KeralaLatest NewsNews

‘തല കിണറിന്റെ ചുമരില്‍ ഇടിച്ചിട്ടും എട്ടു വയസ്സുകാരിയുടെ കയറിലുള്ള ആ പിടി വിട്ടില്ല’ സുജിത്തിനേയും കുടുംബത്തേയും ഓര്‍ത്ത് അനുഭവക്കുറിപ്പ് പങ്കുവെച്ച് യുവതി

മകന് വേണ്ടി തുണി സഞ്ചി തുന്നുന്ന സുജിത്തിന്റെ അമ്മയുടെ ചിത്രം കണ്ണീരോടെയല്ലാതെ കാണാന്‍ കഴിയില്ല. രാജ്യത്തിന്റെ പ്രാര്‍ഥനകള്‍ വിഫലമാക്കി സുജിത്ത് പോയെങ്കിലും ആ മരണം ഇന്നും ചര്‍ച്ചയാവുകയാണ്. ‘ആ അമ്മ എന്റെ അമ്മ കൂടിയാണ്..’ എന്ന വാക്കുകളോടെ ഇന്ദു എന്ന യുവതി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. കിണറ്റില്‍ വീണ എട്ടുവയസുകാരിയെ ഓര്‍ത്ത് കരയാതെ, ബോധംകെട്ടുവീഴാതെ സമചിത്തതയോടെ കയ്യിലേക്ക് കോരിയെടുത്ത അമ്മയെ കുറിച്ചാണ് ഇന്ദു പറയുന്നത്.

ഇന്ദുവിന്റെ പോസ്റ്റ് വായിക്കാം

കുഴൽക്കിണറിൽ വീണ സ്വന്തം കുഞ്ഞിനെ രക്ഷിക്കാനായി തുണി സഞ്ചി തുന്നുന്ന സുജിത്‌ എന്ന കുഞ്ഞിന്റെ അമ്മ കലൈ മേരിയുടെ വാർത്ത വായിച്ചപ്പോൾ ആ അമ്മയ്ക്ക് എന്റെ അമ്മയുടെ തന്നെ മുഖമായിരുന്നു. ഇത്ര ഗുരുതരമായ അപകടമല്ലെങ്കിൽ പോലും അമ്മയുടെ സമചിത്തതയും ധൈര്യവും ഒന്നുകൊണ്ടു മാത്രമാണ് വലിയ കേടുപാടുമൊന്നും കൂടാതെ ഇന്നും ജീവിച്ചിരിക്കുന്നത്.

അന്നെനിയ്ക്ക് എട്ടു വയസ്സ്. മൂന്നാം ക്ലാസ്സിൽ പഠിയ്ക്കുന്നു. ഇപ്പോൾ എന്റെ മോൾക്ക് അതേ പ്രായം. ഇന്നെനിയ്ക്കവൾ കൊച്ചു കുഞ്ഞായി തോന്നുന്നുവെങ്കിലും പത്തിരുപത്തഞ്ചു വർഷങ്ങൾക്കു മുൻപ് ആ പ്രായത്തിലുള്ള കുട്ടികൾ മുറ്റമടിയ്ക്കുക, വീട് വൃത്തിയാക്കുക, കിണറ്റിൽ നിന്നും വെള്ളമെടുക്കുക, ഇളയ കുഞ്ഞുങ്ങളെ നോക്കുക,കടയിൽ സാധനങ്ങൾ വാങ്ങാൻ തനിച്ചു പോവുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് സാധാരണയായിരുന്നു.

സംഭവ ദിവസം മലയാളം പരീക്ഷയായിരുന്നു. ആദ്യമായി പേപ്പറിൽ(അതുവരെ സ്ലേറ്റിലായിരുന്നു) പരീക്ഷ എഴുതാൻ പോവുന്നതിന്റെ ത്രില്ലിലായിരുന്നു ഞാൻ. വലിയ ക്ലാസ്സുകളിലെത്തിയപ്പോൾ പരീക്ഷകളെ പേടിയ്ക്കാനും വെറുക്കാനും തുടങ്ങിയെന്നത് ഒരു ദു:ഖസത്യം!

കുളത്തിൽ വീണ ഒരു കൊച്ചു കുഞ്ഞിനെ രക്ഷിച്ച ലീന എന്ന പെൺകുട്ടിയെ ധീരതയ്ക്കുള്ള അവാർഡ് നൽകി ആദരിയ്ക്കുന്ന പാഠം ഒന്നുകൂടി പഠിച്ച് ഞാൻ കുളിയ്ക്കാൻ നടന്നു. ഇനി ആരെങ്കിലും കുളത്തിലോ കിണറിലോ വീണാൽ ഞാനും ലീനയെപ്പോലെ അവരെ രക്ഷിയ്ക്കുമെന്ന ഒരു പ്രഖ്യാപനം ഇതിനിടയിൽ നടത്താനും മറന്നില്ല. വീമ്പു പറച്ചിലുകൾക്ക് അന്നും ഇന്നും കുറവില്ല. മകൾക്കും ഇതേ രോഗം പകർന്നു കിട്ടിയിട്ടുണ്ടെന്നതാണ് വേറൊരു സത്യം!

ഏതായാലും കുളിയ്ക്കാനുള്ള വെള്ളമെടുക്കാനായി ഞാൻ കിണറിനരികിലെത്തി. ബക്കറ്റ് കിണറ്റിലേയ്ക്കിറക്കി. സാധാരണ അര ബക്കറ്റ് വെള്ളം പല പ്രാവശ്യം കോരിയെടുക്കുന്ന പതിവു തെറ്റിച്ച് അന്ന് ബക്കറ്റ് ഫുൾ ആക്കി എന്നു വേണം കരുതാൻ(പേപ്പറിലൊക്കെ പരീക്ഷ എഴുതാറായ വലിയ കുട്ടിയായില്ലേ). ഞാൻ ഒരു പാറ്റക്കുട്ടി ആയിരുന്നതു കൊണ്ടും വെള്ളമുള്ള ബക്കറ്റിന് എന്നെക്കാൾ ഭാരമുണ്ടായിരുന്നതു കൊണ്ടും ഞാൻ വലിച്ചിടത്ത് മൂപ്പർ വരുന്നതിനു പകരം മൂപ്പർ വലിച്ചിടത്തേയ്ക്ക് എനിയ്ക്കു പോകേണ്ടി വന്നു. ചുരുക്കിപ്പറഞ്ഞാൽ തൊട്ടിയും കുട്ടിയും കിണറിനകത്ത്. ഭാഗ്യത്തിന് ബക്കറ്റിന്റെ മറ്റേ അറ്റത്ത് കെട്ടുണ്ടായിരുന്നതിനാൽ അത് കപ്പിയിൽ തടഞ്ഞ് മൊത്തമായി വെള്ളത്തിൽ വീണില്ല.

അത്യദ്ഭുതം എന്ന് ഞാനിപ്പോഴും കരുതുന്ന കാര്യമാണ് ഇനി നടന്നത്. വീഴ്ചയ്ക്കിടയ്ക്ക് കയറിൽ എങ്ങനെയോ ഒരു പിടിത്തം കിട്ടി എന്നു മാത്രമല്ല തല കിണറിന്റെ ചുമരിൽ ഇടിച്ചിട്ടും എട്ടു വയസ്സുകാരിയുടെ കയറിലുള്ള ആ പിടി വിട്ടില്ല. ആ ഇടിയുടെ പാട് ഇപ്പോഴും തലയിൽ ഭദ്രം! അങ്ങനെ കുറച്ചു നേരം കയറിൽ തൂങ്ങിയാടി കിടന്നു.

എല്ലാവരെയും എല്ലാത്തിനെയും പേടിച്ചിരുന്ന എന്റെ അമ്മ ആക്ഷൻ ഹീറോയിനായത് പെട്ടെന്നായിരുന്നു. സ്ത്രീകളും പുരുഷൻമാരുമായി ചെറുതല്ലാത്ത ഒരാൾക്കൂട്ടം അവിടെ ഉണ്ടായിരുന്നിട്ടും തന്റെ കുഞ്ഞിന്റെ ജീവൻ തന്റെ കയ്യിലാണെന്ന തോന്നൽ കൊണ്ടോ എന്തോ അമ്മ വളരെയധികം സമചിത്തതയോടെ കയറിൽ പിടിച്ച് വെള്ളം കോരുന്ന പോലെ എന്നെ പതിയെ വലിച്ചെടുക്കാൻ തുടങ്ങി. കയ്യെത്തും ദൂരത്തെത്തിയപ്പോൾ ശാന്ത ഭാവം വിട്ട് വെപ്രാളത്തോടെ കയറും എന്റെ മുടിയും എല്ലാം കൂട്ടി ഒരു വലി.

ഇത്രയും നേരം ഒരു തുള്ളി കണ്ണുനീർ പോലും വരാത്ത എന്റെ അമ്മയുടെ കണ്ണിൽ നിന്ന് എന്നെ വാരിയെടുത്തപ്പോൾ ഒരു മഹാസാഗരം ഇരമ്പിച്ചെത്തിയതും അതു കണ്ട് “എന്നെ കിട്ടിയില്ലേ, ഇനിയെന്തിനാ കരയുന്നത്” എന്നു ഞാൻ ചോദിച്ചതും അപ്പോൾ ഉയർന്ന നാട്ടുകാരുടെ കൂട്ടച്ചിരിയുമെല്ലാം ഇന്നും തെളിമയോടെ മനസ്സിലുണ്ട്.

ജീവിതത്തിൽ എന്തെങ്കിലും നേടി എന്നവകാശപ്പെടാനൊന്നുമില്ലെങ്കിലും കിണറ്റിൽ നിന്നും പുറത്തു വന്ന ഉടൻ ഓടിപ്പോയി പരീക്ഷ എഴുതിയ ആ മൂന്നാം ക്ലാസ്സുകാരിയെ ഓർത്ത് അമ്മയ്ക്കിന്നും അഭിമാനം.

അമ്മമാർ അങ്ങനെയാണ്. അവർ മക്കളെ സ്നേഹിക്കുകയും ശാസിക്കുകയും അവർക്കു വേണ്ടി കരയുകയും മാത്രമല്ല, അവർക്കു വേണ്ടി പൊരുതുകയും ജീവൻ തന്നെ പണയപ്പെടുത്താൻ തയ്യാറാവുകയും ചെയ്യുന്നു.
ഇതു ലളിതമായി മനസ്സിലാവണമെങ്കിൽ അടയിരുന്നു മുട്ട വിരിയിച്ച ഒരു തള്ളക്കോഴിയുടെ കുഞ്ഞുങ്ങളെ ഒന്നോമനിയ്ക്കാൻ പോയാൽ മതി.

കുഞ്ഞു സുജിത്തിന്റെ കുടുംബത്തിന് അവന്റെ നഷ്ടം താങ്ങാനുള്ള കരുത്തു ലഭിയ്ക്കട്ടെ എന്ന പ്രാർത്ഥനയോടെ…

https://www.facebook.com/photo.php?fbid=3698250933533653&set=a.1412018905490212&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button