KeralaLatest NewsNews

ശരണ്യയുടെ വീടിന് പിന്നില്‍ എന്തിന് ആ രാത്രി അയാള്‍ എത്തി, സംശയം പ്രകടിപ്പിച്ച് നാട്ടുകാരും; ഒന്നര വയസുകാരന്റെ കൊലയ്ക്കു പിന്നില്‍ കാമുകനോ?

കണ്ണൂര്‍: കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസ്സുകാരന്‍ വിയാനെ കടലോരത്തെ കരിങ്കല്‍ക്കെട്ടിലെറിഞ്ഞ് കൊലപ്പെടുത്തിയ  കേസില്‍ അറസ്റ്റിലായ ശരണ്യയുടെ കാമുകനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. കാമുകനെ ഇന്നലെ ചോദ്യം ചെയ്യനായി വിളിപ്പിച്ചിരുന്നെങ്കിലും പോലീസിനു മുന്നില്‍ ഹാജരായില്ല. ”സ്ഥലത്തില്ല” എന്നാണു പോലീസിനെ അറിയിച്ചത്. ഒളിവില്‍ പോയതാണോ എന്നു സംശയിക്കുന്നുണ്ടെങ്കിലും ഇന്നു ചോദ്യംചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ച് പുതിയ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തായ യുവാവുമായാണു ശരണ്യക്ക് അടുപ്പമുള്ളത്.

കൊലപാതകത്തില്‍ ഭര്‍ത്താവ് പ്രണവിനോ കാമുകനോ പങ്കില്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാരംവലിയന്നൂര്‍ സ്വദേശിയായ ഇയാളെ സംഭവം നടന്നതിന്റെ തലേന്നു രാത്രിയില്‍ ശരണ്യയുടെ വീടിനടുത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടിരുന്നതായി പോലീസിനു മൊഴി ലഭിച്ചിരുന്നു. പന്തികേട് തോന്നിയ നാട്ടുകാരന്‍ എന്താ ഇവിടെ എന്ന് ചോദിക്കുകയും ചെയ്തു. മെയിന്‍ റോഡില്‍ പൊലീസ് പരിശോധനയുണ്ട്, താന്‍ മദ്യപിച്ചിട്ടുള്ളതിനാല്‍ അതുവഴി പോകാനാകില്ല എന്നും പറഞ്ഞ് അല്‍പസമയത്തിന് ശേഷമാണ് യുവാവ് അവിടെനിന്നും പോയത്. ദൃക്സാക്ഷി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ദൃശ്യങ്ങളില്‍ അയാള്‍ ബൈക്കുമായി പോകുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഇയാള്‍ ശരണ്യയെ പ്രേരിപ്പിച്ചിരുന്നോ എന്നു കണ്ടെത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് അന്വേഷണം. ഇവരുടെ കൂടുതല്‍ മൊബൈല്‍ സംഭാഷണങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് പ്രണവ്-ശരണ്യ ദമ്പതികളുടെ ഒന്നര വയസ്സുകാരന്‍ മകന്‍ വീയാനെ തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ക്കെട്ടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് അമ്മയാണ് കൊലപാതകിയെന്ന് തെളിഞ്ഞത്. കുഞ്ഞിനെ കൊല്ലാനായി പല ദിവസങ്ങളിലായി അവസരത്തിനായി ശരണ്യ കാത്തിരിക്കുകയായിരുന്നു. കടലിലെറിഞ്ഞ് കൊല്ലാനായിരുന്നു ശരണ്യ പദ്ധതിയിട്ടത്. ഭര്‍ത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെയെടുത്ത് ശരണ്യ കടപ്പുറത്തേക്ക് പോയി. കുഞ്ഞ് കരഞ്ഞപ്പോള്‍ വായ് കൈകള്‍ കൊണ്ട് പൊത്തിവച്ചു. കടലില്‍ എറിയാന്‍ ശ്രമിച്ചെങ്കിലും ജഡം ഒഴുകി വന്നേക്കുമെന്ന ഭയമായി. അങ്ങനെ കടല്‍ഭിത്തിയില്‍ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാമുകനൊപ്പം ജീവിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ വെളിപ്പെടുത്തിയത്.

ശരണ്യയും കാമുകനും ചേര്‍ന്ന് കണ്ണൂര്‍ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കില്‍നിന്നു വായ്പയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close