KeralaLatest NewsNews

പി.കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച ഇ.ടിയുടെ സ്റ്റാഫിന് പണി കിട്ടി; ശക്തമായ നടപടി സ്വീകരിച്ച് മുസ്ലിം ലീഗ്

കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ സ്റ്റാഫിനെ മുസ്ലിം ലീഗ് പുറത്താക്കി. അമിത് ഷായ്ക്ക് എതിരെ യൂത്ത് ലീഗ് പ്രഖ്യാപിച്ച സമരം വിലക്കിയ പി.കെ കുഞ്ഞാലിക്കുട്ടിയെ ഇ.ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് വിമർശിക്കുകയായിരുന്നു.

പേഴ്‌സണല്‍ അസിസ്റ്റന്‍റ് ലത്തീഫ് രാമനാട്ടുകരയ്ക്ക് എതിരെയാണ് നടപടി. ലത്തീഫിനെ സ്ഥാനത്ത് നിന്ന് നീക്കിയാണ് പാര്‍ട്ടി തീരുമാനം. പത്ത് വര്‍ഷത്തോളമായി ഇ.ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ലത്തീഫ്. സമരം വിലക്കിയ നേതൃത്വത്തിന്‍റെ നടപടിക്കെതിരെ പാർട്ടിയിലും യൂത്ത് ലീഗിലും അതൃപ്തി പുകയുകയാണ്.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ പെരെടുത്ത് പറഞ്ഞാണ് ലത്തീഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ വിമര്‍ശനം. ‘സമരം മാറ്റിയ വിവരം അറിഞ്ഞത് വാര്‍ത്തയില്‍ നിന്നാണെന്ന് പറയുമ്പോള്‍ ഫിറോസ് അനുഭവിച്ച ആത്മനിന്ദ എത്രത്തോളമുണ്ടാകുമെന്ന് ലീഗ് നേതാക്കള്‍ ഊഹിച്ചിട്ടുണ്ടോ? ഒന്നു ഫോണില്‍ വിളിച്ച് ഞങ്ങള്‍ പുതിയൊരു തീരുമാനമെടുത്തിട്ടുണ്ട്, എന്ന് പറയാന്‍ മാത്രം വില, കുഞ്ഞാലിക്കുട്ടിയുടെ കാര്‍ ഡ്രൈവര്‍ക്ക് കൊടുക്കുന്ന പരിഗണനയെങ്കിലും ഫിറോസ് അര്‍ഹിക്കുന്നില്ലേ കൂട്ടരേ…?’- ലത്തീഫ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

പണ്ട് സേട്ടുവിനോട് കാണിച്ചപോലെ ഞങ്ങള്‍ക്കിഷ്ടമുള്ള രാഷ്ട്രീയം നിങ്ങള്‍ പറഞ്ഞാല്‍ മതി. ഞങ്ങളുടെ വരക്കപ്പുറം കടക്കരുതെന്ന ആജ്ഞ നല്‍കി മുനവറലി തങ്ങളെയും ഫിറോസിനെയും അപമാനിക്കേണ്ടിയിരുന്നില്ല. അധികാര രാഷ്ട്രീയത്തിന്‍റെ ലാഭക്കണക്കുകളെക്കാള്‍ പരിഗണിക്കപ്പെടേണ്ടതാണ് മനുഷ്യരുടെ വികാര വിചാരങ്ങളും അന്തസ്സും എന്ന വസ്തുത ലീഗ് നേതാക്കളോട് ആരെങ്കിലും പറഞ്ഞ് കൊടുക്കണം, അവര്‍ പോലും പ്രതീക്ഷിക്കുന്നതിനപ്പുറം പ്രതീക്ഷകളുമായാണ് നിസ്സഹായരായ ഒരു ജനത ആ പാര്‍ട്ടിയെ നോക്കിക്കാണുന്നതെന്ന് അവരെ അറിയിക്കണമെന്നും ലത്തീഫ് വ്യക്തമാക്കുന്നു.

പി.കെ കുഞ്ഞാലിക്കുട്ടിയെയും പി.വി അബ്ദുൾ വഹാബിനെയും നിഷ്പ്രഭമാക്കുന്ന തരത്തില്‍ ദേശീയ തലത്തില്‍ ഇ.ടി നടത്തിയ ഇടപെടലുകളില്‍ ലത്തീഫ് നേരത്തെ തന്നെ പാര്‍ട്ടിയില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഇ.ടി മുഹമ്മദ് ബഷീറിന്‍റെ ഡല്‍ഹി കേന്ദ്രമായി നടക്കുന്ന രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ പ്രധാനിയാണ് ലത്തീഫ് രാമനാട്ടുകര.

ALSO READ: രാഷ്ട്രീയ പാർട്ടികളുടെ വാർഷിക വരുമാനം; തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലെ കണക്കുകൾ പുറത്ത്

യു.എ.പി.എ ബില്‍ വോട്ടെടുപ്പ് സമയത്ത് പാര്‍ലമെന്‍റിൽ എത്താതിരുന്നതിന് പി.വി അബ്ദുല്‍ വഹാബിനെ വിമര്‍ശിച്ച് ലത്തീഫ് ഫേസ്ബുക്ക് പോസ്റ്റിട്ടത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. അന്ന് പാര്‍ട്ടി യോഗത്തില്‍ ലത്തീഫിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തെ ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതിരോധിക്കാൻ എത്തിയിരുന്നു. നേരത്തെ ഐ.എന്‍.എല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന ലത്തീഫ് പിന്നീട് മുസ്ലിം ലീഗില്‍ ചേരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button