KeralaLatest NewsNewsIndia

പ്രതിസന്ധി രൂക്ഷം: മൊബൈല്‍ സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി കമ്പനികള്‍

മുംബൈ: ഉപയോക്താക്കള്‍ക്ക് തിരിച്ചടിയായി രാജ്യത്തെ ടെലികോം കമ്പനികള്‍ സേവനനിരക്കുകള്‍ ഉയര്‍ത്തുന്നു. പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇത്തരത്തിലൊരു തീരുമാനം. കമ്പനികളുടെ ദീര്‍ഘകാലനിലനില്‍പ്പിന് തന്നെ നിരക്ക് വര്‍ധന അനിവാര്യമാണെന്നാണ് കണക്കുകൂട്ടല്‍.

ഒരു ഉപഭോക്താവില്‍നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം ഉയരാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ്  കമ്പനികള്‍ പറയുന്നത്. എജിആര്‍ കുടിശ്ശികയുടെ പേരില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന കമ്പനിയാണ് വൊഡാഫോണ്‍ ഐഡിയ. സര്‍ക്കാര്‍ സഹായത്തോടെ കമ്പനിയെ ഇപ്പോള്‍ രക്ഷിച്ചെടുത്താലും ഉയര്‍ന്ന കടബാധ്യതയുള്ള കമ്പനിക്ക് ആറു മാസത്തിലധികം മുന്നോട്ടു പോകാനാകില്ലെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് വരുമാനം ഉയര്‍ത്തുകയല്ലാതെ മറ്റുവഴികളില്ലെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ടെലികോം കമ്പനികളെ സഹായിക്കാന്‍ പ്രത്യേകനിധി തയ്യാറാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതില്‍നിന്ന് വായ്പയെടുത്ത് എജിആര്‍ കുടിശ്ശിക തീര്‍ക്കാനാണ് ആലോചന. സ്പെക്ട്രം യൂസേജ് ചാര്‍ജും ലൈസന്‍സ് ഫീയും അടയ്ക്കുന്നതിനുള്ള സമയം നീട്ടിനല്‍കുന്നതാണ് ചര്‍ച്ചയിലുള്ള മറ്റൊരുവഴി. ധനമന്ത്രിയെയും ടെലികോം സെക്രട്ടറിയെയും കണ്ട് ചര്‍ച്ച നടത്തിയ ടെലികോം കമ്ബനി മേധാവികള്‍ നല്‍കിയ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്.

സ്‌പെക്ട്രം ലൈസന്‍സ് ഫീസുള്‍പ്പെടെ 1.47 ലക്ഷം കോടി രൂപ കുടിശ്ശിക വരുത്തിയ വിവിധ ടെലികോം കമ്പനികള്‍ക്ക് സുപ്രീം കോടതി അന്ത്യ ശാസനം നല്‍കിയതോടെയാണ് ടെലികോം മേഖല പ്രതിസന്ധിയിലായിലായത്. വോഡാഫോണ്‍ ഐഡിയ ഗ്രൂപ്പിന്റെ രാജ്യത്തെ പ്രവര്‍ത്തനം വരും ആഴ്ചകളില്‍ തന്നെ തകര്‍ച്ചയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. പ്രതിസന്ധി മൂലം കമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന സ്ഥിതിവിശേഷം വരികയും ചുരുങ്ങിയ കമ്പനികളിലേക്ക് മേഖല ഒതുങ്ങുകയും ചെയ്താല്‍ ഈ രംഗത്തെ ധനകാര്യ സേവന മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button