KeralaLatest NewsIndia

മൂന്നു വര്‍ഷമായി പള്‍സര്‍ ബൈക്കുകളില്‍ കറങ്ങി മാലമോഷണം നടത്തിയിരുന്ന വ്യാപാരികള്‍ അറസ്‌റ്റില്‍

റിക്കവറി നടപടികള്‍ പൂര്‍ത്തിയാകുന്നതോടുകൂടി നൂറു പവനെങ്കിലും കണ്ടെത്താനാകുമെന്നാണു പ്രതീക്ഷയെന്നു ജില്ലാ പോലീസ്‌ മേധാവി

ആലപ്പുഴ: മൂന്നു വര്‍ഷമായി പള്‍സര്‍ ബൈക്കുകളില്‍ കറങ്ങി മാലമോഷണം നടത്തിയിരുന്ന വ്യാപാരികള്‍ അറസ്‌റ്റില്‍. ആലപ്പുഴ വണ്ടാനം കാട്ടുപുറം വെളിയില്‍ ഫിറോസ്‌ (കോയാമോന്‍-34), കൊല്ലം മൈനാഗപ്പള്ളി തുണ്ടുവിള കിഴക്കേതില്‍ ഷിഹാബ്‌ (ഷിഹാദ്‌-30) എന്നിവരാണു പിടിയിലായത്‌.ബേക്കറികള്‍ ഉള്‍പ്പടെ ബിസിനസ്‌ സ്‌ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു ഇവര്‍. “ഓപ്പറേഷന്‍ 916” എന്നപേരില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ചേര്‍ത്തല, കരുനാഗപ്പള്ളി എന്നിവടങ്ങളില്‍നിന്നാണ്‌ പ്രതികളെ പിടികൂടിയത്‌.

സമാന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ചും ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതികള്‍ വലയിലായത്‌. പ്രതികളിലൊരാളുടെ ശാരീരിക പ്രത്യേകത സംബന്ധിച്ച സൂചനകളും വഴിത്തിരിവായി. 2016 നു ശേഷം സംസ്‌ഥാനത്ത്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള പള്‍സര്‍ ബൈക്കുകളുടെ വിവരം ശേഖരിച്ച്‌ പരിശോധിച്ചു.കുറ്റകൃത്യങ്ങള്‍ നടന്ന സഥലങ്ങളിലെ സിസി ടിവി ദൃശ്യങ്ങളും ഫോണ്‍ വിവരങ്ങളും പരിശോധിച്ചതില്‍നിന്ന്‌ പ്രതികളെ സംബന്ധിച്ച്‌ വ്യക്‌തമായ സൂചന ലഭിച്ചിരുന്നു.

എന്നാല്‍, സമൂഹത്തില്‍ നിലയുംവിലയുമുള്ളവരെന്ന പരിഗണനകൊണ്ട്‌ കൂടുതല്‍ അന്വേഷണം വേണ്ടി വന്നു.2016 വരെ സൗദിയില്‍ ഒന്നിച്ചു ജോലി ചെയ്‌തിരുന്ന ഇവര്‍ നാട്ടിലെത്തി ബിസിനസ്‌ തുടങ്ങാന്‍ പദ്ധതിയിടുകയും പണത്തിനായി മാല പൊട്ടിക്കലിലേക്കു കടക്കുകയുമായിരുന്നുവെന്നു പോലീസ്‌ പറയുന്നു. ചേര്‍ത്തലയ്‌ക്കു സമീപവും പുന്നപ്രയിലും കരുനാഗപ്പള്ളിയിലുമായിരുന്നു ഇരുവരും കടകള്‍ നടത്തിയിരുന്നത്‌. കടയുടമകളെന്ന ലേബലും മാന്യതയും കൊണ്ട്‌ തങ്ങള്‍ സംശയിക്കപ്പെടില്ലെന്നും പിടികൂടപ്പെടില്ലെന്നും പ്രതികള്‍ വിശ്വസിച്ചു.

റിക്കവറി നടപടികള്‍ പൂര്‍ത്തിയാകുന്നതോടുകൂടി നൂറു പവനെങ്കിലും കണ്ടെത്താനാകുമെന്നാണു പ്രതീക്ഷയെന്നു ജില്ലാ പോലീസ്‌ മേധാവി കെ.എം. ടോമി പറഞ്ഞു.ലഭിച്ച സ്വര്‍ണം അതതു ദിവസങ്ങളില്‍ തന്നെ ആലപ്പുഴ മുല്ലയ്‌ക്കല്‍, അമ്പലപ്പുഴ എന്നിവിടങ്ങളിലെ മഹാരാഷ്‌ട്ര സ്വദേശികളായ സ്വര്‍ണവ്യാപാരികള്‍ മുഖേനയാണു വിറ്റഴിച്ചിരുന്നത്‌. രണ്ടുതവണ കരുനാഗപ്പള്ളിയിലുള്ള ജ്വല്ലറിയിലും വിറ്റു. ആലപ്പുഴ സൗത്ത്‌, നോര്‍ത്ത്‌, പുന്നപ്ര, മണ്ണഞ്ചേരി, മാരാരിക്കുളം, മുഹമ്മ, ചേര്‍ത്തല, കരുനാഗപ്പള്ളി സ്‌റ്റേഷന്‍ പരിധികളിലായി 30 ലധികം മാലപൊട്ടിക്കല്‍ കേസുകളാണ്‌ ഇരുവര്‍ക്കുമെതിരെയുള്ളത്‌.

shortlink

Related Articles

Post Your Comments


Back to top button