
അലൻ വാവയുമായി നേരിട്ടു ബന്ധമില്ലെങ്കിലും അവന്റെ മാതൃസഹോദരീപുത്രനായ ആരോമലിനെ ഒരു വർഷം പഠിപ്പിച്ച അദ്ധ്യാപികയെന്ന നിലയിൽ ചിലത് പറയാമെന്നു കരുതിയത് സോഷ്യൽ മീഡിയയിലൂടെ കാണുന്ന പാൽമണം മാറാത്ത രണ്ടു കുട്ടികളെന്ന വിലാപവാക്യങ്ങൾ കണ്ടതുക്കൊണ്ടാണ്. പന്ത്രണ്ട് വർഷങ്ങൾക്കുമുമ്പ് പാൽമണം മാറിയ ആരോമൽ ഡിക്രൂസെന്ന ഒരു ഒൻപതുവയസ്സുകാരനെ ഞാൻ ഫ്രീ പിരിയഡുകളിൽ സോഷ്യൽ സ്റ്റഡീസും ജി.കെയും പഠിപ്പിച്ചിട്ടുണ്ട്. അന്ന് അവന്റെ അമ്മ ഒരു സിനിമാതാരമായിട്ടില്ലായിരുന്നു.പക്ഷേ അന്നേ അറിയപ്പെടുന്ന തിയറ്റർ ആർട്ടിസ്റ്റായിരുന്നു സജിതാ മഠത്തിലെന്ന ആ അമ്മ.അവനന്ന് പറയാനേറെയുണ്ടായിരുന്നത് ഡൽഹിവിശേഷങ്ങൾക്കൊപ്പം കോഴിക്കോടുള്ള കുഞ്ഞനിയനെ കുറിച്ചായിരുന്നു. ആ ക്ലാസ്സിലെ ഏറ്റവും മിടുക്കനായ കുട്ടിയായിരുന്നു ആരോമൽ. അവരുടെ ക്ലാസ്സിലുണ്ടായിരുന്ന ആനന്ദെന്ന കാലുവയ്യാത്ത മോന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായി അവൻ മാറിയത് പ്രായത്തിൽ കവിഞ്ഞ പക്വതയോടെയായിരുന്നു. എന്തിനുമേതിനും ആനന്ദിന്റെ വലംകൈയായി മാറിയ കുഞ്ഞ് ആരോമലിനെ ഇന്നും ഞാനോർക്കുന്നത് അവന്റെ നിഷ്കളങ്കമായ ചിരിയും അതിനേക്കാൾ മധുരമുള്ള സഹജീവി സ്നേഹം കൊണ്ടുമാണ്.
കാലങ്ങൾക്കിപ്പുറം ആരോമലിന്റെ കുഞ്ഞുവാവയെ അറിയുന്നത് പാൽമണം മാറാത്ത കുഞ്ഞെന്ന രീതിയിലായിരുന്നില്ല. മറിച്ച് മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റുചെയ്യപ്പെട്ട ഒരാളെന്ന രീതിയിലായിരുന്നു.എവിടെയും പ്രായം ഏറെക്കുറെ ഒരു മാനദണ്ഡമായെടുക്കാമെങ്കിലും അതിന്റെ കൃത്യതയേക്കാൾ സന്ദർഭത്തിനനുസരിച്ചെടുക്കുന്ന സമീപനവും അതിനനുസരിച്ച ശിക്ഷയുമാണ് നീതിയുക്തമെന്ന് പല സംഭവങ്ങളുടെയും ചരിത്രം സൂചിപ്പിച്ചിട്ടുള്ളതാണ്.
ചെയ്യുന്ന കുറ്റത്തിന്റെ വ്യാപ്തിയും ഗൗരവവും അനുസരിച്ചാണ് ശിക്ഷ തീരുമാനിക്കപ്പെടേണ്ടത്. അല്ലാതെ പ്രായം പരിഗണിച്ചാവരുത് സമൂഹത്തിന്റെ വിധി പറച്ചിൽ. നിർഭയ കേസിലെ ആ പതിനേഴുകാരനും അജ്മൽ കസബുമൊക്കെ പാൽ മണം മാറാത്ത കുട്ടികളായിട്ടല്ല മറിച്ച് ചോര മരവിപ്പിക്കുന്ന ക്രിമിനലുകളായിട്ടാണ് സ്വബോധമുള്ളവർക്ക് തോന്നിയത്. മാവോയിസ്റ്റ് എന്ന മേൽവിലാസം സൃഷ്ടിക്കുന്ന ഭീതിയേയും വെറുപ്പിനെയും മറികടന്നു സമൂഹത്തിന്റെ സഹതാപം അനുകൂലമാക്കുന്ന മാനുഷികമായ ബദൽ മേൽവിലാസങ്ങളാണ് വാവ പ്രയോഗവും പാൽമണം മാറാത്ത കുട്ടികളെന്ന പ്രയോഗവുമൊക്കെ.
ജനകീയയുദ്ധം’ എന്ന വികലമായ നയത്തിന്റെപേരിൽ ഒരിക്കലും അവസാനിക്കാത്ത രക്തച്ചൊരിച്ചിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ഹിംസയുടെ പ്രയോഗത്തെ ന്യായീകരിക്കുകയും ചെയ്യുന്നവരാണ് മാവോയിസ്റ്റുകൾ. തങ്ങളുടെ തീർപ്പനുസരിച്ച് ആരെയും കൊല്ലാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് വാദിക്കുന്ന മാവോയിസ്റ്റുകളെയാണ് പലപ്പോഴും ചില ഇടതുപക്ഷസുഹൃത്തുക്കളും ലിബറൽ ബുദ്ധിജീവികളും നിഷ്‌കളങ്കരായി ചിത്രീകരിക്കുന്നത്. അതിനർത്ഥം അലനും താഹയും മാവോയിസ്റ്റുകളാണെന്നല്ല.പക്ഷേ അവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റു ചെയ്തിരിക്കുന്നതെന്ന വലിയ സത്യത്തെ മറയ്ക്കാനും കഴിയില്ല.
ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വർഷങ്ങളായി മാവോയിസ്റ്റ് ഭീഷണി ഉണ്ട്. ബിഹാർ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യത്തിന്റെയും അതിക്രമങ്ങളുടെയും റിപ്പോർട്ടുകൾ പലപ്പോഴായി ഉണ്ടാകുന്നുമുണ്ട്. ഗോത്രവർഗ ജനവിഭാഗങ്ങളെ സ്വാധീനിച്ച് സായുധാക്രമണങ്ങളിലേക്ക് എത്തിക്കുകയും അസ്വസ്ഥത സൃഷ്ടിച്ച് തങ്ങളുടെ കുത്സിതപ്രവൃത്തികൾക്ക് സാഹചര്യം ഒരുക്കുകയുമാണ് മാവോയിസ്റ്റ് രീതി. വിപ്ലവ വായാടിത്തത്തിന്റെ മറവിൽ ഭരണപക്ഷവിരുദ്ധ ശക്തികളുടെ ഉപകരണമായി പ്രവർത്തിക്കുകയാണ് എവിടെയും മാവോയിസ്റ്റ് സംഘങ്ങൾ. കേരളത്തിൽ നിന്നും ലഭിക്കുന്ന ചിത്രവും മറിച്ചല്ല തന്നെ.
ഭരണകൂടനയങ്ങളാല്‍ അടിച്ചിറക്കപ്പെടുന്നവരും നിരാലംബരും കോര്‍പ്പറേറ്റ് മൂലധനം ജീവിതത്തില്‍നിന്ന് പറിച്ചെറിയുന്നവരുമായവരുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമാണ് മാവോയിസ്റ്റുകള്‍ നടത്തുന്നതെന്ന് പരക്കെ പ്രചരിപ്പിക്കുന്നവരിൽ മുൻപന്തിയിൽ നില്ക്കുന്നവരാണ് കേരളത്തിലെ ബുദ്ധിജീവികൾ. കാല്പനിക പരിവേഷം നല്കി മനുഷ്യത്വരഹിതമായ മാവോയിസ്റ്റുകളുടെ ഭീകര പ്രവര്‍ത്തനങ്ങളെ മറച്ചുപിടിക്കുകയും ഒരര്‍ത്ഥത്തില്‍ ന്യായീകരിക്കുകയും ചെയ്യുകയുമാണവര്‍ യഥാർത്ഥത്തിൽ ചെയ്യുന്നത്. 20 വര്‍ഷക്കാലംകൊണ്ട് 12000 ലേറെ മനുഷ്യരെയാണ് മാവോയിസ്റ്റുകള്‍ കൊലചെയ്തിട്ടുള്ളത്. ഇതില്‍ 1300 പേര്‍ സൈനികരും അര്‍ദ്ധ സൈനികരുമാണ്. അവരാണല്ലോ ഭരണവർഗ്ഗത്തിന്റെ കാവലാളുകൾ. അപ്പോൾ കൊലചെയ്യപ്പെട്ട ബാക്കി പതിനായിരത്തിലേറെ പേർ ആരാണ്?അവർ ഇവിടുത്തെ പൗരന്മാരായ ആദിവാസികളും സാധാരണക്കാരുമാണ്.
മാവോയിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ഗണപതി, ബി.ബി.സിക്കും ഹിന്ദുപത്രത്തിനും നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇന്ത്യയിലെ ജനകീയ യുദ്ധത്തിന്റെ സാര്‍വ ദേശീയ സഖ്യശക്തിയായി കാണുന്നത് മുസ്‌ലിം തീവ്രവാദികളെയാണ് എന്നാണ്. അതായത് ഇന്ത്യന്‍ വിപ്ലവത്തിന്റെ വിജയപ്രതീക്ഷ മുസ്‌ലിം തീവ്രവാദ സംഘടനകള്‍ വിഭാവനം ചെയ്യുന്ന ആഗോള ജിഹാദിസത്തിലൂടെയാണെന്നാണ് അവര്‍ അതായത് ബുദ്ധിജീവി വർഗ്ഗത്തിന്റെ നിഷ്കളങ്കരായ മാവോയിസ്റ്റുകൾ കാണുന്നത്.
മാവോയിസ്റ്റുകൾക്ക് ഇന്ന് പ്രിയങ്കരനായ ചാരുമജുംദാർ പൊലീസ് കസ്റ്റഡിയിൽ മരിക്കുന്നതിനുമുമ്പ് 1972 ജൂലൈ 14ന് അദ്ദേഹത്തിന്റെ ഭാര്യക്ക് എഴുതിയ കത്തിൽ പറഞ്ഞത്, വ്യക്തിപരമായ ഉന്മൂലനത്തിലും ഹിംസയിലും ഊന്നിയത് പ്രസ്ഥാനത്തിന് സംഭവിച്ച വഴിപിഴയ്‌ക്കലായിരുന്നുവെന്നാണ്. അന്ത്യനാളുകളിൽ ചാരുമജുംദാറിനുണ്ടായ തിരിച്ചറിവിൽനിന്ന് ഒന്നും പഠിക്കാതെ ഹിംസയുടെ അതേ പിഴച്ച വഴിയിലൂടെയാണ് മാവോയിസ്റ്റുകൾ ഇന്നും സഞ്ചരിക്കുന്നത്.
അലനും താഹയും ഉൾപ്പെട്ട പന്തീരാങ്കാവ് കേസ് കേരള സർക്കാരിന്റെ അനുമതി ഇല്ലാതെ എൻ ഐ എ ഏറ്റെടുത്തു എന്ന വാദവും എൻ ഐ എ ആക്ടിന്റെ 2019ലെ അമൻഡ്മെൻറ് അതിനുള്ള അധികാരം എൻഐഎയ്ക്ക് നല്കിയെന്നുമുള്ള വാദം ഇടതുപക്ഷ കോണിൽ നിന്നും കേൾക്കുന്നുണ്ടെങ്കിലും അതിന്റെ വാസ്തവം മറ്റൊന്നാണ്. 2008 ലെ NIA ആക്ട് അനുസരിച്ച് നിശ്ചയിക്കപ്പെട്ട വകുപ്പുകൾ പ്രകാരമുള്ള കേസുകളേ എൻഐഎക്ക് എടുക്കാൻ അധികാരമുള്ളു. നിയമം മുതൽ ഇന്ത്യൻ പീനൽ കോഡിലെ ആറാം അദ്ധ്യായം പ്രകാരം ഉള്ള കുറ്റങ്ങൾ വരെ പല നിയമങ്ങളും ആ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മനുഷ്യക്കടത്ത് തുടങ്ങിയവ സംബന്ധിച്ച കുറ്റങ്ങൾ തുടങ്ങിയവയാണ് 2019ൽ കൂട്ടിച്ചേർത്തത്. 1967ലെ യു എ പി എ നിയമപ്രകാരമുള്ള കേസുകൾ എടുക്കാൻ 2008ലെ നിയമത്തിൽ തന്നെ വകുപ്പുണ്ട്. 2019ലെ അമൻഡ്മെൻറ് പ്രകാരം ചേർത്തതല്ല അത്.
2019ൽ അമിത്ഷാ അവതരിപ്പിച്ചു പാസാക്കിയ അമൻഡ്മെൻറ് ഇല്ലായിരുന്നാലും യു എ പി എ പ്രകാരം എടുത്ത ഒരു കേസ് തങ്ങളെ ഏല്പിക്കണമെന്ന് എൻഐഎക്ക് ആവശ്യപ്പെടാൻ അധികാരുണ്ടെന്ന് സാരം.ഇവിടെ UAPA ചുമത്തിയത് കേരളാപോലീസാണ്.ഈ കേസിലെ യു എ പി എ കേരള പൊലീസ് റദ്ദാക്കിയിരുന്നുവെങ്കിൽ എൻ ഐ എ യ്ക്ക് ഇതിൽ ഇടപെടാൻ വകുപ്പുണ്ടാകുമായിരുന്നില്ല. കാരണം എൻ ഐ എ ആക്ടിലും അമൻഡ്മെൻറിലും പറയാത്ത നിയമങ്ങളനുസരിച്ചുള്ള കേസുകൾ തങ്ങളെ ഏല്പിക്കണമെന്ന് എൻഐഎക്ക് ആവശ്യപ്പെടാനാവില്ലല്ലോ. അതുകൊണ്ട് തന്നെ ഇവിടെ അമിത്ഷായുടെ ഫാസിസമെന്ന തിയറി പ്രയോഗിക്കാൻ ഒരു സ്ക്കോപ്പുമില്ല തന്നെ.
സാവിത്രി ടീച്ചറുടെ പൗത്രൻ അലനെതിരെ പിണറായ് വിജയനെന്ന ഇരട്ടചങ്കൻ മുഖ്യമന്ത്രി നടപടിയെടുത്തിട്ടുണ്ടെങ്കിൽ അതിനു കാരണം അറിഞ്ഞോ അറിയാതെയോ അലൻ ഒരു നിരോധിതസംഘടനയുമായി ബന്ധം പുലർത്തിയതിനാലാണ്.കേരളത്തില്‍ ചില വര്‍ഗീയ തീവ്രവാദ സംഘടനകളുടെ മുന്‍കൈയില്‍ രൂപംകൊണ്ടിട്ടുള്ള മനുഷ്യാവകാശഫോറങ്ങളുടെ മുഖംമൂടിയണിഞ്ഞാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കപ്പെട്ടിട്ട് വർഷങ്ങളേറെയായി. ഉസ്മാനെന്ന മാവോയിസ്റ്റുമായി അലനുണ്ടായിരുന്ന ബന്ധം എന്തായിരുന്നുവെന്ന് NIA കണ്ടുപിടിക്കട്ടെ. NIAയെ പേടിക്കാൻ അതൊരു ഭീകര അന്വേഷണ ഏജൻസിയല്ലല്ലോ?
ഞാനും ആഗ്രഹിക്കുന്നുണ്ട് തീവ്രമായി എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയുടെ കുഞ്ഞനിയൻ നിരപരാധിയായിരിക്കട്ടേയെന്ന്! അങ്ങനെയല്ലെങ്കിൽ “Humanizing the terrorist” എന്ന ടെറർ അപ്പോളജിസ്റ്റുകളുടെ സ്ഥിരം തന്ത്രത്തിലുൾപ്പെട്ട വാവ,പാൽ മണം മാറാത്ത കുട്ടികൾ തുടങ്ങിയവയോടും തികഞ്ഞ നിസ്സംഗത മാത്രം .
Post Your Comments