KeralaLatest NewsNews

ബോംബേറിൽ കാലു തകർന്ന ആറുവയസുകാരി ഇനി ‍ഡോക്ടർ, കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷി അസ്ന ആഗ്രഹിച്ച നേട്ടം സ്വന്തമാക്കി

കണ്ണൂര്‍: വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ രാഷ്ട്രീയ സംഘർഷത്തിന്‍റെ ഭാഗമായി ഉണ്ടായ ബോംബേറില്‍ കാലു തകര്‍ന്ന ആറു വയസ്സുകാരി അസ്‌നയെ മലയാളികൾ മറക്കില്ല. ഇപ്പോൾ തന്‍റെ സ്വപ്ന നേട്ടം കൈവരിച്ചിരിക്കുകയാണ് അസ്ന. കണ്ണൂര്‍ ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായി അസ്‌ന ഇന്ന് ചുമതലയേല്‍ക്കും.

2000 സെപ്റ്റംബര്‍ 27നാണ് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അസ്നയ്ക്ക് ബിജെപി പ്രവര്‍ത്തകരുടെ ബോംബേറിലാണ് വലതുകാല്‍ നഷ്ടപ്പെട്ടത്. മൂന്നു മാസം വേദന കടിച്ചമര്‍ത്തി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ച സ്‌നേഹവും പരിചരണവുമാണ് ഡോക്ടറാവുക എന്ന ആഗ്രഹം അസ്നയിൽ വളര്‍ത്തിയത്.

തോളിലെടുത്താണ് അച്ഛന്‍ അസ്നയെ സ്‌കൂളിലെത്തിച്ചത്. കൃത്രിമക്കാല്‍ ലഭിച്ചതോടെ, അസ്നയുടെ ജീവിതത്തിനും നേട്ടങ്ങൾക്കും വേഗമേറി. ആഗ്രഹിച്ച പോലെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചു. അപ്പോഴും നാലാം നിലയിലെ ക്ലാസ് മുറിയിലേക്കു കയറുന്നത് വെല്ലുവിളിയായിരുന്നു. സർക്കാർ മെഡിക്കൽ കോളജില്‍ ലിഫ്റ്റ് സ്ഥാപിച്ച് ഇതിനും പരിഹാരം കണ്ടെത്തി.

പഠനത്തിനും ചികിത്സയ്ക്കുമായി നാട്ടുകാര്‍ 15 ലക്ഷം രൂപ സമാഹരിച്ചു നല്‍കിയിരുന്നു. ഡിസിസി വീടു നിര്‍മിച്ചു നല്‍കി. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ അസ്‌ന നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ താല്‍ക്കാലിക ജോലിക്കായി അപേക്ഷിച്ചിരുന്നു. അപേക്ഷകരില്‍ ഒന്നാം സ്ഥാനം നേടിയ അസ്‌നയ്ക്കു നിയമനം നല്‍കാന്‍ ഇന്നലെയാണു പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്.

shortlink

Post Your Comments


Back to top button