Latest NewsNewsDevotional

ആരാണ് രാഹുവും കേതുവും? ഇവർ പ്രശ്നക്കാരോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കാണുന്നമാത്രയില്‍ ശുഭം എന്നു തോന്നുന്ന ജാതകങ്ങളില്‍ രാഹുകേതുക്കളുടെ നില വിപരീതമായാല്‍ ആ ജാതകന് അശുഭഫലങ്ങളാണ് കൂടുതലും അനുഭവപ്പെടുക. അതുപോലെ അത്ര മെച്ചമല്ലായെന്ന് വിലയിരുത്തപ്പെടുന്ന ജാതകങ്ങള്‍ക്ക് ശക്തനായ രാഹുവിന്റെ സ്വാധീനശക്തിയാല്‍ ഉത്തമഗുണങ്ങള്‍ അനുഭവപ്പെടുകയും ചെയ്യും.

അത്ര സ്വാധീനശക്തിയുള്ള ഗ്രഹമാണ് രാഹു. നമ്മള്‍ ഏതു ശുഭകാര്യങ്ങള്‍ക്കൊരുങ്ങിയാലും രാഹുകാലം ഒഴിവാക്കും. വിദ്യാരംഭം, തൊഴില്‍, വിവാഹം, യാത്ര, ഗുഹ പ്രവേശം, പുതിയ സംരംഭങ്ങളുടെ ആരംഭം എന്നിവയ്ക്കെല്ലാം രാഹുകാലം ഒഴിവാക്കിയേ ചെയ്യാറുള്ളൂ.ദശാകാലം നല്ലതല്ലെങ്കില്‍ ദുരിതം വിതയ്ക്കാന്‍ സമര്‍ത്ഥനാണ് രാഹു.

എന്ത് ശുഭകാര്യം തുടങ്ങുമ്പോഴും രാഹുകാലം ഒഴിവാക്കുന്നു എല്ലാവരും. സൂര്യോദയം അടിസ്ഥാനമാക്കിയാണ് രാഹുകാലം കണക്കാക്കുന്നത്. എന്നാല്‍ ദിനമാനത്തിന്റെ വ്യത്യാസമനുസരിച്ച് രാഹുകാലത്തിന് മാറ്റം വരാം എന്നാണ് ഇപ്പോഴുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാഹുവിന് ഒരു പ്രത്യേകതയുണ്ട്.

രാഹുവിന്റെ ഗുണദോഷങ്ങള്‍ ജാതകന് പ്രായപൂര്‍ത്തി വന്നതിന് ശേഷമേ അനുഭവപ്പെടുകയുള്ളൂ എന്നതാണത്. മേടം, ഇടവം, കര്‍ക്കടകം രാശികളില്‍ രാഹു നിന്നാല്‍ അത് രാജയോഗത്തിന് സമമായ ഫലങ്ങളാല്‍ കീര്‍ത്തികരമായിരിക്കും. രാഹു കേതുക്കള്‍ ഒരു ത്രികോണാധിപനോട് ചേര്‍ന്ന് കേന്ദ്രത്തില്‍ നിന്നാലും രാജയോഗമാണ്. അതുപോലെ ഏഴില്‍ നില്‍ക്കുന്ന രാഹുവിന്റെ കാലം ഐശ്വര്യപ്രദമായിരിക്കും. രാഹുകേതുക്കള്‍ മറ്റേതെങ്കിലും ശുഭഗ്രഹങ്ങളോടുകൂടി ലഗ്‌നത്തിന്റെ ഒന്ന്, അഞ്ച്, ഒന്‍പത് ഭാവങ്ങളില്‍ നിന്നാലും യോഗപ്രദമാണ്.

നാലാമിടത്ത് രാഹു നില്‍ക്കുകയും ശുഭഗ്രഹങ്ങളാല്‍ വീക്ഷിക്കപ്പെടുകയും ചെയ്താല്‍ മാതാവിന് ദീര്‍ഘായുസ്സായിരിക്കും. നാലാമിടത്തും ഏഴാമിടത്തും പാപഗ്രഹങ്ങള്‍ നിന്നാല്‍ ജാതകന്‍ മൂലം മാതാവിന് ദുഃഖം ഉണ്ടാകും. നാലാമിടത്ത് പാപഗ്രഹവും ഏഴാമിടത്ത് ശുഭഗ്രഹവും ആണെങ്കില്‍ ജാതകന്‍ മറ്റുള്ളവര്‍ക്കധീനമായി മാതാവിനെ കഷ്ടപ്പെടുത്തും.

രാഹുകേതുക്കള്‍ രണ്ടാണെങ്കിലും ശനിയുടെയും വ്യാഴത്തിന്റെയും സഞ്ചാരപഥത്തിനിടയിലാണ് ഇവയുടെ ഗ്രഹപഥം. സമാന്തരമായി ഒന്നിച്ചാണ് ഇവയുടെ സഞ്ചാരം. പ്രതിലോമമായിട്ടാണെന്ന് മാത്രം. സ്ത്രീ ജാതകത്തില്‍ അഞ്ചാം ഭാവത്തില്‍ രാഹു, ഗുളികനോട് ചേര്‍ന്നു നിന്നാല്‍ സന്താനദുഃഖവും ഉദരരോഗവും ഫലം.

ഒമ്പതാം ഭാവത്തില്‍ രാഹു നില്‍ക്കുകയാണെങ്കില്‍ സന്താനഭാഗ്യം ഇല്ലെന്നുതന്നെ ഉറപ്പിച്ചു പറയാം. ആ രാഹുവിന് കുജന്‍, ശനി, എന്നിവരുടെ ദൃഷ്ടിയുണ്ടായാല്‍ സന്താനഭാഗ്യം തീരെയും ഇല്ലെന്ന് ചിന്തിക്കാം. രാഹുവിന്റെ ദേവന്‍ സര്‍പ്പങ്ങളാണ്.രാഹു ബാധാകാരകനായി ചരരാശിയില്‍ നിന്നാലും, ഉഭയരാശിയിലാണെങ്കിലും, ഏത് രാശിയിലാണെങ്കിലും രാഹു ലഗ്‌നത്തില്‍ നിന്നാലും സര്‍പ്പദോഷമുണ്ടെന്ന് കണക്കാക്കാം.

സര്‍പ്പദോഷംകൊണ്ട് സന്താനനാശം, ത്വക്ക്രോഗം, മനോവിഭ്രാന്തി, ദാരിദ്ര്യം മുതലായ ദോഷങ്ങള്‍ അനുഭവിക്കേണ്ടിവരും. സര്‍പ്പക്കാവ് സംരക്ഷണം, സര്‍പ്പബലി, സര്‍പ്പപൂജ, ആയില്യം പൂജ എന്നിവയാല്‍ ദോഷശാന്തി വരുത്താവുന്നതാണ്. സര്‍പ്പക്കാവും പരിസരവും വളരെ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിലും സര്‍പ്പദോഷം ഉണ്ടാകാം.

shortlink

Post Your Comments


Back to top button