Latest NewsNewsIndia

നിങ്ങള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലേ? ഇല്ലെങ്കില്‍ സൂക്ഷിച്ചോളൂ, ഈ ദിവസം മുതല്‍ ബാങ്ക് ഇടപാട് നടത്താനാവില്ല

മുംബൈ: നിങ്ങള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലേ? ഇല്ലെങ്കില്‍ സൂക്ഷിച്ചോളൂ. ഫെബ്രുവരി 28നുമുമ്പ് കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇടപാടുകള്‍ നടത്താനാവില്ല. ഇത് സംബന്ധിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് എസ്ബിഐ അറിയിപ്പ് നല്‍കി. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിച്ചതായും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 2002 ലെ കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമത്തിലാണ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് കെവൈസി മാനദണ്ഡം നിര്‍ബന്ധമാക്കിയത്.

അക്കൗണ്ട് ഉടമകള്‍ കെവൈസി മാനദണ്ഡങ്ങള്‍ 2020 ഫെബ്രുവരി 28നുള്ളില്‍പാലിച്ചിരിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരുന്നു. അല്ലെങ്കില്‍ ബാങ്കുകള്‍ വന്‍തുക പിഴനല്‍കേണ്ടിവരുമെന്നും ആര്‍ബിഐയുടെ നിര്‍ദേശം നല്‍കിയിരുന്നു.

ബാങ്ക് കെവൈസി (ഇടപാടുകാരനെ അറിയുക) വളരെ നിസാര കാര്യമാണെന്ന് കരുതുന്നവര്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, പുതിയ കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ബാങ്കിങ് നടപടികളിലൊന്നാണ് കെവൈസി നല്‍കുകയെന്നത്. കെവൈസി ഒരിക്കല്‍ മാത്രം നല്‍കിയാല്‍ തീരാവുന്ന നടപടിയല്ല. കൃത്യമായ ഇടവേളകളില്‍ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) പുതുക്കികൊണ്ടേയിരിക്കണം. കെവൈസി സമര്‍പ്പിക്കാത്ത അക്കൗണ്ട് ഉടമകള്‍ക്ക് നടപടി പൂര്‍ത്തീകരിക്കാനായി കത്ത്, ഇ-മെയില്‍, എസ്എംഎസ് മുഖേന അറിയിപ്പുകള്‍ നല്‍കണമെന്നാണ് റിസര്‍വ് ബാങ്ക് നിയമം

കെവൈസി മാനദണ്ഡം പാലിക്കേണ്ടത് ഇങ്ങനയാണ്. ഉപഭോക്താവിനെ അറിയുക എന്നതാണ് കെവൈസികൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ ബാങ്കിന്റെ അടുത്തുള്ള ശാഖയില്‍ പോയി രേഖകള്‍ നല്‍കിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. ഇതിനായി പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും മതി വിലാസം തെളിയിക്കാന്‍. അതോടൊപ്പം ഏറ്റവും പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും മൊബൈല്‍ നമ്പറും നല്‍കിയാല്‍മതി.  പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ പുതുക്കിയിട്ടുണ്ടെങ്കില്‍ കെവൈസിയ്ക്ക് പുതിയ രേഖ തന്നെ ഉപയോഗിക്കുക. നിങ്ങളുടെ വീടിന്‍റെ മേല്‍ വിലാസത്തില്‍ മാറ്റമുണ്ടെങ്കില്‍ അത് ബാങ്കിന് നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button