Latest NewsKeralaNewsIndia

നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം : സുപ്രധാന ഇടപെടലുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

കാഠ്‌മണ്ഡു : നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് സാമ്പത്തിക സഹായം ചെയ്യാനാകില്ലെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചതായി പ്രമുഖ മലയാളം ചാനൽ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര സർക്കാരിൽ നിന്നും വേണ്ട നിർദേശം ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാരും സഹായം വാഗ്‌ദാനം നൽകിയിട്ടില്ലെന്ന് ഇന്ത്യൻ എംബസ്സിയാണ് ഇക്കാര്യം അറിയിച്ചത്. വാർത്തയെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തിൽ ഇടപ്പെട്ടു. മൃതദേഹങ്ങൾ കൊണ്ട് വരുന്നതിനുള്ള ചിലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനും സഹായ വാഗ്ദാനം ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് 10 ലക്ഷത്തോളം രൂപയാണ് എയര്‍ ഇന്ത്യ ആവശ്യപ്പെടുന്നത്. ഒരു മൃതദേഹത്തിന് ഒരുലക്ഷത്തില്‍ കൂടുതല്‍ തുക വേണ്ടിവരുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. എന്നാല്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് എന്തെങ്കിലും നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് എംബസി മരിച്ചവരുടെ ബന്ധുക്കളോട് വ്യക്തമാക്കിയിരിക്കുന്നത്.

Also read : യുഎഇയിൽ വിഷവാതകം ശ്വസിച്ച് പ്രവാസി വനിതകള്‍ക്ക് ദാരുണാന്ത്യം

നേരത്തെ കേന്ദ്രവിദേശകാര്യമന്ത്രാലയം വിഷയത്തില്‍ ഇടപെട്ട് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്‍തിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ നിർദേശം നൽകിയിരുന്നു.പക്ഷേ നോര്‍ക്കയും സാമ്പത്തിക സഹായം വാഗ്ദനം ചെയ്‍തിരുന്നില്ല. തുടർന്ന് സംഭവം വാർത്തയായതോടെയാണ് സുപ്രധാന ഇടപെടലുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും മൃതദേഹങ്ങള്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസം രാവിലെയാണ് നേപ്പാളിലെ ദമനിലെ ഒരു റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ് മരിച്ചത്. വിനോദസഞ്ചാരത്തിനായി നേപ്പാളില്‍ എത്തിയ 15 അംഗസംഘം  റിസോര്‍ട്ടിലെ നാല് മുറികളായിരുന്നു എടുത്തിരുന്നത്. ഒരു മുറിയില്‍ രണ്ട് ഭാഗത്തായാണ് ഇവര്‍ താമസിച്ചത്. വാതിലുകളും ജനാലകളും അടച്ച്‌ ഉറങ്ങിയതിനാല്‍ രാവിലെ വാതില്‍ തുറക്കാതായപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.പിന്നീട് ഹോട്ടല്‍ അധികൃതര്‍ എത്തി മുറി തുറന്നപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി, ഹോട്ടലില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ എട്ട് പേരും മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button