Latest NewsNewsDevotional

ചതുര്‍വേദങ്ങളില്‍ നാലാമത്തേത് അഥര്‍വവേദം

ചതുര്‍വേദങ്ങളില്‍ നാലാമത്തേത്. അഥര്‍വാംഗിരസ്, അഥര്‍വാണം, ബ്രഹ്മവേദം എന്നിങ്ങനെ മറ്റു പല പേരുകളിലും അറിയപ്പെടുന്നു. ഇവയില്‍ അഥര്‍വാംഗിരസ്സെന്ന പേര് പ്രാചീനവും ബ്രഹ്മവേദം എന്നത് ആധുനികവുമാണ്. അഥര്‍വവേദം എന്ന പേര് അതിലെ പ്രതിപാദ്യത്തെ ആധാരമാക്കിയുള്ളതല്ല. അഥര്‍വന്‍ എന്ന ഒരു ഋഷിയില്‍നിന്നാണ് ഈ പേരിന്റെ ഉത്പത്തി.

മറ്റു വേദങ്ങളെപ്പോലെ അഥര്‍വവേദവും അപൌരുഷേയമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതു രചിച്ച ഋഷിയെപ്പറ്റിയോ മന്ത്രദ്രഷ്ടാവിനെപ്പറ്റിയോ ചരിത്രദൃഷ്ട്യാ അസന്ദിഗ്ധമായി ഒന്നും പറയുവാന്‍ നിവൃത്തിയില്ല. അഥര്‍വവേദത്തിന്റെ സര്‍വാനുക്രമണികയിലെ മന്ത്രദ്രഷ്ടാവിനെപ്പറ്റിയുള്ള കഥ വിശ്വാസയോഗ്യമായി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടില്ല. അഥര്‍വനും ബ്രഹ്മാവുമാണ് മന്ത്രദ്രഷ്ടാക്കളില്‍ പ്രമുഖന്മാര്‍. ഭൃഗു, അംഗിരസ്സ്, വസിഷ്ഠന്‍, ഭാരദ്വാജന്‍, ശൌനകന്‍, പ്രജാപതി തുടങ്ങിയവര്‍ ഇതിലെ മറ്റു മന്ത്രദ്രഷ്ടാക്കളാണ്. അഥര്‍വന്‍ ഏകദേശം 180-ല്‍ പരം മന്ത്രങ്ങളുടെയും ബ്രഹ്മാവ് 75-ല്‍പ്പരം മന്ത്രങ്ങളുടെയും ദ്രഷ്ടാക്കളാണ്. അഥര്‍വനും ബ്രഹ്മാവും ദര്‍ശിച്ച മന്ത്രങ്ങള്‍ കൂടുതലുള്ളതുകൊണ്ടാവാം ഇതു അഥര്‍വവേദമെന്നും ബ്രഹ്മവേദമെന്നും വ്യവഹരിക്കപ്പെടുന്നത്.

അഥര്‍വവേദത്തിലെ പ്രതിപാദ്യം വളരെ പഴക്കമേറിയതാണെങ്കിലും അതിന്റെ രചന അത്ര പ്രാചീനമല്ല. ഋഗ്യജുസ് സാമവേദങ്ങള്‍ക്ക് ശേഷമായിരിക്കണം ഇതിന്റെ രചനാകാലം. ശതപഥബ്രാഹ്മണത്തിലും ഛാന്ദോഗ്യോപനിഷത്തിലുമുള്ള സൂചനകളില്‍നിന്നും അഥര്‍വവേദം ഇവയ്ക്ക് മുമ്പുതന്നെ ഉണ്ടായിരുന്നു എന്നനുമാനിക്കാം. പതഞ്ജലി വേദങ്ങളെപ്പറ്റി പറയുമ്പോള്‍ അഥര്‍വവേദത്തെപ്പറ്റി ആദ്യം പറയുന്നുണ്ട്. അഥര്‍വാംഗിരസ്സെന്ന ഇതിന്റെ ആദ്യത്തെ നാമം സംഹിതയില്‍തന്നെ നിര്‍ദേശിച്ചുകാണുന്നു.

അഥര്‍വവേദമെന്ന് ആദ്യമായി വ്യവഹരിക്കപ്പെടുന്നത് ഗൃഹ്യസൂത്രങ്ങളിലാണ്. ഒരുപക്ഷേ അഥര്‍വവേദത്തിന് ഒരു വേദത്തിന്റെ പദവി നേടിയെടുക്കാന്‍ കുറേക്കാലം വേണ്ടിവന്നിരിക്കും. ഋഗ്വേദത്തിലെ അന്തിമമണ്ഡലത്തിന്റെ രചനാകാലംവരെ ഇത് ഒരു പ്രത്യേക വേദമായി അംഗീകരിക്കപ്പെട്ടിരുന്നുവോ എന്നു സംശയിക്കപ്പെടുന്നു. പുരുഷസൂക്തത്തില്‍ അഥര്‍വവേദത്തെപ്പറ്റി മാത്രം പറയാത്തതും ഇതിന് ഉപോദ്ബലകമാണ്. യജുര്‍വേദം ശുക്ളയജുര്‍വേദമെന്നും കൃഷ്ണയജുര്‍വേദമെന്നും രണ്ടായി പിരിഞ്ഞ കാലഘട്ടമായിരിക്കും അഥര്‍വവേദത്തിന്റെ രചനാകാലമെന്ന് പൊതുവേ കരുതപ്പെടുന്നു.

അഥര്‍വവേദത്തിന് 9 ശാഖകളുണ്ടെന്ന് ഭാഷ്യകാരനായ പതഞ്ജലിയും വേദവ്യാഖ്യാതാവായ സായണനും പറയുന്നു (1) പൈപ്പലാദം (2) ശൌനകം (3) തൌദം (4) മൌദം (5) ജലദം (6) ജാജലം (7) ബ്രഹ്മപദം (8) ദേവദര്‍ശം (9) ചാരണവൈദ്യം എന്നിവയാണ് അവ. എന്നാല്‍ പൈപ്പലാദം, ശൌനകം എന്നീ രണ്ടു ശാഖകള്‍ മാത്രമേ ഇപ്പോള്‍ നിലവിലുള്ളു. പിപ്പലാദനാണ് പൈപ്പലാദശാഖയുടെ വിധായകന്‍. പ്രശ്നോപനിഷത്തിലെ ആദ്യത്തെ മന്ത്രത്തിലുള്ള ‘ഭഗവന്തം പിപ്പലാദ മുപസന്നാ’ എന്ന സൂചനയൊഴിച്ചാല്‍ പിപ്പലാദനെപ്പറ്റി വ്യക്തമായ അറിവുകളൊന്നും ഇല്ല. ഇപ്പോള്‍ പ്രചാരത്തിലുള്ളത് ശൌനകശാഖയിലുള്ള അഥര്‍വവേദമാണ്. ഋഗ്വേദത്തിന്റെ ഏഴ് അനുക്രമണികകള്‍ ഒരു ശൌനകന്‍ രചിച്ചതാണ്. ‘അതിധന്വാ ശൌനകഃ’, ‘ശൌനകഃ കാ പേയഃ’ എന്നും മറ്റും ഛാന്ദോഗ്യോപനിഷത്തിലും പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button