KeralaLatest NewsNews

‘ഈ കുഞ്ഞ് രാക്ഷസനും കുട്ടിചാത്തനും ഒന്നുമല്ല’ വാട്‌സ്ആപില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ഡോ. ഷിംന അസീസ്

‘ആസാമില്‍ ജനിച്ച രാക്ഷസക്കുഞ്ഞ്’ എന്ന പേരില്‍ പ്രചരിക്കുന്ന വാട്ട്സാപ്പ് സന്ദേശം മിക്കവര്‍ക്കും ലഭിച്ചുകാണും. വീഡിയോയും ഒപ്പമുണ്ടായിരുന്നു. ‘ ഈ കുഞ്ഞിനെ പതിനൊന്നാം മാസത്തിലാണ് സിസേറിയന്‍ ചെയ്ത് പുറത്തെടുത്തത്. അപ്പോള്‍ എട്ടു കിലോ ഭാരമുണ്ടായിരുന്ന കുഞ്ഞ് വന്നപ്പോള്‍ തന്നെ അമ്മയുടെ കുടല്‍ മുഴുവന്‍ തിന്ന് തീര്‍ത്തിരുന്നു, അമ്മ അപ്പഴേ മരിച്ചു. ഈ കുട്ടി ഒരു ദിവസം കൊണ്ട് പതിമൂന്ന് കിലോയായി ഭാരം കൂടി. മൂന്നാം ദിവസം കുഞ്ഞ് ഒരു നേഴ്സിന്റെ കൈയില്‍ കേറിപ്പിടിച്ചു. അവരും ദിവസങ്ങള്‍ക്കകം മരിച്ചു. പിന്നെ പതിനേഴ് ഇഞ്ചക്ഷന്‍ വെച്ചാണ് അതിനെ കൊന്നത്.’ എന്നതായിരുന്നു സന്ദേശം. എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ്.

ഡോ. ഷിംനയുടെ കുറിപ്പ് വായിക്കാം

ആസാമിൽ ജനിച്ച രാക്ഷസക്കുഞ്ഞ്‌’ എന്ന പേരിൽ പ്രചരിക്കുന്ന വാട്ട്‌സാപ്പ്‌ സന്ദേശം നിങ്ങളിൽ മിക്കവർക്കും കിട്ടിയിട്ടുണ്ടാകും. ചിത്രത്തിൽ കാണുന്ന കുഞ്ഞിന്റെ വീഡിയോയും കാണും കൂടെ. വീഡിയോയുടെ കൂടെയുള്ള ഓഡിയോയിൽ ഭാവനാസമ്പന്നനായ വേറെ പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാത്ത ചേട്ടൻ പറയുന്നതിന്റെ പ്രസക്‌തഭാഗങ്ങൾ ഇതാണ്‌- ” ഈ കുഞ്ഞിനെ പതിനൊന്നാം മാസത്തിലാണ്‌ സിസേറിയൻ ചെയ്‌ത്‌ പുറത്തെടുത്തത്‌. അപ്പോൾ എട്ടു കിലോ ഭാരമുണ്ടായിരുന്ന കുഞ്ഞ്‌ വന്നപ്പോൾ തന്നെ അമ്മയുടെ കുടൽ മുഴുവൻ തിന്ന്‌ തീർത്തിരുന്നു, അമ്മ അപ്പഴേ മരിച്ചു. ഈ കുട്ടി ഒരു ദിവസം കൊണ്ട് പതിമൂന്ന്‌ കിലോയായി ഭാരം കൂടി. മൂന്നാം ദിവസം കുഞ്ഞ്‌ ഒരു നേഴ്‌സിന്റെ കൈയിൽ കേറിപ്പിടിച്ചു. അവരും ദിവസങ്ങൾക്കകം മരിച്ചു. പിന്നെ പതിനേഴ്‌ ഇഞ്ചക്ഷൻ വെച്ചാണ്‌ അതിനെ കൊന്നത്‌.”

ഹെന്താല്ലേ !!

സത്യം ഇതാണ്‌- ഈ കുഞ്ഞ്‌ രാക്ഷസനും കുട്ടിചാത്തനും ഒന്നുമല്ല. അത്യപൂർവ്വമായി മാത്രം ജനിതകമായി വരുന്ന ‘ഹാർലെക്വിൻ ഇക്‌തിയോസിസ്‌’ എന്ന രോഗമായിരുന്നു ആ കുഞ്ഞിന്‌. ചർമകോശങ്ങൾ കൊഴിഞ്ഞ്‌ പോകുന്നതിന്‌ പകരം ശൽക്കങ്ങളായി മാറി വിണ്ട്‌ കീറി കുഞ്ഞിന്റെ ശരീരതാപനിയന്ത്രണവും പ്രതിരോധശേഷിയും എല്ലാം നഷ്‌ടപ്പെടുന്ന അവസ്‌ഥ. കണ്ണും മൂക്കും ചെവിയും എന്ന്‌ തുടങ്ങി സകല അവയവങ്ങളുടേയും ആകൃതി പോലും വികലമാകും. പൊതുവേ ഈ കുട്ടികൾക്ക്‌ വലിയ ആയുസ്സ്‌ ഉണ്ടാകാറില്ല. എന്നാൽ, ആധുനിക ചികിത്സാസൗകര്യങ്ങൾ കൊണ്ട്‌ നിലവിൽ ഈ മക്കളുടെ ആയുസ്സ്‌ അൽപമെങ്കിലും നീട്ടിക്കൊണ്ട്‌ പോകുക സാധ്യമാണ്‌.

നമ്മുടെ വാട്ട്‌സാപ്പ്‌ കഥയിലെ കുഞ്ഞ്‌ ജനിച്ചത്‌ ഈ വർഷം ജൂണിലാണ്‌ എന്നാണ്‌ കരുതുന്നത്‌, ഇന്ന്‌ ജീവിച്ചിരിപ്പില്ല താനും. ആടിനുണ്ടായ മനുഷ്യക്കുഞ്ഞ്‌, അന്യഗ്രഹജീവിക്കുഞ്ഞ്‌ (എന്താണോ എന്തോ?) എന്നുള്ള വേർഷനുകളും കേട്ടു.

കഥയുണ്ടാക്കുന്നതൊക്കെ വളരെ നല്ല കഴിവാണ്‌. അത്‌ പക്ഷേ, വല്ലോർക്കും ആറ്റുനോറ്റുണ്ടായ കൊച്ചിനെ ചെകുത്താൻ കുട്ടി ആക്കിക്കൊണ്ടാകരുത്‌. നാണമാകില്ലേ ഈ 2019ൽ ഇതൊക്കെ പറഞ്ഞോണ്ട്‌ നടക്കാൻ? ഉണ്ടാക്കിയവരോട്‌ മാത്രമല്ല, ഫോർവാർഡ്‌ ചെയ്യുന്നവരോടും പറഞ്ഞ്‌ നടക്കുന്നവരോടും കൂടിയാണ്‌.

കഷ്‌ടമുണ്ട്‌ മനുഷ്യമ്മാരേ ?

https://www.facebook.com/photo.php?fbid=10158037204747755&set=a.10154567803427755&type=3&permPage=1

shortlink

Related Articles

Post Your Comments

Related Articles


Back to top button