KeralaLatest NewsNews

ഇന്ന് കേരളപ്പിറവി ദിനം; മലയാളനാടിന് 63-ാം പിറന്നാള്‍

ഇന്ന് കേരളപ്പിറവി ദിനം. ഐക്യകേരളത്തിന് 63 വയസ് പൂര്‍ത്തിയാകുന്നു. കേരള ചരിത്രത്തെക്കുറിച്ച് പറയുമ്പോള്‍ പിന്നിട്ട കാലത്തെ നേട്ടങ്ങള്‍ക്കൊപ്പം വെല്ലുവിളികളെ കുറിച്ചും പറയാതെ വയ്യ. മഹാപ്രളയത്തില്‍ നിന്നും കരകയറി ധീരതയോടെ പോരാടിയ കേരളത്തിന്റെ ഓര്‍മ്മകള്‍ കൂടി ഈ ദിനത്തില്‍ പങ്കുവയ്‌ക്കേണ്ടതുണ്ട്. ഐതിഹ്യങ്ങളും മിത്തും ചരിത്രങ്ങളും കൂടിക്കുഴഞ്ഞ കേരളം ഒന്നായത് ഒടുവില്‍ മലയാളഭാഷയുടെ പേരിലാണ്. വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടി ചേര്‍ന്നപ്പോള്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടായി. സംസ്ഥാനം പിറവിയെടുക്കുമ്പോള്‍ പകുതിയിലധികം ജനങ്ങളും കര്‍ഷകരായിരുന്നു. കേരവൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ വിശാലമായ പറമ്പുകളും പച്ചപ്പട്ടുടുത്ത് നില്‍ക്കുന്ന വയലേലകളും കാടും പുഴയും മാമലകളും കടലും ഒക്കെയുള്ള സുന്ദര ഭൂമി.

ALSO READ: വാളയാർ സംഭവം: നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് ഇന്ന് കരിദിനം; കേരളപ്പിറവി കണ്ണീര്‍പ്പിറവിയാക്കി സോഷ്യല്‍ മീഡിയ

ഇന്ന് കേരളത്തിന്റെ ഖ്യാതി ലോകമെമ്പാടും എത്തി. ആറുപതിറ്റാണ്ടിനിപ്പുറം മലയാളിയെ എണ്ണാനൊരുങ്ങിയാല്‍ അത് ലോകം മുഴുവന്‍ വേണ്ടിവരും. ഒരു നൂറ്റാണ്ട് മുമ്പ് തുടങ്ങിയ സാമൂഹിക നവോത്ഥാനം തുടര്‍പ്രക്രിയ ആയപ്പോഴാണ് കേരളത്തിന്റെ മാതൃക കേള്‍വികേട്ടത്. പിന്നീട് സമ്പൂര്‍ണ സാക്ഷരതയിലൂടെയും കേരളം രാജ്യത്തിന് മാതൃകയായി.

1956 നവംബര്‍ 1നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്. ഇന്ന് നാം കാണുന്ന കേരളത്തിന്റെ പിറവിക്കു പിന്നില്‍ ഒട്ടേറെ പോരാട്ടങ്ങളുടെ കഥയുണ്ട്. 1953 ല്‍ ഫസല്‍ അലി തലവനായും സര്‍ദാര്‍ കെ. എം. പണിക്കര്‍ അംഗവുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ രൂപവല്‍ക്കരിച്ചു. ആന്ധ്രാ സംസ്ഥാന രൂപവത്കരണത്തിനുവേണ്ടി നിരാഹാരം അനുഷ്ഠിച്ച സ്വാതന്ത്ര സമര സേനാനിയായ പോട്ടി ശ്രീരാമലു തന്റെ എഴുപത്തിമുന്നാം നാള്‍ മരിച്ചതിന് പിന്നാലെയായിരുന്നു ഫസല്‍ അലി കമ്മീഷന്‍ രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

ALSO READ: കേരളപ്പിറവി ദിനത്തിൽ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനെ വാളയാറിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍

1955 സെപ്റ്റംബറിലാണ് സംസ്ഥാന പുനഃസംഘടന കമ്മീഷന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറിയത്. അതില്‍ കേരളത്തെ ഒരു സംസ്ഥാനമാക്കി മാറ്റാനുള്ള ശുപാര്‍ശയുണ്ടായിരുന്നു. സംസ്ഥാന പുന:സംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസത്തിന് ശേഷമാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്.

കേരളത്തിന്റെ ചില ഭാഗങ്ങള്‍ വിട്ടുകൊടുത്തും ചിലത് കൂട്ടിച്ചേര്‍ത്തുമാണ് കേരളം രൂപീകരിച്ചത്. തിരുവിതാംകൂറിലെ തോവാളം, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ക്കുകയും ശേഷിച്ച തിരുവിതാം കൂര്‍ – കൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോട് താലൂക്കും ചേര്‍ക്കുകയുമാണുണ്ടായത്.

കന്യാകുമാരി ജില്ല കേരളത്തിന് നഷ്ടമായെങ്കിലും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോട് ചേര്‍ക്കപ്പെട്ടു. നവംബര്‍ ഒന്നിനു ചിത്തിരതിരുനാള്‍ മഹാരാജാവ് തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. ബി രാമകൃഷ്ണറാവു കേരളത്തിന്റെ ആദ്യ ഗവര്‍ണ്ണറായി അധികാരമേല്‍ക്കുകയും ചെയ്തു.രൂപീകരണ സമയത്ത് 5 ജില്ലകള്‍ മാത്രമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. കേരളം രൂപീകൃതമായതിന് ശേഷം 1957 ഫെബ്രുവരി 28നായിരുന്നു കേരളത്തില്‍ ആദ്യമായി തെരഞ്ഞടുപ്പ് നടന്നത്. തുടര്‍ന്ന് ഇഎംഎസ് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരമേറ്റു.

അതേസമയം കേരളപ്പിറവി ദിനത്തില്‍ തലസ്ഥാന നഗരയിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലും നടത്തപ്പെടുന്ന സര്‍ക്കാറിന്റെ ഔദ്യോഗിക ആഘോഷ പരിപാടികള്‍ക്ക് പുറമെ നാടെങ്ങും കേരളപ്പിറവി കൊണ്ടാടാനുള്ള ഒരുക്കത്തിലാണ്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മലയാള ദിനമായും ഒന്നു മുതല്‍ ഏഴു വരെ ഔദ്യോഗിക ഭരണഭാഷാവാരമായും ആഘോഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button