KeralaLatest NewsNews

ബോട്ടിൽ നിന്ന് പിടിവിട്ട് കടലിൽ വീണു; നീന്തി കൈ തളര്‍ന്നപ്പോൾ തിരകളില്‍ ബാലന്‍സ് ചെയ്ത് പൊങ്ങിക്കിടന്നു; സാമുവലിന് കടലമ്മ കാവല്‍ നിന്നത് ഒരു രാത്രിയും പകലും ; ഒരു അത്ഭുത രക്ഷപെടലിന്റെ കഥ

കൊല്ലം: ബോട്ടില്‍നിന്നു പിടിവിട്ടു വീണ സാമുവല്‍ എന്ന മത്സ്യത്തൊഴിലാളിയെ കടലമ്മ സംരക്ഷിച്ചത് 18 മണിക്കൂര്‍. ആത്മവീര്യം ചോരാതെ നീന്തിയും തളർന്നപ്പോൾ അനങ്ങാതെ മലർന്നു കിടന്നും അലറി വിളിച്ചും കടലിൽ കഴിഞ്ഞ സാമുവലിനെ ഒരു രാത്രിയ്ക്കും പകലിനും ശേഷമാണ് ഒരു ബോട്ട് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ശക്തികുളങ്ങരയില്‍നിന്നു 10 പേരുമായി പോയ ‘ദീപ്തി’ എന്ന ബോട്ടിലെ തൊഴിലാളിയാണ് സാമുവൽ. രാവിലെ നാലു മണിയോടെയാണ് ബോട്ടിന്റെ വശത്തെ പെട്ടിപ്പുറത്തുകിടന്നുറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവരും ഉറക്കത്തിലായിരുന്നു.

Read also: സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം

തണുത്ത കാറ്റ് അടിച്ചപ്പോൾ അകത്തു കയറിക്കിടക്കാൻ എഴുന്നേറ്റതാണ്. പക്ഷെ പിടിവിട്ട് കടലിൽ വീഴുകയായിരുന്നു. അലറിവിളിച്ചെങ്കിലും ബോട്ട് മുന്നോട്ട് പോയതിനാൽ ആരും കേട്ടില്ല. പിന്നാലെ കുറേ നീന്തി. നനഞ്ഞ വേഷവുമായി നീന്താൻ പറ്റാതായപ്പോൾ ബർമുഡയും ടീഷർട്ടും ഊരിക്കളഞ്ഞു. നീന്തി നീന്തി കൈ തളര്‍ന്നപ്പോൾ തിരകളില്‍ ബാലന്‍സ് ചെയ്ത് പൊങ്ങിക്കിടന്നു. ഒരു പകല്‍ മുഴുവനും പിന്നിട്ടിട്ടും ആരും രക്ഷിക്കാൻ എത്താത്തത് മനസ്സിൽ ഭയം നിറച്ചു. ഒരു പകല്‍ മുഴുവന്‍ അങ്ങനെ നീന്തിയും മലര്‍ന്നു കിടന്നും ദൈവത്തെ വിളിച്ചു. സന്ധ്യ ആയതോടെ നീട്ടുവല ഇടുന്ന വള്ളക്കാരിലായി പിന്നെ പ്രതീക്ഷ. അവർ കിഴക്കുണ്ടാകും. അങ്ങനെ കിഴക്കോട്ടു നീന്തി. രാത്രിയായി. അവസാനം ദൂരെയൊരു ബോട്ട് കണ്ടു. ഉറക്കെ വിളിച്ചപ്പോൾ അവർ രക്ഷിക്കാനായെത്തി. ‘യേശു ആരാധ്യൻ’ എന്ന ബോട്ട് സാമുവലിനെ രക്ഷിക്കുമ്പോൾ സമയം രാത്രി 10.30 ആയിരുന്നു. അതായത് കടലിൽ വീണിട്ട് 18 മണിക്കൂർ. 12.30 ഓടെ കരയ്‌ക്കെത്തിയ ബോട്ടിൽ നിന്നും സാമുവലിനെ ഉടന്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സാമുവൽ വീണതെന്ന് കരുതിയ സ്ഥലം ബോട്ടുകാർ അറിയിച്ചത് തെറ്റിപ്പോയിരുന്നു. ഇത് കോസ്റ്റ് ഗാർഡിന് യുവാവിനെ കണ്ടെത്താൻ തിരിച്ചടിയായി. എങ്കിലും ഞാനറിയുന്ന കടൽ എന്നെ കൈവിട്ടില്ലല്ലോ എന്നാണ് സാമുവലിന്റെ ആശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button