Latest NewsNewsIndia

പൗരത്വ ബിൽ: ചെങ്കോട്ട മാർച്ചിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾ അറസ്റ്റിൽ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ചെങ്കോട്ട മാർച്ചിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾ അറസ്റ്റിൽ. പൗരത്വ നിയമഭേദഗതിക്കെതിരെ ഇന്ന് നടക്കാനിരിക്കുന്ന ജാമിഅ വിദ്യാര്‍ഥികളുടെ ചെങ്കോട്ട മാര്‍ച്ചിനും ഇടത് പാര്‍ട്ടികളുടെ പ്രതിഷേധ മാര്‍ച്ചിനും പൊലീസ് അനുമതി നിഷേധിച്ചു. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ 13 മെട്രോ സ്റ്റേഷനുകള്‍ അടക്കുകയും റോഡ് ഗതാഗത നിയന്ത്രണവും പൊലീസ് ഏര്‍പ്പെടുത്തി. ചെങ്കോട്ടക്ക് സമീപം നിരോധനാജ്ഞയും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നിരവധി സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. ജാമിഅ വിദ്യാർഥികളുടെ കോഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ലാൽ ഖില മാർച്ച് രാവിലെ 11 മണിക്ക് ആരംഭിക്കും. ലാൽ ഖിലയിൽ നിന്ന് ഫിറോസ്ഷാ കോട്ട്ലയിലെ ഷഹീദ് പാർക്കിലേക്കാണ് മാർച്ച്. ഇതിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സാമൂഹ്യ പ്രവർത്തകൻ യോഗേന്ദ്ര യാദവും പ്രതിഷേധ റാലിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ഏവരും രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമാകണമെന്നാണ് ജാമിഅ കോര്‍ഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനം. ഇടത് സംഘടനകൾ ആഹ്വാനം ചെയ്ത മാർച്ച് 12 മണിക്ക് മണ്ഡി ഹൗസിൽ നിന്ന് ആരംഭിച്ച് ഷഹീദ് പാർക്കിൽ അവസാനിക്കും.

സി.പി.എം, സി.പി.ഐ, സി.പി.ഐ എം.എൽ, ആർ.എസ്.പി, ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക് എന്നീ ഇടത് സംഘടനകളാണ് മാർച്ചിന് ആഹ്വാനം ചെയ്തത്. ഇതിന് പുറമെ ബീഹാർ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. മുംബൈയിലെ 4 മണിക്ക് ക്രാന്തി മൈതാനിൽ സ്റ്റുഡൻസ് എഗെൻസ്റ് ഫാസിസത്തിന്റെ നേത്യത്വത്തിൽ സ്കാവ്സ് ഫോർ സോളിഡാരിറ്റി എന്ന പേരിൽ പ്രതിഷേധ സംഗമം നടക്കും. ബംഗളൂരുവിലും പ്രതിഷേധമുണ്ട്. അതിനിടെ ജാമിഅ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button