് എന്തുകൊണ്ട് വിദേശത്ത് പഠിക്കണം, അതിനായി എത്ര പണം ചിലവാക്കാൻ സാധിക്കും എന്നീ രണ്ടു ചോദ്യങ്ങൾ ഇവിടെ പ്രസക്തമാണ്. സാന്പത്തികമായി വളരെ മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് (ചിലവോ പെട്ടെന്നുള്ള ജോലിസാധ്യതയോ പ്രശ്നമല്ലാത്ത പക്ഷം) വളരെ വിശാലമായ സാധ്യതകൾ ഇവിടെയുണ്ട്. പോകാനുദ്ദേശിക്കുന്ന രാജ്യത്തിന്റെ സന്പദ്‌വ്യവസ്ഥയും ആളോഹരി വരുമാനവും എത്രത്തോളം വലുതാണ്? പഠനശേഷം എത്രനാൾ നിങ്ങൾക്ക് ജോലി അന്വേഷിച്ച് അവിടെ തുടരാൻ കഴിയും? എന്നീ കാര്യങ്ങൾ വളരെ പ്രധാനമാണ്. ഒരു രാജ്യത്തിന്റെ സന്പദ്‌വ്യവസ്ഥ എത്രത്തോളം വലുതാണോ അതനുസരിച്ചുള്ള ജോലിസാധ്യതകൾ അവിടെയുണ്ടാകും. ആളോഹരി വരുമാനം കൂടിയ രാജ്യങ്ങളാണ് ജോലി കിട്ടിയാൽ കൂടുതൽ ഗുണകരമായത്. പഠനശേഷം ആ രാജ്യത്ത് ജോലിക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് അനുമതിയില്ലെങ്കിൽ പിന്നെ രാജ്യം സന്പന്നമാണ് എന്നതുകൊണ്ട് നിങ്ങൾക്ക് ഗുണമൊന്നുമില്ലല്ലോ.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിങ്ങൾ പോകാനുദ്ദേശിക്കുന്ന പ്രദേശത്തെ കാലാവസ്ഥയാണ്. കാനഡ, ഫിൻലൻഡ്‌, സ്വീഡൻ, ഡെൻമാർക്ക്‌, നോർവേ, അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വളരെ കുറഞ്ഞ താപനിലയാണുള്ളത്. മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശങ്ങൾ ചിത്രങ്ങളിൽ കാണാൻ മനോഹരമാണെങ്കിലും നേരിട്ടറിയുന്പോൾ ഇത്തരം എക്സ്ട്രീം അവസ്ഥകൾ അത്ര സുഖകരമായിരിക്കില്ല. ഓരോ രാജ്യത്തെയും മെഡിക്കൽ സേവനങ്ങൾ വ്യത്യസ്തമാണ്. നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇതും രാജ്യം തിരഞ്ഞെടുക്കുന്നതിൽ വലിയ പങ്ക് വഹിക്കും. രാജ്യങ്ങൾ തിരഞ്ഞെടുക്കുന്പോൾ അവിടുത്തെ ക്രൈം റേറ്റ്, ദുരന്ത സാദ്ധ്യതകൾ, വിദേശികളോടും സ്ത്രീകളോടുമുള്ള ആളുകളുടെ പെരുമാറ്റം ഇതൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

ഏത് സ്ഥാപനത്തിലാണ് നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നത്?

ഇന്നത്തെക്കാലത്ത് മനോഹരമായി ഡിസൈൻ ചെയ്ത വെബ്‌സൈറ്റുകൾ വഴി ഒരു ശരാശരി സർവ്വകലാശാലക്കുപോലും വളരെ മികച്ചത് എന്ന പ്രതീതി നിങ്ങളിലുണ്ടാക്കാൻ സാധിക്കും. ഇവിടെയാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്. അതിനാൽ, നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിന്റെ അന്താരാഷ്ട്ര റാങ്കിങ് നിലവാരം അറിയേണ്ടത് ആവശ്യമാണ്. മുൻപ് പറഞ്ഞതുപോലെ സ്വതന്ത്ര റാങ്കിങ് ഏജൻസിയുടെ റാങ്കിങ് നോക്കിയാൽ ഇതറിയാൻ സാധിക്കും. സ്ഥാപനത്തിന്റെ റാങ്കിങ് എത്ര കൂടുതലാണോ അത്രതന്നെ മെച്ചപ്പെട്ട ജോലിസാധ്യതയുമുണ്ടായിരിക്കും. അത്രയൊന്നും നിലവാരമില്ലാത്ത സർവ്വകലാശാലകൾ വികസിതരാജ്യങ്ങളിലുമുണ്ട്. ഇവിടങ്ങളിൽനിന്നും ഒരു കോഴ്സ് പൂർത്തിയാക്കിയാൽ പ്രാദേശികമായിപ്പോലും തൊഴിൽ സാധ്യത ഉറപ്പിക്കാനാവില്ല. ഇന്ത്യയിലെ എഡ്യൂക്കേഷണൽ കൺസൾട്ടന്റുകൾ ഇതേക്കുറിച്ചു പലപ്പോഴും വിദ്യാർത്ഥികൾക്ക് തെറ്റായ ചിത്രങ്ങളും ഉറപ്പും കൊടുക്കുന്നു. ഇതുകേട്ട് വിദേശ വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കുന്നതിന് മുന്പ് സ്വയം ഈ വസ്തുതകൾ പരിശോധിച്ചറിയണം. വിവിധ രാജ്യങ്ങളിലെ നല്ല സ്ഥാപനങ്ങളെക്കുറിച്ചും റാങ്കിങ്ങ് ഏജൻസികളെ കുറിച്ചും പരന്പരയിൽ പ്രത്യേകം പറയാം.

ഏത് വിഷയമാണ് നിങ്ങൾ പഠിക്കേണ്ടത്?

മുന്പ് സൂചിപ്പിച്ചതുപോലെ ബിരുദതലങ്ങളിൽ, ഒരാൾക്ക് പഠിക്കാൻ നിരവധി സാധ്യതകളുണ്ട്. ഈ ഘട്ടത്തിൽ നിങ്ങൾ ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം നിങ്ങൾ പഠിക്കാനുദ്ദേശിക്കുന്ന വിഷയം എത്രത്തോളം അന്താരാഷ്ട്ര പ്രസക്തമാണ് അല്ലെങ്കിൽ അതിന്റെ പോർട്ടബിലിറ്റി എത്രത്തോളമുണ്ട് എന്നതാണ്. ഭൂമിശാസ്ത്രം, സാഹിത്യം, രസതന്ത്രം പോലുള്ള ബിരുദങ്ങൾ ആഗോളതലത്തിൽ പോർട്ടബിൾ ആണെങ്കിലും മറ്റ് പല ഡിഗ്രികളും അങ്ങനെയല്ല. ഉദാഹരണത്തിന്, നിങ്ങൾ ഒരു രാജ്യത്ത് നിന്ന് എടുക്കുന്ന മെഡിക്കൽ ബിരുദവും മറ്റു രാജ്യങ്ങളിൽ നേരിട്ട് സാധുതയുള്ളതല്ല. ഇന്ത്യയിലേക്ക് മെഡിക്കൽ ബിരുദവുമായി എത്തിയാൽ പോലും ഇവിടെ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യാൻ കടന്പകൾ പലതുമുണ്ട് (ഇത് പിന്നീട് വിശദമായി എഴുതാം). നിയമ ബിരുദങ്ങൾ, പൈലറ്റ് ട്രെയിനിങ്, അക്കൗണ്ടിംഗ്, അഗ്രിക്കൾച്ചറൽ ക്വാളിഫിക്കേഷൻസ് തുടങ്ങി പല മേഖലകളിലും സമാനമായ വെല്ലുവിളികളുണ്ട്. അതിനാൽ, പഠനത്തിനായി വിദേശത്തേക്ക് പോകാൻ തീരുമാനിക്കുന്നതിന് മുന്പ്, ഡിഗ്രിയുടെ ആഗോള പോർട്ടബിലിറ്റി നിർണ്ണയിക്കേണ്ടത് തികച്ചും പ്രധാനമാണ്. മെഡിക്കൽ വിഷയത്തിലെ പോർട്ടബിലിറ്റിയുടെ പ്രശ്നങ്ങളെ പറ്റി പ്രത്യേകം എഴുതാം.

ഡിഗ്രി, ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ്?

പല കൺസൾട്ടന്റുകളും ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ്, പി.എച്ച്.ഡി കോഴ്സുകൾക്ക് പകരം ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ ചെയ്യാൻ ഉപദേശിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് പലപ്പോഴും ചെറിയ കാലത്തേക്കുള്ള കോഴ്‌സുകളായിരിക്കും (ആറുമാസം മുതൽ ഒരു വർഷംവരെ). ഒരു ഡിഗ്രി യോഗ്യത നേടുന്നതാണ് സർട്ടിഫിക്കറ്റിനേക്കാളും ഡിപ്ലോമയേക്കാളും നല്ലത്. ഒന്നാമതായി, സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സുകൾ ആഗോളതലത്തിൽ പലപ്പോഴും തൊഴിലിനോ തുടർവിദ്യാഭ്യാസത്തിനോ അംഗീകരിക്കപ്പെടുന്നില്ല. രണ്ടാമതായി, വിദേശത്ത് ഒരു ഡിപ്ലോമ കോഴ്സിന്റെ ദൈർഘ്യം കുറവായതിനാൽ ഒരു കരിയർ കരുപ്പിടിപ്പിക്കുന്നതിന് ആവശ്യമായ ഭാഷ പഠിക്കാനോ നെറ്റ്‌വർക്കുകൾ വികസിപ്പിക്കാനോ ഇത് വളരെ അപര്യാപ്തമാണ്.

വിദേശത്ത് പഠിക്കാൻ എത്ര ചിലവ് പ്രതീക്ഷിക്കാം?

ഇത് നിങ്ങൾ തെരഞ്ഞെടുക്കുന്ന രാജ്യം, സർവകലാശാല, കോഴ്‌സ്, കോഴ്സ് ദൈർഘ്യം എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു. രണ്ട് വർഷത്തേക്ക് ഹാർവാഡിലെ ഒരു എം‌ബി‌എ കോഴ്‌സിന് ഒരു ലക്ഷം ഡോളറിൽ കൂടുതൽ ചിലവ് വരാം, അതേസമയം അമേരിക്കയിലെ തന്നെ ഒരു കമ്മ്യൂണിറ്റി കോളേജിലെ എം‌ബി‌എ പഠനത്തിന് ഇരുപതിനായിരം ഡോളറിൽ താഴെ മാത്രമേ ചിലവ് വരൂ. യു‌എസിലെ ഒരു പ്രശസ്ത സർവകലാശാലയുടെ എം‌ബി‌എ ദുബൈയിലോ മലേഷ്യയിലോ അവരുടെ ഓഫ്‌ഷോർ കാന്പസിൽ നാലിലൊന്ന് ഫീസിൽ നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞേക്കും. ജർമ്മനി, നോർഡിക് രാജ്യങ്ങൾ തുടങ്ങിയ ചില രാജ്യങ്ങളിലെ സർവകലാശാലകൾ വളരെ ചെറിയ നിരക്ക് മാത്രം ഈടാക്കുകയോ ഫീസ് വാങ്ങാതിരിക്കുകയോ ചെയ്യാം.

ഫീസ് കൂടാതെ ഓരോ രാജ്യങ്ങളിലെയും ജീവിതച്ചിലവും വ്യത്യാസപ്പെട്ടിരിക്കും. സാധാരണയായി, ഒരു രാജ്യത്തിന്റെ ജീവിതച്ചെലവ് അവിടത്തെ ആളോഹരി വരുമാനത്തിന്റെ ആനുപാതികമാണ്. അതിനാൽ, ജർമ്മനിയിലെ ഫീസ് ഹംഗറിയേക്കാൾ വളരെ കുറവായിരിക്കാമെങ്കിലും, ജർമ്മനിയിലെ ജീവിതച്ചെലവ് വളരെ കൂടുതലായിരിക്കാം. ഈ വിവരങ്ങൾ‌ എല്ലായ്‌പ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിൽ‌ ലഭ്യമാണ്, മാത്രമല്ല പ്രസക്തമായ വിവരങ്ങൾ‌ നേടാൻ‌ ഇപ്പോൾ നിരവധി ചർച്ചാ വേദികളുമുണ്ട്.

വിദേശത്ത് ഒരു കോഴ്സിന് അപേക്ഷിക്കാൻ എന്തൊക്കെയാണ് വേണ്ടത്?

സാധാരണയായി വിദേശത്ത് വിദ്യാഭ്യാസത്തിനായി അപേക്ഷിക്കുന്നതിന് നിങ്ങൾക്ക് നാല് വ്യത്യസ്ത കാര്യങ്ങൾ ആവശ്യമാണ്. ഒന്നാമതായി, യോഗ്യതാ പരീക്ഷയ്ക്കായി നിങ്ങൾ നേടിയ മാർക്ക് (ഇവയെ ട്രാൻസ്ക്രിപ്റ്റുകൾ എന്ന് വിളിക്കുന്നു). രണ്ടാമതായി, നിങ്ങൾ വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്ന ഒരു കത്ത് (സ്റ്റേറ്റുമെന്റ്‌ ഓഫ് പർപ്പസ് ). മൂന്നാമതായി, ഒരു സ്റ്റാൻഡേർഡ് ടെസ്റ്റ് നടത്തി നിങ്ങളുടെ ഭാഷാ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കേണ്ടതുണ്ട്. ഇംഗ്ലീഷിനെ സംബന്ധിച്ചിടത്തോളം സാധ്യമായ രണ്ട് ടെസ്റ്റുകളുണ്ട്, (1) ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ഫോറിൻ ലാംഗ്വേജ് (TOEFL), (2) ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സർവീസ് (IELTS). ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ സർവ്വകലാശാലകൾ ജർമൻ, ഫ്രഞ്ച് ഭാഷകളുടെ അടിസ്ഥാന തലം അറിഞ്ഞിരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ സ്കോളാസ്റ്റിക് ആപ്റ്റിട്യുടെ ടെസ്റ്റ് (SAT) അല്ലെങ്കിൽ ഗ്രാജുവേറ്റ് റെക്കോർഡ് എക്‌സാമിനേഷൻ (GRE ) പോലെ അഭിരുചി പരിശോധിക്കാൻ പല യൂണിവേഴ്സിറ്റികളും ആവശ്യപ്പെടുന്നുണ്ട്. അമേരിക്കൻ സർവ്വകലാശാലകൾ എല്ലായ്പ്പോഴും എം‌ബി‌എ പ്രവേശനത്തിനായി ഗ്രാജുവേറ്റ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (GMAT) ആവശ്യപ്പെടുന്നു. വിദേശത്ത് മെഡിസിൻ പഠിച്ചു തിരിച്ച് ഇന്ത്യയിൽ വന്ന് രജിസ്റ്റർ ചെയ്യണമെങ്കിൽ ഇന്ത്യയിലെ മെഡിക്കൽ അഡ്മിഷൻ ടെസ്റ്റ് (NEET) ഇപ്പോൾ നിർബന്ധമാക്കി എന്ന് കേട്ടു. ഇതൊക്കെ അന്വേഷിച്ചു കണ്ടുപിടിക്കുകയാണ് ആദ്യത്തെ കടന്പ.

മക്കളോ മാതാപിതാക്കളോ?

വിദേശ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കുട്ടികൾ അവരുടെ സഹപാഠികളും അയൽക്കാരും പോകുന്നത് കണ്ട് മാതാപിതാക്കളെ നിർബന്ധിക്കുന്ന സാഹചര്യം ഇപ്പോൾ കേരളത്തിലുണ്ട്. ഇക്കാര്യത്തിൽ മക്കളുടെ നിർബന്ധത്തിന് വഴങ്ങി തെറ്റായ തീരുമാനത്തിൽ മാതാപിതാക്കൾ എത്തുന്നു. ഇത് ഒഴിവാക്കണം. പകരം ആവശ്യമായ ഗവേഷണം മാതാപിതാക്കളും നടത്തണം.

വിദേശത്ത് പോകാൻ വേണ്ടത്ര വിവരങ്ങളെല്ലാം ഇപ്പോൾ ഇന്റർനെറ്റിൽ ലഭ്യമാണ്. മുകളിൽ പറഞ്ഞ മാർഗ്ഗരേഖകൾ അനുസരിച്ചു ചിന്തിച്ചാൽ നിങ്ങൾക്ക് തന്നെ ശരിയായ തീരുമാനത്തിലെത്താം. എന്നാൽ വിദേശ പഠനം വലിയ ഒരു നിക്ഷേപവും തീരുമാനവും ആയതിനാൽ കൂടുതൽ അറിവുള്ളവരോട് ചോദിക്കണമെന്ന് തോന്നുന്നത് ന്യായമാണ്. അതിന് മുൻപ് അത്യാവശ്യം കാര്യങ്ങൾ നിങ്ങൾ സ്വയം അന്വേഷിക്കുകയും നിങ്ങൾക്ക് മാത്രം ഉത്തരം പറയാൻ പറ്റുന്ന ചോദ്യങ്ങൾക്ക് നിങ്ങൾ തന്നെ ഉത്തരം കണ്ടെത്തുകയും ചെയ്താൽ പണി ഏറെ എളുപ്പമായി.

അടുത്ത ആഴ്ച മുതൽ വിദേശ പഠന അവസരങ്ങളെക്കുറിച്ച് ഒരു സീരീസ് തുടങ്ങുകയാണ്. ഈ പറഞ്ഞ വിഷയങ്ങളെല്ലാം കൂടുതൽ എഴുതാം. ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ പഠിക്കുന്ന / പഠിച്ച അനവധി മലയാളികൾ അവരുടെ അറിവ് പങ്കുവെക്കാൻ തയ്യാറായി വന്നിട്ടുണ്ട്. അവർക്ക് നന്ദി. വിദേശപഠനത്തെ പറ്റി കൂടുതൽ അറിയണമെന്നുള്ളവർ [email protected] എന്ന വിലാസത്തിൽ എഴുതുക. വരും ദിവസങ്ങളിൽ അതിനുള്ള മറുപടി നൽകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button