Latest NewsKeralaNews

തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനം: ഗവർണർ പറഞ്ഞതാണ് ശരി; കോടതിയിൽ ഗവർണറോട് യോജിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനു സെൻസസ് തടസ്സമാണെന്നു പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിക്കുന്ന പിണറായി സർക്കാർ ഹൈക്കോടതിയിൽ ഗവർണറുടെ വാദങ്ങൾ ശരിവെച്ചു.

അദ്ദേഹത്തിന്റെ നിലപാടിനോടു യോജിച്ചു സെൻസസ് നടക്കുന്നതിനാൽ തദ്ദേശസ്ഥാപനങ്ങളുടെയും വാർഡുകളുടെയും വിഭജനം നടത്താനാവില്ലെന്നു പിണറായി സർക്കാർ ഏതാനും ദിവസം മുൻപ് ഹൈക്കോടതിയെ കാര്യങ്ങൾ ബോധിപ്പിച്ചു. എറണാകുളം എളങ്കുന്നപ്പുഴ പഞ്ചായത്ത് വിഭജിക്കുന്ന കേസിലാണിത്. സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ച് ജ‍‍സ്റ്റിസ് അമിത് റാവൽ കേസ് തീർപ്പാക്കുകയും ചെയ്തു.

ജനുവരി ഒന്നിനാണ് വാർഡ് വിഭജന ഓർഡിനൻസ് ഗവർണർക്ക് സർക്കാർ അയച്ചത്. ഓർഡിനൻസിനെ എതിർത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്തയച്ചു. 2021ൽ സെൻസസ് നടക്കുന്നതിനാൽ 2019 ഡിസംബർ 31നു ശേഷം പ്രാദേശിക ഘടകങ്ങളുടെ വിഭജനം പാടില്ലെന്ന കേന്ദ്ര നിർദേശമാണു ചെന്നിത്തല ചൂണ്ടിക്കാട്ടിയത്.

സർക്കാരിനോടു വിശദീകരണം ചോദിച്ച ഗവർണർ, മറുപടിയിൽ തൃപ്തനാകാത്തതിനാൽ ഓർഡിനൻസിൽ ഒപ്പുവച്ചില്ല. നേരിട്ടു കണ്ട മന്ത്രി എ.സി.മൊയ്തീനോടും ഒപ്പുവയ്ക്കാനാവില്ലെന്നു ഗവർണർ വിശദീകരിച്ചു. ഇക്കാര്യത്തിൽ ഗവർണറെ നിശിതമായി വിമർശിച്ച സർക്കാർ, വാർഡ് വിഭജന ബിൽ സഭയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

ALSO READ: പിണറായിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നത് വൻ വികസന മുന്നേറ്റം, മുഖ്യമന്ത്രിയെ പ്രശംസിച്ച് ഗവർണർ

ഹൈക്കോടതിയിലെ കേസ് ജനുവരി 7നായിരുന്നു. ജനസംഖ്യ 45,000 നു മുകളിലുള്ള പഞ്ചായത്തുകളെ വിഭജിക്കണമെന്നാണു നിയമം. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ജനസംഖ്യ 2005ൽ തന്നെ 60000 കടന്നു. പഞ്ചായത്ത് വിഭജനത്തിന് അപ്പോൾ കേസ് ഫയൽ ചെയ്തെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതിനാൽ സാധ്യമല്ലെന്നു സർക്കാർ വാദിച്ചു.

2020 ലെ തിരഞ്ഞെടുപ്പിനു മുൻപു വിഭജിക്കണമെന്നാണ് ഹൈക്കോടതി വിധിച്ചത്. വിധി നടപ്പാക്കാത്തതിനാൽ കേസ് 7നു പരിഗണിച്ചു. ഇതിൽ എന്തു നിലപാടു സ്വീകരിക്കണമെന്നു സർക്കാർ അഭിഭാഷകൻ തദ്ദേശ വകുപ്പിനോട് അഭിപ്രായം തേടി. സെൻസസ് നടക്കുന്നതിനാൽ വിഭജനം സാധ്യമല്ലെന്നാണ് സെക്രട്ടേറിയറ്റിൽ നിന്നു മറുപടി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button