Latest NewsNewsIndia

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി; പൊതു താത്പര്യ ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടികളെ ചോദ്യം ചെയ്തുള്ള പൊതു താത്പര്യ ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റീസ് എന്‍ വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.

വിഷയം ഏഴംഗ ബെഞ്ചിന് വിടുന്ന കാര്യവും കോടതി പരിഗണിച്ചേക്കും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കശ്മീര്‍ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. അനുച്ഛേദം 370 റദ്ദാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ആക്ഷേപം.

അതേസമയം, ജമ്മുകശ്മീരില്‍ കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം തുടരുകയാണ്. നിതിന്‍ ഗഡ്ഗരി, കിരണ്‍ റിജിജു അടക്കം പത്ത് കേന്ദ്രമന്ത്രിമാരാണ് സംസ്ഥാനത്തെത്തി പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം വിശദീകരിക്കുക. സന്ദര്‍ശനം രണ്ടു ദിവസംകൂടി തുടരും.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ഇതാദ്യമായാണ് കേന്ദ്രമന്ത്രിമാരുടെ സന്ദർശനം. രവിശങ്കർ പ്രസാദ്, പിയൂഷ് ഗോയൽ, സ്മൃതി ഇറാനി, വി.മുരളീധരൻ, ഗിരിരാജ് സിംഗ് തുടങ്ങിയവർ കശ്മീർ സന്ദർശിക്കുന്ന മന്ത്രിമാരുടെ പട്ടികയിലുണ്ട്.

ALSO READ: ജെഎൻയുവിൽ എബിവിപി പ്രവർത്തകർ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി; സംഭവത്തിൽ വിദ്യാർത്ഥി യൂണിയൻ ഇന്ന് ക്യാമ്പസിൽ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചു

ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ പുനപരിശോധിക്കാനുള്ള സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം. കശ്മീർ താഴ്വരയിൽ ആശുപത്രി, ബാങ്കിംഗ്, സർക്കാർ സേവനങ്ങൾ എന്നിവക്കുള്ള ഇന്റർനെറ്റ് സേവനം കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നു. ഹോട്ടലുകൾക്കും യാത്രാ സ്ഥാപനങ്ങൾക്കും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം നൽകി തുടങ്ങി. എന്നാൽ, സാമൂഹ്യ മാധ്യമങ്ങൾക്ക് വിലക്ക് തുടരും. ജമ്മുവിൽ മൊബൈൽ ഇന്റർനെറ്റും ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button