Latest NewsIndia

ഡല്‍ഹി കോൺഗ്രസ് അദ്ധ്യക്ഷന്‍ രാജി വെച്ചു

തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്​' -അദ്ദേഹം പറഞ്ഞു.

ഡല്‍​ഹി: ഡല്‍​ഹി പിസിസി അദ്ധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജി വെച്ചു. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്നാണ് രാജി. തോല്‍വിയുടെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. ‘ജനവിധി മാനിക്കുന്നു. ഇനിയും ജനങ്ങള്‍ക്ക്​ വേണ്ടി പ്രവര്‍ത്തിക്കും. തോല്‍വിയും വിജയവും തെരഞ്ഞെടുപ്പിന്‍െറ ഭാഗമാണ്​. ഞങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നു. തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്​’ -അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിഭാഗീയത സൃഷ്ടിക്കാനാണ് ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും ശ്രമിച്ചതെന്നും ഒരുപരിധിവരെ അക്കാര്യത്തില്‍ ഇരുവരും വിജയിച്ചെന്നും സുഭാഷ് ചോപ്ര നേരത്തെ വിമര്‍ശിച്ചിരുന്നു. എന്നാലും, മതവര്‍ഗീയ ശക്തികള്‍ക്കൊപ്പമല്ല തങ്ങളെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ തെളിയിച്ചതാ‍യും അദ്ദേഹം പറഞ്ഞു. ഒറ്റ സീറ്റ് പോലും ഡല്‍ഹിയില്‍ കോണ്‍​ഗ്രസിന് നേടാന്‍ സാധിച്ചിരുന്നില്ല. 70 സീറ്റില്‍ 67 -ലും കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടമായിരുന്നു. 70 സീറ്റുകളിലും ദയനീയ പരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. രണ്ട് സീറ്റുകളില്‍ ഒഴികെ ബാക്കി എല്ലാ സീറ്റിലും കോണ്‍ഗ്രസ് മൂന്നാമതോ നാലാമതോ ആണ്.

ആറിലൊന്ന് വോട്ടുകള്‍ നേടാന്‍ കഴിയാത്തവര്‍ക്കാണ് കെട്ടിവച്ച കാശ് നഷ്ടപ്പെടുന്നത്.ഗാന്ധി നഗര്‍, ബാദ്‌ലി, കസ്തൂര്‍ബാ നഗര്‍ സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് ലഭിച്ചത്. ആം ആദ്മി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങിയ അല്‍ക്ക ലാംബയ്ക്ക് ചാന്ദ്‌നി ചൗക്കില്‍ പരാജയം നേരിട്ടു.2015-ല്‍ എ.എ.പി സ്ഥാനാര്‍ത്ഥിയായി വിജയിച്ച മണ്ഡലത്തില്‍ അല്‍ക്ക ലാംബയ്ക്ക് ഇത്തവണ കെട്ടിവച്ച കാശ് പോലും തിരിച്ചുപിടിക്കാനായില്ല. 2015-ല്‍ 9.65 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ് അഞ്ച് ശതമാനത്തില്‍ താഴെയായി ഒതുങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button