Latest NewsIndiaNewsInternational

സിഎഎക്കെതിരെ പ്രമേയവുമായി 150-ലധികം എംപിമാര്‍ യൂറോപ്യന്‍ യൂണിയനില്‍

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയവുമായി യൂറോപ്യന്‍ യൂണിയനിലെ 150-ലധികം എംപിമാര്‍ രംഗത്ത്. നിയമം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രമേയത്തിലുള്ളത്. പൗരത്വം നല്‍കാനുള്ള ഇന്ത്യയിലെ നിയമങ്ങളെ അപകടകരമായ രീതിയില്‍ വഴിതിരിച്ചുവിടുന്ന ഈ നിയമം, ലോകത്തെ തന്നെ ഏറ്റവും വലിയ അഭയാര്‍ത്ഥി സമൂഹത്തെ സൃഷ്ടിക്കുമെന്നും, ഇത് നിരവധി മനുഷ്യരുടെ ദുരിതത്തിന് കാരണമാകുമെന്നും പ്രമേയത്തില്‍ പറയുന്നു. അഞ്ച് പേജുള്ള പ്രമേയം അടുത്തയാഴ്ച ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.

രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വിവേചനം ചെയ്യുകയും, ഉപദ്രവിക്കുകയും നിയമത്തിന്റെ നൂലാമാലക്കുരുക്കിലാക്കുകയും ചെയ്യുകയാണ് ഈ നിയമത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇതിനെതിരെ പ്രതികരിക്കുന്ന പ്രതിപക്ഷത്തെയോ മനുഷ്യാവകാശ സംഘടനകളെയോ മാധ്യമപ്രവര്‍ത്തകരെയോ സര്‍ക്കാര്‍ നിശ്ശബ്ദരാക്കുകയാണെന്നും പ്രമേയത്തില്‍ വിമര്‍ശിക്കുന്നു. ഇന്ത്യ ലക്ഷക്കണക്കിന് മുസ്ലിങ്ങളുടെ പൗരത്വവും, പൗരത്വം ലഭിക്കാനുള്ള നിയമപരമായ അവകാശവും എടുത്ത് കളയുകയാണ് ഈ നിയമത്തിലൂടെ ചെയ്തിരിക്കുന്നതെന്നും ദേശീയ പൗരത്വ റജിസ്റ്ററിനെ സിഎഎയ്ക്ക് ഒപ്പം ഉപയോഗിച്ചാല്‍ അത് നിരവധി മുസ്ലിം പൗരന്‍മാര്‍ക്ക് പൗരത്വമില്ലാതെയാക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 15-ാം അനുച്ഛേദം ലംഘിക്കുന്നതാണ് ഇന്ത്യയുടെ നിയമമെന്നും, എല്ലാവര്‍ക്കും പൗരത്വം ലഭിക്കാന്‍ നിയമപരമായ അവകാശമുണ്ടെന്നും, അതിന് മതം ഒരു തടസ്സമാകരുതെന്നും പ്രമേയം വ്യക്തമാക്കുന്നു. മനുഷ്യാവകാശങ്ങളും ജനാധിപത്യവും പാലിച്ചില്ലെങ്കില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനിലെ ഏത് രാജ്യവും തമ്മില്‍ വ്യാപാരക്കരാറുകളുണ്ടാക്കുന്നതില്‍ നിയന്ത്രണങ്ങളും കര്‍ശനഉപാധികളും വയ്ക്കുമെന്ന ചട്ടം വയ്ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button