KeralaLatest NewsNews

ആൻഡമാൻ മുതൽ കേരളം വരെ; ഒരൊറ്റ ഇന്ത്യയായി അവർ ഒഴുകിയിറങ്ങി

തിരുവനന്തപുരം•ഇരുപത്തിയേഴാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിന് മുന്നിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന സവിശേഷത വിളിച്ചോതുന്നതായി. ബാലശാസ്ത്ര കോൺഗ്രസിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നായെത്തിയ കുട്ടികളും അധ്യാപകരും ഉൾപ്പെടെ ആയിരത്തോളം പേർ ഘോഷയാത്രയിൽ അണിനിരന്നു.

ഓരോ സംസ്ഥാനത്തിന്റേയും തനത് വേഷം ധരിച്ചാണ് കുട്ടികൾ ഘോഷയാത്രയിൽ അണിനിരന്നത്. രാവിലെ 8.30ഓടെയാണ് ഘോഷയാത്ര തുടങ്ങിയത്. ഏറ്റവും മുന്നിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നുള്ള കുട്ടികളായിരുന്നു. തൊട്ടു പിന്നിൽ ചെണ്ടമേളം. തുടർന്ന് ഓരോ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആർപ്പുവിളികളുമായി ഘോഷയാത്രയുടെ ഭാഗമായി. ആതിഥേയരായ കേരളത്തിൽ നിന്നുള്ള കുട്ടികളായിരുന്നു ഏറ്റവും പിന്നിൽ.

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. സി. ദത്തൻ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഘോഷയാത്ര മാർ ഇവാനിയോസ് കോളേജ് മൈതാനത്ത് അവസാനിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ. പി. സുധീർ പതാകയുയർത്തി. ദേശീയ അക്കാഡമി കമ്മിറ്റിയംഗം ഡോ. ലളിത് ശർമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

shortlink

Post Your Comments


Back to top button