KeralaLatest NewsIndia

മകളുടെ രോ​ഗവിവരം ആശുപത്രിയില്‍ ഡോക്ടറെ വിളിച്ച്‌ വിശദീകരിച്ചതും സജ്ജനാർ, ഈ പേര് പിറവത്തെ മൂന്നാംക്ലാസുകാരി കൃഷ്ണയ്ക്ക് ഏറെ പ്രിയപ്പെട്ടത്

സെക്കന്തരാബാദില്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ മുതല്‍ വേണ്ടതെല്ലാം ചെയ്ത് സജ്ജനാറുടെ അദൃശ്യകരങ്ങള്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു

ഹൈദരാബാദിലെ വി സി സജ്ജനാരെന്ന പൊലീസ് കമ്മിഷണറുടെ പേരാണ് ഇന്നലെ മുതൽ മാധ്യമങ്ങളിലാകെ നിറഞ്ഞു നിൽക്കുന്നത് . തെലങ്കാനയിലെ സംഭവങ്ങളോ നാല് പേരുടെ കൊലപാതകമോ ഒന്നും അറിയില്ലെങ്കിലും വാര്‍ത്തകളില്‍ നിറയുന്ന ഈ പേര് മൂന്നാംക്ലാസുകാരി കൃഷ്ണയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അച്ഛന്‍ ബൈജു പറഞ്ഞാണ് കൃഷ്ണയ്ക്ക് സജ്ജനാരെന്ന പേര് സുപരിചിതം.പിറവം അഞ്ചല്‍പ്പെട്ടി സെയ്ന്റ് മേരീസ് യു പി സ്കൂളിലെ വിദ്യാര്‍ഥിനിയായ കൃഷ്ണയ്ക്ക് തന്റെ വലതുകണ്ണിന്റെ വേദനയകറ്റാൻ വന്ന ദൈവത്തിന്റെ പ്രതിരൂപമാണ് സജ്ജനാര്‍.

മൂന്നുമാസം പ്രായമുള്ള കൃഷ്ണയുടെ വലത് കണ്ണില്‍ കാന്‍സര്‍ ബാധിച്ചതായിരുന്നു. സെക്കന്തരാബാദിലെ അപ്പോളോ ആശുപത്രിയിലേക്കാണ് വിദഗ്ധചികിത്സയ്ക്കായി റെഫര്‍ ചെയ്തത്. മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ നാട്ടിലെ ഒരു വാട്സാപ്പ് ​ഗ്രൂപ്പില്‍ ഇക്കാര്യം അവതരിപ്പിച്ചു. ​ഗ്രൂപ്പില്‍ അം​ഗമായിരുന്ന അന്നത്തെ എറണാകുളം ഐ ജി, എസ് ശ്രീജിത്താണ് ബൈജുവിനെ വിളിച്ച്‌ സജ്ജനാറെക്കുറിച്ച്‌ പറഞ്ഞത്. ‘അവിടെ സജ്ജനാരെന്ന പൊലീസ് ഓഫീസറുണ്ട്, നിങ്ങളെ സഹായിക്കും’, എന്നായിരുന്നു ശ്രീജിത്തിന്റെ വാക്കുകള്‍.

ഐ ജി നല്‍കിയ നമ്പറില്‍ വിളിച്ച ബൈജുവിന് ‘നിങ്ങള്‍ വന്നോളൂ, ഞാന്‍ സഹായിക്കാം’ എന്ന വാക്കാണ് അങ്ങേതലക്കലില്‍ നിന്ന് കിട്ടിയത്. മകളുടെ രോ​ഗവിവരം ആശുപത്രിയില്‍ ഡോക്ടറെ വിളിച്ച്‌ വിശദീകരിച്ചതും സജ്ജനാരായിരുന്നെന്ന് ബൈജു ഓര്‍ക്കുന്നു. ചികിത്സ പരമാവധി സൗജന്യമാക്കികൊണ്ട് ബാക്കി തുക ചാരിറ്റിസംഘടന വഴി ലഭ്യമാക്കുകയായിരുന്നു. ആശുപത്രിയില്‍നിന്ന് മടങ്ങുന്നതുവരെ ഒരിക്കല്‍പോലും കണ്ടിട്ടില്ലെങ്കിലും ഓരോ കാര്യത്തിനും സഹായിക്കാന്‍ അദൃശ്യമായി ആ മനുഷ്യനുണ്ടായിരുന്നെന്ന് ബൈജു പറഞ്ഞു.

സെക്കന്തരാബാദില്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ മുതല്‍ വേണ്ടതെല്ലാം ചെയ്ത് സജ്ജനാറുടെ അദൃശ്യകരങ്ങള്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു.കൃഷ്ണയുടെ വലതുകണ്ണിന് ഇപ്പോള്‍ കാഴ്ചയില്ലെങ്കിലും വേദന മാറിയതിന്റെ സന്തോഷമാണ് അവളുടെ മുഖത്ത് നിഴലിക്കുന്നത്. മാതൃഭൂമിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് സജ്ജനാറുടെ സഹായത്തില്‍ കൃഷ്ണയുടെ ചികിത്സ നടന്നത്.സജ്ജനാർ ഇന്ന് രാജ്യം മുഴുവൻ നിറഞ്ഞു നിൽക്കുമ്പോഴും കൃഷ്ണയ്ക്ക് ദൈവദൂതനാണ് ഇദ്ദേഹം.

shortlink

Post Your Comments


Back to top button