Latest NewsNewsFootballSports

ഫുട്ബോളിനു നാണക്കേട് ആയി കളിക്കളത്തില്‍ വീണ്ടും ഒരു താരത്തിന് നേരെ കൂടി വംശീയ അധിക്ഷേപം

ഫുട്ബോളിനു നാണക്കേട് ആയി കളിക്കളത്തില്‍ വീണ്ടും ഒരു താരം കൂടി വംശീയ അധിക്ഷേപത്തിനു വിധേയമായി. പോര്‍ച്ചുഗീസ് ക്ലബ് പോര്‍ട്ടോയുടെ താരമായ മൂസ മരേഗയാണ് ആരാധകരുടെ വംശീയ വെറിക്ക് ഇത്തവണ ഇരയായത്. 28 കാരന്‍ ആയ മാലി താരം വിക്ടോറിയ ഗുയിമാരെസുമായുള്ള മത്സരത്തിന് ഇടയില്‍ ആണ് സംഭവം. പോര്‍ട്ടോ 2-1 നു ജയിച്ച മത്സരത്തില്‍ 60 മത്തെ മിനുട്ടില്‍ വിജയ ഗോള്‍ നേടിയ ശേഷമാണ് താരം വംശീയ വെറിക്ക് ഇരയായത്.

മത്സരത്തിന്റെ തുടക്കം മുതല്‍ തങ്ങളുടെ മുന്‍ താരം കൂടിയായ മൂസയെ അധിക്ഷേപിച്ച് തുടങ്ങിയിരുന്നു വിക്ടോറിയ ആരാധകര്‍. എന്നാല്‍ താരം ഗോള്‍ നേടിയ ശേഷം ഇത് കടുത്തു. കുരങ്ങിന്റെ ശബ്ദവും താരത്തിന് എതിരെ മോശം പദങ്ങളും ഗാലറിയില്‍ നിന്ന് ഉയര്‍ന്നു. ഇതോടെ സകല ക്ഷമയും നഷ്ടമായ മൂസ 69 മിനുട്ടില്‍ മത്സരം സ്വയം മതിയാക്കി കളം വിടാന്‍ തീരുമാനിക്കുകയായിരുന്നു. താരത്തെ തടയാന്‍ സഹതാരങ്ങള്‍ ശ്രമിച്ചു എങ്കിലും കളത്തില്‍ തുടരാന്‍ താരം തയ്യാറാകാതിരുന്നതോടെ താരത്തെ പിന്‍വലിക്കാന്‍ പോര്‍ട്ടോ പരിശീലകന്‍ നിര്‍ബന്ധിതനായി.

ഗാലറിയിക്ക് നേരെ നെടു വിരല്‍ ഉയര്‍ത്തി കാണിച്ച താരം തന്റെ ദേഷ്യം കളത്തില്‍ പ്രകടിപ്പിക്കാനും മറന്നില്ല. തനിക്ക് മഞ്ഞ കാര്‍ഡ് നല്‍കിയ റഫറിയേയും വിമര്‍ശിച്ച താരം വംശീയ വെറിയന്മാര്‍ ആയ കാണികള്‍ നാണക്കേട് ആണെന്ന് തുറന്നടിച്ചു. പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ തന്റെ നിരാശ പങ്ക് വച്ച താരം വംശീയ അധിക്ഷേപങ്ങള്‍ നടത്തുന്നവര്‍ വിഡ്ഢികള്‍ ആണെന്നും പ്രതികരിച്ചു. ഇനി ഒരിക്കലും ഇത്തരക്കാരെ തനിക്ക് ഫുട്ബോള്‍ കളത്തില്‍ കാണാതിരിക്കട്ടെ എന്ന പ്രത്യാശയും താരം പങ്കുവെച്ചു. വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത് എന്ന് പ്രതികരിച്ച പോര്‍ട്ടോ പരിശീലകന്‍ സെര്‍ജിയോ ഏത് രാജ്യക്കാരനാണെങ്കിലും തൊലി നിറം ഏതായാലും എല്ലാവരും മനുഷ്യര്‍ ആണെന്നും ഒരേ കുടുംബം ആണെന്നും എല്ലാവരും ബഹുമാനം അര്‍ഹിക്കുന്നുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.

shortlink

Post Your Comments


Back to top button