Latest NewsKeralaNews

ആറു മാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം 13 അംഗ സംഘം സഞ്ചരിച്ച ഹൗസ്‌ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: പാതിരാമണല്‍ ദ്വീപിനു സമീപം ആറു മാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം 13 അംഗ സംഘം സഞ്ചരിച്ച ഹൗസ്‌ബോട്ട് പൂര്‍ണമായി കത്തി നശിച്ചു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചിലര്‍ കായലില്‍ ചാടിയാണു രക്ഷപ്പെട്ടത്. ഒരാള്‍ ആറു മാസം പ്രായമായ കുഞ്ഞിനെയും കൊണ്ടാണു ചാടിയത്. എല്ലാവരെയും യാത്രാ ബോട്ടുകളും സ്പീഡ് ബോട്ടുകളും എത്തിച്ചു കരയ്‌ക്കെത്തിച്ചു.

കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നെത്തിയ 4 പുരുഷന്മാരും 6 സ്ത്രീകളും 3 കുട്ടികളും സഞ്ചരിച്ച ഓഷ്യാന എന്ന ഹൗസ്‌ബോട്ടിനാണു തീപിടിച്ചത്. ഇന്നലെ രാവിലെ 11ന് ആണ് കുമരകം കവണാറ്റിന്‍കര ജെട്ടിയില്‍ നിന്ന് ഇവര്‍ യാത്ര പുറപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നിനായിരുന്നു തീപിടിത്തം. ഹൗസ്‌ബോട്ടിന്റെ മധ്യഭാഗത്തു നിന്നാണ് ആദ്യം തീ ഉയര്‍ന്നത്. ഉച്ചഭക്ഷണത്തിനുള്ള തയാറെടുപ്പിലായിരുന്നു ജീവനക്കാര്‍. പാചകവാതക ചോര്‍ച്ചയോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാം അപകട കാരണമെന്നാണ് നിഗമനം.

തീ അണയ്ക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെയാണ് ബോട്ട് ദ്വീപിന്റെ തീരത്തേക്ക് ഓടിച്ചുകയറ്റിയത്. ആഴം കുറഞ്ഞ ഭാഗമായതിനാല്‍ യാത്രക്കാര്‍ക്കു കായലിലേക്കു ചാടി നില്‍ക്കാന്‍ സാധിച്ചു. അപകടം നടന്നത് കായലിന് ആഴം കുറഞ്ഞ ഭാഗത്തായതിനാലാണു വന്‍ ദുരന്തം ഒഴിവായത്. യാത്രക്കാരുടെ ബാഗുകള്‍, മൊബൈല്‍ ഫോണ്‍, പണം, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ ഉള്‍പ്പെടെ കത്തിപ്പോയി. മട്ടന്നൂര്‍ ഐഷാസില്‍ മുഹമ്മദ് ഫസല്‍, റിഷാദ്, താഹിറ, ആയിഷ, നിജാസ്, റിഷിദ്, സാനിയ, നിഷുവ, അല്‍ഷീറ, നൂര്‍ജഹാന്‍, കുട്ടികളായ ഇസാം മറിയം, ഇസാന്‍, ഇസാക്ക് എന്നിവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button