Latest NewsIndia

പൗരത്വ ഭേദഗതി ബില്ലിൽ അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍, ബിൽ ഇന്ന് രാജ്യസഭയിൽ

ന്യൂഡല്‍ഹി: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൗരത്വ ഭേദഗതി ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കെ വിഷയത്തിലെ സംശയങ്ങള്‍ക്കുള്ള മറുപടി നല്‍കി കേന്ദ്രസര്‍ക്കാര്‍.ബില്ലിന് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി മനസിലാക്കേണ്ട 8 കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ബംഗാളി ഹിന്ദുക്കള്‍ക്ക് മാത്രമാണ് ബില്ലിലൂടെ പൗരത്വം ലഭിക്കുകയെന്നതാണ് ആദ്യത്തെ തെറ്റിധാരണ. എന്നാല്‍ ഇത് തെറ്റാണെന്നും അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് ബില്ലിന്റെ ഗുണം ലഭിക്കുകയെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ഹിന്ദു ബംഗാളികളെ ഉള്‍പ്പെടുത്തി ഗോത്രവര്‍ഗ ഭൂമി പിടിച്ചെടുക്കാനുള്ള തന്ത്രമാണ് പൗരത്വ ഭേദഗതി ബില്‍ എന്ന തരത്തിലുള്ള പ്രചാരണവും ശക്തമായ സാഹചര്യത്തില്‍ ബില്‍ ആദിവാസി ഭൂമികളുടെ സംരക്ഷണത്തിനുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമല്ലെന്ന് അറിയിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ താത്പര്യപ്പെടുന്നത്. ഐഎല്‍പിയുടെ വ്യവസ്ഥകളും ഭരണഘടനയുടെ ആറാമത്തെ ഷെഡ്യൂളും ബാധകമാകുന്ന മേഖലകള പൗരത്വ ഭേദഗതി ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.രണ്ടാമതായി, പൗരത്വ ഭേദഗതി ബില്‍ അസം കരാറിനെ ദുര്‍ബലപ്പെടുത്തുമെന്ന വാദമാണ് ഉയര്‍ന്നു വരുന്നത്.

എന്നാല്‍ നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും നാടുകടത്തുന്നതിനുമായി നിലിവില്‍ വന്ന അസം കരാറിന്റെ കട്ട് ഓഫ് തീയതി 1971 മാര്‍ച്ച്‌ 24ാണ്. ആയതിനാല്‍ പൗരത്വ ഭേദഗതി ബില്‍ അസം കരാറിന്റെ സാധുതയെ ദുര്‍ബലപ്പെടുത്തുന്നില്ല.അസമിലെ തദ്ദേശവാസികളുടെ താല്‍പ്പര്യത്തിന് വിരുദ്ധമാണ് പൗരത്വ ഭേദഗതി ബില്‍ എന്നതാണ് മൂന്നാമത്തെ തെറ്റിധാരണ. പൗരത്വ ഭേദഗതി ബില്‍ ഒരിക്കലും അസം കേന്ദ്രീകൃതമല്ല. ഇത് മുഴുവന്‍ രാജ്യത്തിനും ബാധകമാണ്. പൗരത്വ ഭേദഗതി ബില്‍ ബംഗാളി സംസാരിക്കുന്നവര്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ ബംഗാളി ഹിന്ദുക്കളുടെ ജനസംഖ്യയില്‍ ഭൂരിഭാഗവും താമസിക്കുന്നത് അസമിലെ ബരാക് താഴ്‌വരയിലാണ്, അവിടെ ബംഗാളി രണ്ടാം ഭാഷയായാണ് കണക്കാക്കുന്നത്. എന്നാല്‍ ബ്രഹ്മപുത്ര താഴ്വരയില്‍ ബംഗാളി ഹിന്ദുക്കള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കുകയും അസമീസ് ഭാഷയുമായി പൊരുത്തപ്പെടുകയും ചെയ്യുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.പൗരത്വ ഭേദഗതി ബില്‍ ഒരിക്കലും ദേശീയ പൗരത്വ രജിസ്റ്ററിന് എതിരല്ല. അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് തദ്ദേശവാസികളെ സംരക്ഷിക്കുന്നതിനായാണ് പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു.

ബംഗാളി ഹിന്ദുക്കള്‍ ആസാമിന് ഭാരമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന് മുഴുവന്‍ ബാധകമാണ്. മതപരമായ വിവേചനം നേരിടുന്നവര്‍ ആസാമില്‍ മാത്രമല്ല ജീവിക്കുന്നതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ നിരവധി ആളുകളുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഓര്‍മ്മിപ്പിക്കുന്നു.ബില്‍ നിലവില്‍ വരുന്നതോടെ ബംഗ്ലാദേശില്‍ നിന്ന് ഹിന്ദുക്കള്‍ കൂടുതലായി കുടിയേറുമെന്ന ധാരണയും തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതിനകം തന്നെ ന്യൂനപക്ഷങ്ങളില്‍ ഭൂരിഭാഗവും ബംഗ്ലാദേശില്‍ നിന്ന് കുടിയേറിക്കഴിഞ്ഞിട്ടുണ്ട്.

ഇതിനു പുറമെ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അടുത്ത കാലത്തായി കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തില്‍ മതപരമായ പീഡനം കാരണമുള്ള കുടിയേറ്റത്തിനും സാധ്യത വളരെ കുറവാണ്. 2014 ഡിസംബര്‍ 31 എന്ന കട്ട് ഓഫ് തീയതിക്ക് ശേഷം ഇന്ത്യയിലേക്ക് കുടിയേറുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വ ഭേദഗതി ബില്ലിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങളോടുള്ള വിവേചനമാണെന്ന വാദത്തിനാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമായും വ്യക്തത വരുത്തിയിരിക്കുന്നത്.

1955ലെ പൗരത്വ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്‌ ഏത് വിദേശ പൗരനും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയും. പൗരത്വ ഭേദഗതി ബില്‍ ഈ വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നില്ല. ഇത് അനുസരിച്ച്‌ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ആറ് ന്യൂനപക്ഷ സമുദായങ്ങളിലെ കുടിയേറ്റക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നു എന്നതാണ് വസ്തുതയെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button